Latest News

പൂച്ചക്കുട്ടിയെ രക്ഷിക്കാനിറങ്ങിയ വൃദ്ധന്‍ കിണറ്റില്‍ കുടുങ്ങി

തൃക്കരിപ്പൂര്‍:[www.malabarflash.com] കൊടക്കാട് പാടിക്കീലിലാണ് കിണറ്റില്‍ വീണ പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ തൊണ്ണൂറുവയസുകാരന്‍ സാഹസിക ശ്രമം നടത്തിയത്. വളര്‍ത്തുപൂച്ചയെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ ഇദ്ദേഹം പൂച്ചയെ രക്ഷിച്ചുവെങ്കിലും മൂന്നുമണിക്കൂര്‍ നേരം കിണറില്‍ കുടുങ്ങുകയായിരുന്നു. തിങ്കലാഴ്ച രാവിലെയായിരുന്നു സംഭവം.

കൃഷ്ണന്‍ നമ്പൂതിരി ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ തന്റെ പൂച്ചക്കുട്ടിയെ കാണാനില്ല. അദ്ദേഹവും ഭാര്യയും കൂടി എല്ലായിടത്തും തിരഞ്ഞു. അപ്പോഴാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും പൂച്ചയുടെ കരച്ചില്‍ ശ്രദ്ധയില്‍ പെട്ടത്. വെള്ളത്തില്‍ കിടന്നു നീന്തുകയായിരുന്നു പൂച്ചക്കുട്ടി. മറ്റൊന്നും ചിന്തിക്കാതെ തൊണ്ണൂറുകാരനായ കൃഷ്ണന്‍ നമ്പൂതിരി ഇരുപത് കോല്‍ താഴ്ചയുള്ള കിണറ്റിലേക്ക് പടവുകളിറങ്ങി.


വെള്ളത്തില്‍ നിന്നും പൂച്ചയെ എടുത്തുവെങ്കിലും തിരികെ കയറാന്‍ പറ്റിയില്ല. കിണറിലെ പടവുകള്‍ക്കും താഴ്ത്തി വെച്ച റിംഗുകള്‍ക്കും ഇടയിലുള്ള വെള്ളമില്ലാത്ത സ്ഥലത്ത് ഇദ്ദേഹം പൂച്ചയേയും ചേര്‍ത്തുപിടിച്ച് ഇരിക്കുകയായിരുന്നു.

ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എത്തി ഇദ്ദേഹത്തെ കരയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതിനിടയില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും പൂച്ചയുടെയും അവശതമാറ്റാന്‍ നാട്ടുകാര്‍ വെള്ളവും ഭക്ഷണവും കിണറിലേക്ക് പാത്രങ്ങളിലാക്കി ഇറക്കി നല്‍കി. ഒടുവില്‍ തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി വല ഉപയോഗിച്ചാണ് കൃഷ്ണന്‍ നമ്പൂതിരിയെയും പൂച്ചയേയും പുറത്തെടുത്തത്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.