Latest News

എന്‍.ഷംസുദ്ധീനെതിരെ കാന്തപുരത്തിന്റെ ആഹ്വാനം; മണ്ണാര്‍ക്കാട് ഇരട്ട കൊലപാതകം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നു

മലപ്പുറം:[www.malabarflash.com] മണ്ണാര്‍ക്കാട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകികളെ രക്ഷിച്ചവര്‍ക്കു വോട്ടില്ലെന്ന ആഹ്വാനവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തെത്തിയതോടെ മണ്ണാര്‍ക്കാട് ഇരട്ട കൊലപാതകം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഞായറാഴ്ചയാണ് കാന്തപുരം മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദ്ധീനെതിരെ ആഹ്വാനവുമായി രംഗത്തു വന്നത്. ഏതെങ്കിലും കക്ഷിയെ പിന്തുണക്കുന്നത് സമസ്തയുടെ നയമല്ലെന്നു വ്യക്തമാക്കുന്നതോടൊപ്പം ന്യായവും യുക്തിയും അനുസരിച്ചായിരക്കും വോട്ടെന്ന് നിലപാട് പ്രസംഗത്തില്‍ കാന്തപുരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകികളെ സഹായിച്ചയാളാണ് മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ധീനെന്നും അയാള്‍ ജയിക്കാന്‍ പാടില്ലെന്നുമായിരുന്നു അണികള്‍ക്കു നല്‍കിയിട്ടുള്ള ആഹ്വാനം. കാന്തപുരം അബൂബക്കല്‍ മുസ്ല്യയാരുടെ പ്രസംഗത്തിനു ശേഷം മിനുട്ടുകള്‍ക്കുള്ളില്‍ പ്രസംഗം വൈറലാവുകയും സോഷ്യല്‍ മീഡിയയില്‍ അടക്കം ലീഗ്എ.പി സുന്നി പ്രവര്‍ത്തകര്‍ പരസ്പര പോര്‍വിളികള്‍ ശക്തമാക്കുകയും ചെയ്തു.

കാന്തപുരത്തിന്റെ പ്രസ്ഥാവനക്കു തൊട്ടു പിന്നാലെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനം വിളിച്ചു കൊലപാതകം തന്റെ മണ്ഡലത്തിലല്ലെന്നും ഇപ്പോള്‍ ഇതു കുത്തിപ്പൊക്കിയതിനു പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്നും പറഞ്ഞു.
ഇതോടെ എ.പി സുന്നി ലീഗ് പോര് ഈ തെരഞ്ഞെടുപ്പില്‍ ശക്താകുമെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. ഇതിനോടകം ഷംസുദ്ദീനെ തോല്‍പ്പിക്കാന്‍ എപി സുന്നികള്‍ കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. എന്നാല്‍ ലീഗ് എല്ലാ ശക്തിയും ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ്.

ലീഗിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാണിക്കുകയാണ് എപി സുന്നികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞാഴ്ച മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തിലും ലീഗുകാരുടെ അക്രമത്തില്‍ മൂന്ന് എപി സുന്നി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദനവും വെട്ടും ഏല്‍ക്കേണ്ടി വന്നിരുന്നു.

ഇവിടെയും ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ എപി വിഭാഗം സുന്നികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സംഘടനാ കണ്‍വെണ്‍ഷനുകളിലൂടെ രഹസ്യമായി മാത്രം കൈമാറിയിരുന്ന രാഷ്ട്രീയ നിലപാടുകള്‍ ഇപ്പോള്‍ അണികളോടാണെങ്കിലും എ.പി സമസ്ത പരസ്യമായി പ്രഖ്യപിക്കുന്നത് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിലയിരുത്തല്‍. പുതുതായി രൂപീകരിച്ച മുസ്ലിം ജമാഅത്തിലൂടെ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമാക്കുമെന്നും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഒരു സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ഇത് ആദ്യമായണ് ആഹ്വാനം ചെയ്യുന്നത്. ഇത്തരം ആഹ്വാനം കാന്തപുരം നടത്തിയതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്.

