Latest News

നെല്ലിക്കാടിന് കണ്ണീര്‍ വിഷു; ചൊവ്വാഴ്ച മൈസൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട നെല്ലിക്കാട്ടെ യുവാക്കള്‍ക്ക് കണ്ണീരോടെ വിട

കാഞ്ഞങ്ങാട്: [www.malabarflash.com]നെല്ലിക്കാട് തീര്‍ത്തും കണ്ണീരണിഞ്ഞു. ചൊവ്വാഴ്ച മൈസൂരിനടുത്ത പെരിയപട്ടണത്തില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കൊവ്വല്‍പ്പള്ളിയിലെ സ്റ്റുഡിയോ ഉടമ കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ദിനേശന്റെയും നെല്ലിക്കാട്ടെ കെ.ടി.ബിന്ദുവിന്റെയും മകന്‍ ദിപിന്‍ എന്ന ദീപു (25), കാഞ്ഞങ്ങാട് നഗരത്തിലെ ടാക്‌സി ഡ്രൈവര്‍ നെല്ലിക്കാട്ടെ ഗംഗാധരന്റെയും ജയയുടെയും മകനായ വിജേഷ് (25) എന്നിവര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി.

മൈസൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും രാത്രി 11 മണിയോടെ നെല്ലിക്കാട്ട് അവരവരുടെ വീട്ടിലെത്തിച്ചു. സിപിഎം നേതാക്കളായ രതീഷ് നെല്ലിക്കാട്, എസ്.ഗോപാലകൃഷ്ണന്‍, വിജേഷിന്റെ ബന്ധുക്കളായ ജഗദീഷ്, സഞ്ജയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. 

അപകടത്തില്‍ മരിച്ചത് അയല്‍വാസികളും ഉറ്റ ചങ്ങാതിമാരുമായ രണ്ട് പേരാണ്. നൂറുകണക്കിനാളുകള്‍ ഇരുവരുടെയും അന്തിമോപചാരമര്‍പ്പിച്ചു. പലരും അലമുറയിടുന്നുണ്ടായിരുന്നു. യൗവന ദശയില്‍ തന്നെ ജീവിതം റോഡില്‍ ഹോമിക്കപ്പെട്ട രണ്ടുപേരുടെയും വിയോഗം താങ്ങാനാകാതെ സുഹൃത്തുക്കള്‍ തേങ്ങി.
ബുധനാഴ്ച രാവിലെ 9 മണിയോടെ രണ്ട് മൃതദേഹങ്ങളും സംസ്‌കാരത്തിനായി വീട്ടില്‍ നിന്ന് പുറത്തേക്കെടുത്തപ്പോള്‍ തടിച്ചു കൂടിയ ജനങ്ങള്‍ ഏറെയേറെ വിതുമ്പി. വിജേഷിന്റെ മൃതദേഹം മേലാങ്കോട്ടെ പൊതു ശ്മശാനത്തിലും ദിപിന്റെ മൃതദേഹം കാഞ്ഞങ്ങാട് സൗത്തിലെ വീട്ടു വളപ്പിലും സംസ്‌കരിച്ചു. 

ഇ.ചന്ദ്രശേഖരന്‍ എംഎല്‍ഏ, നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി ധന്യ സുരേഷ്, എന്‍ഡിഏ സ്ഥാനാര്‍ത്ഥി എം.പി.രാഘവന്‍, സിപിഎം നേതാക്കളായ ഏ.കെ.നാരായണന്‍, അഡ്വ. പി.അപ്പുക്കുട്ടന്‍, കെ.രാജ്‌മോഹനന്‍, ശിവജി വെള്ളിക്കോത്ത്, പി.കെ.നിഷാന്ത്, രതീഷ് നെല്ലിക്കാട്ട്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഏ.വേലായുധന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എം.ബല്‍രാജ്, അജയകുമാര്‍ നെല്ലിക്കാട്, സി.കെ.വത്സലന്‍, ഉണ്ണികൃഷ്ണന്‍, ഉഷ, കെ.ലത, കെ.വി.രതീഷ്, സാവിത്രി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.