Latest News

തെയ്യം കാണാനോ മഞ്ഞനടുക്കത്ത് കോലം ധരിക്കാനോ ഇനി മഡിയന്‍ ചിങ്കമില്ല

അജാനൂര്‍:[www.malabarflash.com] തെയ്യത്തിന് ഒരുക്കങ്ങള്‍ നടത്താനോ കൂടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കാനോ തെയ്യക്കോലം ധരിച്ച് നിറഞ്ഞാടാനോ മഡിയന്‍ ചിണ്ടന്‍ ചിങ്കം മഞ്ഞനടുക്കത്തേക്കില്ല. അദ്ദേഹത്തെ മരണം തട്ടിയെടുത്തത് പാണത്തൂര്‍ മഞ്ഞനടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം തുടങ്ങുന്ന ദിവസം.

കടുത്ത ശ്വാസതടസ്സം മൂലം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സക്കിടെ മഡിയന്‍ ചിങ്കം മരണപ്പെട്ടത്. മഞ്ഞനടുക്കം ക്ഷേത്രത്തിലെ ഉത്സവത്തിന് ചൊവ്വാഴ്ചയായിരുന്നു തുടക്കം. പ്രായാധിക്യം മൂലം കഴിഞ്ഞ അഞ്ചാറുവര്‍ഷമായി മഞ്ഞനടുക്കത്തും മറ്റും തെയ്യക്കോലം ധരിക്കാതെ കാഴ്ചക്കാരനായും മേല്‍നോട്ടക്കാരനായും എത്താറുണ്ടായിരുന്നു മഡിയന്‍ ചിങ്കം. ഈ ക്ഷേത്രത്തിലെ ആചാരക്കാരനാണ് അദ്ദേഹം. 

പ്രധാന മൂര്‍ത്തിയായ തുളുര്‍വനത്ത് ഭഗവതിയുടെ തെയ്യക്കോലം വര്‍ഷങ്ങളോളം കെട്ടിയാടിയത് മഡിയന്‍ ചിണ്ടന്‍ ചിങ്കമായിരുന്നു. പിന്നീട് മരുമക്കളുള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ക്ക് അതിനുള്ള നിയോഗം ചിണ്ടന്‍ ചിങ്കം ഒരുക്കിക്കൊടുക്കുകയായിരുന്നു.
കളിയാട്ടം നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ തന്നെ ചിണ്ടന്‍ ചിങ്കത്തിന്റെ മരുമക്കളും മറ്റും രാവിലെ തന്നെ മഞ്ഞനടുക്കം ക്ഷേത്രത്തിലെത്തിയിരുന്നു. ചിങ്കത്തിന്റെ മരണ വിവരമറിഞ്ഞ് അവരൊക്കെ കിഴക്കുംകര മണലിലെ വീട്ടിലേക്ക് തിരിച്ചെത്തി. ചൊവ്വാഴ്ച തുടങ്ങിയ കളിയാട്ട മഹോത്സവം 15 നാണ് സമാപിക്കുക. 

ചിങ്കം മരണപ്പെട്ട സാഹചര്യത്തില്‍ ഹൈന്ദവ സംസ്‌കാരം അനുസരിച്ച് ബന്ധുക്കള്‍ക്ക് ചുരുങ്ങിയത് മൂന്നുദിവസം വാലായ്മയാണ്. ഈ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുകയോ തെയ്യക്കോലങ്ങള്‍ ധരിക്കുകയോ പാടില്ലെന്നാണ് ചട്ടം. പതിനൊന്നാം തീയതിയോടെ വാലായ്മ അവസാനിക്കും. അതിന് ശേഷം മഡിയന്‍ ചിണ്ടന്‍ ചിങ്കത്തിന്റെ മരുമക്കള്‍ക്കും മറ്റും മഞ്ഞനടുക്കം തുളൂര്‍വന ക്ഷേത്രത്തില്‍ പ്രവേശിക്കാനും തെയ്യക്കോലം ധരിക്കാനും കഴിയും.
പ്രധാന തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തുന്നത് 12 നാണ്. തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ പ്രധാന തെയ്യക്കോലങ്ങള്‍ ക്ഷേത്രത്തില്‍ കെട്ടിയാടും. മഞ്ഞനടുക്കം ക്ഷേത്രത്തില്‍ മൂന്ന് ആചാരക്കാരാണുള്ളത്. ചൊവ്വാഴ്ച മരണപ്പെട്ട മഡിയന്‍ ചിണ്ടന്‍ ചിങ്കം, മഡിയന്‍ പുല്ലൂരാന്‍, മഡിയന്‍ കര്‍ണന്‍ എന്നിവരാണിവര്‍. മഡിയന്‍ കര്‍ണനാണ് മുന്നായരീശ്വരന്റെ തെയ്യക്കോലം ധരിക്കാറുള്ളത്. ചിണ്ടന്‍ ചിങ്കത്തിന്റെ മരണം ഉത്സവത്തെ ബാധിക്കില്ലെന്ന് മഞ്ഞനടുക്കം ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.