Latest News

നവ മാധ്യമങ്ങളില്‍ കഞ്ചാവ് മാഫിയകളുടെ ഓണ്‍ലൈന്‍ വ്യാപാരം

കാസര്‍കോട്:[www.malabarflash.com] വിപണനത്തിന്റെ സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് ചുവടുറപ്പിക്കുകയാണ്.

കേരളത്തിന്റെ ഏതു കോണിലേക്കും മിനുട്ടുകള്‍ക്കുള്ളില്‍ കഞ്ചാവ് എത്തിച്ച് നല്‍കുമെന്നാണ് വാഗ്ദാനം. യുവാക്കളേയും കൗമാരക്കാരെയും ആകര്‍ഷിക്കുന്ന തരത്തില്‍ വാട്‌സ്ആപ്പില്‍ ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് കഞ്ചാവ് വില്‍പ്പന ശൃംഖല കെട്ടിപ്പടുക്കുന്നത്. 

കഞ്ചാവിനോട് ആഭിമുഖ്യം ഉള്ളവര്‍ക്കും കഞ്ചാവ് ഉപയോഗത്തിന്റെ പരമോന്നതിയില്‍ ഉള്ളവര്‍ക്കും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകള്‍ തന്നെയുണ്ട്. ഇതില്‍ കഞ്ചാവിനോട് തല്‍പ്പര്യമുള്ളവര്‍ക്കുള്ള വാട്ട്‌സാപ്പില്‍ ഗ്രൂപ്പുകള്‍ കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

റിക്വസ്റ്റ് അയച്ചാല്‍ ഉടന്‍ ഗ്രൂപ്പില്‍ അംഗമാക്കും. ഇതോടെ നൂറിലധികം വരുന്ന സംഘത്തില്‍ നിങ്ങളും ഒരംഗമാകും. കഞ്ചാവിന്റെയും ഹാഷിഷിന്റെയും ആകര്‍ഷകങ്ങളായ ഫോട്ടോകളും ബോബ് മാര്‍ലിയുടെതുള്‍പ്പടെ ത്രസിപ്പിക്കുന്ന പാട്ടുകളും ഗ്രൂപ്പില്‍ വന്ന് നിറഞ്ഞ് കൊണ്ടേയിരിക്കും. കഞ്ചാവ് ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പില്‍ അന്വേഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യാം പുതിയ അംഗങ്ങള്‍ക്ക് ഉപയോഗിക്കേണ്ട രീതിയും പഠിപ്പിച്ചു തരും. കേരളത്തിലെവിടെയും നിമിഷം നേരം കൊണ്ട് എത്തിച്ചു തരുന്നതാണ് നെറ്റ്‌വര്‍ക്ക്.
എന്നാല്‍ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന മറ്റു ചില ഗ്രൂപ്പുകളില്‍ നടക്കുന്നത് ഊഹിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ്. ഫോട്ടോകളും വീഡിയോകളും കണ്ടിഷ്ടപ്പെട്ടു സാധനം വാങ്ങാം. എത്ര അളവിലും ഏതു സമയത്തും എത്തിച്ചു നല്‍കും. സോഷ്യല്‍ മീഡിയ വ്യാപരത്തിന്റെ സാധ്യതകള്‍ കഞ്ചാവ് ലോബികള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 

വ്യത്യസ്ത തലത്തില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് വിദ്യാര്‍ത്ഥികളെ അവര്‍ പോലും അറിയാതെ വ്യാപാര ശൃംഖലയുടെ ഭാഗമാക്കി മാറ്റുകയാണ് കഞ്ചാവ് ലോബികള്‍. സോഷ്യല്‍ മീഡിയയിലൂടെ അതിവേഗത്തിലാണ് വിദ്യാര്‍ഥികള്‍ കഞ്ചാവ് ലഹരിയുടെ അടിമകളാകുന്നത്. 

ഇത്തരം വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ചെറുതും വലുതുമായി കഞ്ചാവിന്റെ കൈമാറ്റം നടന്നു കൊണ്ടെയിരിക്കുമ്പോള്‍ ആത്യന്തികമായി വ്യാപാര സൂചിക കുത്തനെ ഉയരുന്നു എന്നതാണ് വന്‍കിട കഞ്ചാവ് മാഫിയകളുടെ വ്യാപാര തന്ത്രം.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.