Latest News

വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ കടല്‍കടക്കുന്നു

ദുബൈ:[www.malabarflash.com] നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലേക്ക് ഗള്‍ഫ് നാടുകളും. പ്രവാസി സംഘടനകളുടെ പതിവ് പരിപാടികള്‍ക്ക് പുറമെ സ്ഥാനാര്‍ഥികള്‍ തന്നെ കടല്‍കടന്നുവരുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്. സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളാണ് ഗള്‍ഫ് നാടുകളില്‍ നടക്കുന്നത്.
ഇതോടെ തെരഞ്ഞെടുപ്പ് ആവേശം ഫേസ്ബുക്കും വാട്ട്‌സ്ആപും കവിഞ്ഞ് ഫീല്‍ഡ്‌വര്‍ക്കിലേക്ക് നീങ്ങുകയാണ്.

ഗള്‍ഫില്‍ കൂടുതല്‍ സ്വാധീനമുള്ള യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളാണ് ഇവിടെയത്തെി വോട്ട് ചോദിക്കുന്നത്. സംസ്ഥാനം ഒന്നാകെ ഉറ്റുനോക്കുന്ന ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കാണാന്‍ യുഏഇലെത്തും. ഈ മാസം 21, 22 തീയ്യതികളില്‍ സുധാകരന്‍ ദുബായിലും അബുദാബിയിലും പ്രചരണം നടത്തും. ഉദുമ മണ്ഡലത്തിലെ വോട്ടര്‍മാരായ പ്രവാസികളെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുകയാണ് സുധാകരന്റെ ലക്ഷ്യം. 

സ്ഥാനാര്‍ത്ഥിയുടെ വരവ് ആഘോഷമാക്കാന്‍ യുഏഇയിലെ ഉദുമ മണ്ഡലം കോണ്‍ഗ്രസ്-ലീഗ് അനുഭാവ സംഘടനകള്‍ രംഗത്തിറഹ്ങി കഴിഞ്ഞു. 

സുധാകരന് പുറമേ കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ഈ മാസം അവസാനം ഗള്‍ഫില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. ദുബായ് വ്യവസായിയായ കാഞ്ഞങ്ങാട്ടെ എന്‍ഡിഏ സ്ഥാനാര്‍ത്ഥി എം.പി.രാഘവന്‍ ഗള്‍ഫിലെ ഉറ്റ സുഹൃത്തുക്കളുമായ നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. 

കക്ഷി രാഷ്ട്രീയ ഭേദമന്യേ ഗള്‍ഫ് സുഹൃദ് വലയത്തിന്റെ വോട്ട് ഉറപ്പിക്കുകയാണ് രാഘവന്റെ ലക്ഷ്യം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി ടി.വി ഇബ്രാഹീം ഇതിനോടകം തന്നെ ഖത്തറിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം ഗള്‍ഫ് നാടുകളിലേക്ക് വ്യാപിപ്പിച്ചു. 

ഏറനാട് മണ്ഡലത്തിലെ നിലവിലുള്ള എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.കെ ബഷീറും ഖത്തറില്‍ കക്ഷിഭേദമന്യേ മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങളെയും ക്ഷണിച്ച് കുടുംബസംഗമം തന്നെ സംഘടിപ്പിച്ചു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞാണ് ബഷീര്‍ പ്രവാസി വോട്ടര്‍മാരെ സമീപിച്ചത്.
കുറ്റിയാടി മണ്ഡലം സ്ഥാനാര്‍ഥിയും ഖത്തര്‍ കെ.എം.സി.സി നേതാവുമായ പാറക്കല്‍ അബ്ദുല്ല, നാദാപുരം മണ്ഡലം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ നാളെ ഖത്തറിലത്തെും. ദോഹയില്‍ നടക്കുന്ന വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കും. 

വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് എം.ഇ.എസ് സ്‌കൂള്‍ കെ.ജി ഹാളില്‍ നടക്കുന്ന കുറ്റിയാടി മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സ്ഥാനാര്‍ഥികളായ പാറക്കല്‍ അബ്ദുല്ല, അഡ്വ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗിലെ പ്രമുഖ പ്രാസംഗികന്‍ സിദ്ദീഖലി രാങ്ങാട്ടൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. 

വെളളിയാഴ്ച്ച ഉച്ചക്ക് 12.30 ന് മലയാളി സമാജം ഹാളില്‍ നടക്കുന്ന നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും സ്ഥാനാര്‍ഥി അഡ്വ. കെ. പ്രവീണ്‍ കുമാര്‍, പ്രവാസി യു.ഡി.എഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

നാട്ടില്‍ വീണുകിട്ടുന്ന വിഷു അവധി നോക്കി പറന്നത്തെുന്ന സ്ഥാനാര്‍ഥികള്‍ പരമാവധി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും കണ്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചുപോകാന്‍ തയാറായാണ് വരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ യു.ഡിഎഫ് സ്ഥാനാര്‍ഥികള്‍ ദോഹയിലത്തെുമെന്നാണറിയുന്നത്.
അതിനിടെ നാട്ടില്‍ ഉറപ്പ് പോരാത്ത വോട്ടര്‍മാരുടെ ഗള്‍ഫിലെ ബന്ധുക്കളെയും തെരഞ്ഞെടുപ്പിന് നാട്ടിലത്തൊന്‍ സാധ്യതയുള്ള വോട്ടര്‍മാരെയുമൊക്കെ നേരില്‍ സന്ദര്‍ശിച്ചും പ്രകടന പത്രികകള്‍ വിതരണം ചെയ്തും നാട്ടിലെ തെരഞ്ഞെടുപ്പ് ആവേശം ഗള്‍ഫിലും സൃഷ്ടിക്കാനുളള ശ്രമത്തിലാണ് ഗള്‍ഫിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. വിവിധ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിച്ച വേദികളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ നടക്കുന്നത്.





Keywords: gulf-news News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.