സഹോദരങ്ങളായ രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പിന്നിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കാന്തപുരം അടക്കമുള്ള പ്രമുഖരായ സുന്നി നേതാക്കളെല്ലാം പോലീസുമായി ഇടപെട്ടിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടുന്നതിലെ അമാന്തവും പിടികൂടിയവരെ സംരക്ഷിക്കാന്‍ പോലീസ് കാണിച്ച താല്‍പര്യവും എല്ലാമാണ് എ.പി സുന്നികളെ ചൊടിപ്പിച്ചത്. സുന്നി സംഘടനാ ഘടകങ്ങളിലൂടെ നിരന്തരമായ സമരങ്ങള്‍ നടത്തുകയും പ്രതികള്‍ക്ക് ശിക്ഷ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും എംഎല്‍എയും ലീഗ് നേതാക്കളും ഇതു ഗൗനിച്ചതേയില്ല. കേസിലെ പ്രതികളെല്ലാം ഇ.കെ സുന്നി പ്രവര്‍ത്തകരായ ലീഗുകാരാണ്.

ഇതിനാല്‍ പ്രതികള്‍ക്ക് പരാമാവധി സംരക്ഷണം ഏര്‍പ്പെടുത്തിയെന്നതും ലീഗിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാണക്കുകയെന്നതുമാണ് കാന്തപുരത്തിന്റെ ആഹ്വാനത്തിനു പിന്നില്‍. 2013 നവംബര്‍ ഇരുപതിന് രാത്രിയിലായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തില്‍ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞി ഹംസ(48), സഹോദരന്‍ നൂറുദ്ദീന്‍(42) എന്നീ സഹോദരങ്ങളായിരുന്നു വെട്ടേറ്റ് മരിച്ചത്. സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു കൂട്ടം ഇ.കെ സുന്നി, ലീഗ് പ്രവര്‍ത്തകര്‍ തടയുകയും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

ജീവനു വേണ്ടി ഇവര്‍ കേണിരുന്നെങ്കിലും വെട്ടി നുറുക്കുകയാണുണ്ടായത്. മൂത്ത സഹോദരന്‍ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. വെട്ടേറ്റ സഹോദരന്‍ കുഞ്ഞുമുഹമ്മദ് സമീപത്തെ വീട്ടിലേക്കു ഓടി അഭയം പ്രാപിക്കുകയായിരുന്നു. കുഞ്ഞി ഹംസക്കായിരുന്നു ആദ്യം വെട്ടേറ്റത്. തടയാനെത്തിയ നൂറുദ്ദീനെ സമീപത്തെ വിറക് പുരയുടെ പിറകില്‍ കൊണ്ടുപോയി പലതവണ വെട്ടുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേര്‍ക്കും മൂന്നു വീതം മക്കളുണ്ട്. കൊല്ലപ്പെടുമ്പോള്‍ നൂറുദ്ദീന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു.
സംഭവത്തില്‍ ലീഗ് നേതാക്കളും ഇ.കെ സുന്നി പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

കേസിലെ ഒന്നാം പ്രതി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലാംകുഴി തൃക്കളൂര്‍ ചേലോട്ടില്‍ സിദ്ദീഖ്, പാണ്ടി നൗഷാദ്, പൂളമണ്ണ് നിജാസ്, ചീരത്ത് ഹംസ, ചോലോട്ട് ശമീര്‍, സലാഹുദ്ദീന്‍, മുനീര്‍, അമീര്‍ ,റഷീദ് എന്നിവരടക്കം 21 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. എന്നാല്‍ കേസിലുള്‍പ്പെട്ടവര്‍ക്കും അറസ്റ്റു ചെയ്തവര്‍ക്കും ലീഗ് എംഎല്‍എ ഷംസുദ്ദീന്‍ സംരക്ഷണമൊരുക്കുകയും ഇവരെ കേസില്‍ നിന്നും ഇറക്കി പുറത്തു കൊണ്ടു വരികയും ചെയ്തു എന്നാണ് എപി വിഭാഗത്തിന്റെ ആരോപണം. സംഭവത്തില്‍ കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകരുടെ വീട് സ്ഥിതി ചെയ്യുന്ന ക്ലല്ലാംകുഴി കോങ്ങാട് നിയോജക മണ്ഡലത്തിലാണ്.

