Latest News

സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു

ചെറുപുഴ:[www.malabarflash.com] കോലുവള്ളി കമ്പിപ്പാലത്തിനു സമീപം കാര്യങ്കോട് പുഴയില്‍ വല്യച്ഛനോടൊപ്പം കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. ചിറ്റാരിക്കാല്‍ മുനയംകുന്നിലെ തകിടിയേല്‍ രാജീവന്‍-ഷീജ ദമ്പതികളുടെ മക്കളായ രാജലക്ഷ്മി (12), ജയശ്രീ (എട്ട്) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ദാരുണസംഭവം. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു കമ്പിപ്പാലത്തിനു സമീപത്തെ കയത്തില്‍പ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന വല്യച്ഛനും സമീപത്തു തുണി അലക്കുകയായിരുന്ന സ്ത്രീകളും ബഹളംവച്ചതിനേത്തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടികളെ വെള്ളത്തില്‍നിന്നു പുറത്തെടുത്തു ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുട്ടികള്‍ കന്നിക്കളം ആര്‍ക്ക് എയ്ഞ്ചല്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്. രാജീവന്‍-ഷീജ ദമ്പതികള്‍ക്കു വേറെ മക്കളില്ല.

സംഭവമറിഞ്ഞു ചെറുപുഴ പോലീസും പെരിങ്ങോത്തുനിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.