Latest News

പട്ടാപ്പകല്‍ ഉടമയെ മുളക് പൊടി വിതറി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം

കാഞ്ഞങ്ങാട്:[www.malabarflash.com] കോട്ടച്ചേരി നഗര ഹൃദയത്തിലെ ജ്വല്ലറിയില്‍ ഉടമയുടെ മുഖത്ത് മുളക് പൊടി വിതറി പട്ടാപ്പകല്‍ കവര്‍ച്ചാശ്രമം. കോട്ടച്ചേരിയില്‍ അശോക് മഹല്‍ ലോഡ്ജിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നിത്യാനന്ദാ ജ്വല്ലറിയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കവര്‍ച്ചാശ്രമം നടന്നത്.

സ്വര്‍ണ്ണ മോതിരം വാങ്ങാനെന്ന വ്യാജേന മൂന്നംഗ സംഘം ഉച്ചയോടെ രണ്ട് തവണ ജ്വല്ലറിയിലെത്തിയിരുന്നു. ആദ്യ തവണ ജ്വല്ലറിയിലെത്തിയപ്പോള്‍ ഉടമ അലാമിപ്പള്ളിയിലെ നിത്യാനന്ദ ഷേണായിയും സുഹൃത്തുക്കളും സ്ഥാപനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് തിരിച്ചു പോയ സംഘം അല്‍പ്പ സമയത്തിന് ശേഷം നിത്യാനന്ദ ഷേണായി തനിച്ചാണ് ജ്വല്ലറിയിലുള്ളത് എന്ന് ഉറപ്പ് വരുത്തി ജ്വല്ലറിയിലെത്തുകയും സ്വര്‍ണ്ണ മോതിരം ആവശ്യപ്പെടുകയും ചെയ്തു. 

ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നിത്യാനന്ദ ഷേണായി മൂവര്‍ സംഘത്തെ ഒഴിവാക്കാന്‍ ശ്രമം നടത്തി. ഇതിനിടയില്‍ പൊടുന്നനെ സംഘം നിത്യാനന്ദ ഷേണായിയുടെ മുഖത്ത് മുളക് പൊടി വിതറി ആഭരണങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായുള്ള അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിത്യാനന്ദ ഷേണായി ഒച്ച വെക്കുകയും പരിസര വാസികള്‍ ജ്വല്ലറിയിലേക്ക് ഓടിയെത്തുകയും ചെയ്തതോടെ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് മൂവര്‍ സംഘം ജ്വല്ലറിയില്‍ നിന്നും പുറത്തേക്കോടി. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചുമട്ട് തൊഴിലാളികളും മറ്റും കവര്‍ച്ചക്കാരുടെ പിറകേ ഓടി കവര്‍ച്ചാ സംഘത്തില്‍പെട്ടവരില്‍ ഒരാളെ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും മറ്റൊരാളെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ചാടിക്കയറുന്നതിനിടയിലും പിടികൂടി. 

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തി. പോലീസും നാട്ടുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കവര്‍ച്ചാ സംഘത്തില്‍പെട്ട മൂന്നാമനെ പിടികൂടാന്‍ കഴിഞ്ഞില്ല. അന്യ സംസ്ഥാന തൊഴിലാളികളാണ് കവര്‍ച്ചക്കാരെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
ഇവര്‍ യുപി സ്വദേശികളാണെന്നും പറയപ്പെടുന്നു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. പട്ടാപ്പകല്‍ നഗര ഹൃദയത്തില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം നടന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.