എന്നാല്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് മണ്ണാര്‍ക്കാട് ആയതു കൊണ്ടുതന്നെ ഷംസിദ്ദീന്‍ പ്രതികള്‍ക്കു വേണ്ടി പോലീസിനെ ബന്ധപ്പെടുകയായിരുന്നുവത്രെ. പബ്ലിക്ക് പ്രോസിക്യൂട്ടറില്‍ എംഎല്‍എ സര്‍ക്കാറിലൂടെ ഇടപെടല്‍ നടത്തി പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നാണ് സുന്നികള്‍ ചൂണ്ടിക്കാട്ടുന്നത്. അറസ്റ്റു ചെയ്ത പ്രതികളെല്ലാം പത്തില്‍ താഴെ ദിവസം മാത്രായിരുന്നു റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. മാത്രമല്ല, കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്‌തെങ്കിലും ഇതുവരെയും വിചാരണ നടത്താതെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് നീട്ടിക്കൊണ്ടു പോവുകയാണ്. നിലവില്‍ കേസ് യാതൊരു പുരോഗതിയുമില്ലാതെ സ്തംഭനാവസ്തയിലായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം മരണപ്പെട്ട സഹോദരങ്ങളുടെ വീടിനെ നേരെ ഭീഷണിയും തെറിയഭിഷേകവും നടത്തിയിരുന്നു. ഇതിനു വേറെയും കേസ് നിലനില്‍ക്കുന്നു.
മാത്രമല്ല, പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചക്കിങ്ങല്‍ മൊയ്തുണ്ണി ഹാജി, സഹോദരന്‍ ഹസന്‍ എന്നിവരെ 2014 ജൂലൈ 18ന് ക്രൂരമായി അക്രമിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തിലെ പ്രതികള്‍ക്കെതിരെ കേസ് എടുക്കുന്നതിനു പകരം പ്രതികള്‍ നല്‍കിയ പരാതിന്മേല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍്‌ക്കെതിരെ പൊലീസ് ധൃതിയില്‍ കേസെടുക്കുകയാണുണ്ടായത്. നിയമവും പോലീസും തങ്ങള്‍ക്ക് ഒന്നുമല്ലെന്നു കരുതിയ ഈ പ്രതികളടങ്ങുന്ന സംഘം സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ പിന്നീട് നിരന്തരം വിളയാട്ടം ആരംഭിച്ചു. ഇത്രയേറെ സംഭവങ്ങളാണ് യഥാര്‍ത്ഥത്തില്‍ കാന്തപുരത്തെ പരസ്യ പ്രസ്ഥാവനയിലേക്ക് നയച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കാഞ്ഞിരപ്പുഴ ജുമാ മസ്ജിദില്‍ ഇ.കെ വിഭാഗം സുന്നികളുടെ നേതൃത്വത്തിലുളള ഒരു സംഘടനയുടെ പിരിവിനെ ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. പള്ളിയില്‍ ഒരു സംഘടനയുടെയും പിരിവ് നടത്തരുതെന്നായിരുന്നു കൊല്ലപ്പെട്ട ഹംസയുടെ നിലപാട്. പള്ളിയില്‍ പിരിവ് നടത്തുന്നതിനെതരിരെ ഹംസ വഖഫ് ട്രിബ്യൂണലില്‍ നിന്നും വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇതിനെ ചോദ്യം ചെയ്ത് ലീഗ്, ഇ.കെ സുന്നികള്‍ രംഗത്തു വരികയും ഈ തര്‍ക്കം നിലനില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തര്‍ക്കം നിലനിന്നതോടെ സഹോദരങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തികയായിരുന്നു.

എന്നാല്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പിതാവിനെ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പക തീര്‍ക്കുകയായിരുന്നു മക്കളെന്നാണ് സംഭവത്തിനു ശേഷം ലീഗ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ കേസുമായി ഇതിനെ ബന്ധമില്ലെന്നതാണ് വസ്തുത. മണ്ണാര്‍ക്കാട്ടെ ഇരട്ടക്കൊല നിയമസഭാ തെരഞഞെടുപ്പിന്‍െ സാഹചര്യത്തില്‍ വാദപ്രതിവാദങ്ങള്‍ സജീവമായത് ഏറെ രാഷ്ട്രീയ പ്രാധ്യാന്യം കൈവന്നിരിക്കുകയാണ്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എപി സുന്നികള്‍ ലീഗിനെതിരെ ശക്തമായി നിലകൊണ്ടിരുന്നെങ്കിലും കാന്തപുരം ഉള്‍പ്പടെയുള്ള നേതാക്കളില്‍ നിന്നും പരസ്യമായി പേരെടുത്തു പറഞ്ഞ് തോല്‍പ്പിക്കണമെന്ന ആഹ്വാനം ഉണ്ടായിരുന്നില്ല. ഇത് ആദ്യമായാണ് ഇത്തരത്തിലൊരു ആഹ്വാനം ഉണ്ടായിരിക്കുന്നത്. ഇതിനാല്‍ വളരെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം ഇതിനെ കാണുന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ ലീഗ് എപി സുന്നി നേതാക്കള്‍ അടുക്കുകയുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ലീഗ് നേതാക്കള്‍ കാന്തപുരവുമായി ചര്‍ച്ച നടത്തുകയും ചെയ്്തിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകളെ ഒരുപോലെ കാണണമെന്നും ഇ.കെ സുന്നികളുടെ വാലാകരുതെന്നും എ.പി വിഭാഗം ലീഗിനു മുന്നിലേക്കു നിര്‍ദ്ദേശം വച്ചു. ഇതിനു ശേഷം എപിഇകെ പ്രശ്‌നങ്ങളില്‍ ലീഗ് മൗനം പാലിക്കുകയുണ്ടായി.

എന്നാല്‍ ഹൈദരലി തങ്ങള്‍ ഉപാധ്യക്ഷനായ ഇകെ സമസ്തയുടെ ലീഗിനു മുന്നില്‍ വീണ്ടും കടിഞ്ഞാണ്‍ മുറുക്കിയതോടെ ലീഗിനെ കയ്യൊഴിയാന്‍ കാന്തപുരം സുന്നികള്‍ തീരുമാനിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എ.പി സുന്നികളുടെ നേതൃത്വത്തില്‍ പ്രത്യേക കണ്‍വെണ്‍ഷനുകള്‍ വിളിക്കുമെന്നാണ് അറിയുന്നത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നടന്ന കേരളയാത്ര, ഖാളി ആരോഹണ ചടങ്ങ്, എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് തുടങ്ങിയ എ.പി സുന്നികളുടെ പ്രധാന പരിപാടികളില്‍ സ്ഥലം എംഎല്‍എ എന്ന നിലയില്‍ ഷംസുദ്ദീനെ ക്ഷണിച്ചിട്ടും എത്താതിരുന്നതും അതേസമയം ഇ.കെ സുന്നികളുടെ ചെറിയ പരിപാടികളില്‍ പോലും സ്ഥിര സാന്നിദ്ധ്യമാണെന്നതും എ.പി വിഭാഗത്തിന്റെ പക ഇരട്ടിപ്പിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.