Latest News

അരിയിൽ ഷുക്കൂർ വധക്കേസ് വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്ന് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി. സിബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതിയാണ് വിചാരണ മാറ്റാന്‍ ഉത്തരവിട്ടത്.[www.malabarflash.com]

കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിബിഐ വിചാരണക്കോടതി മാറ്റാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ (24) 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്തുവെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

പട്ടുവം അരിയില്‍ പ്രദേശത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഗുരുതരാവസ്ഥയിലായ സി.പി.ഐ.എം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പട്ടുവത്ത് എത്തിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത് എന്നാണ് ആരോപണം.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ, ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സി.ബി.ഐ കേസന്വേഷിക്കുകയും അനുബന്ധകുറ്റപത്രം തയ്യാറാക്കി സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിക്കുകയഉം ചെയ്തു.

എന്നാല്‍ ആദ്യകുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയിലായതിനാല്‍ അനുബന്ധകുറ്റപത്രവും അവിടെ നല്‍കാന്‍ സി.ജെ.എം. കോടതി നിര്‍ദേശിച്ചു. എന്നാലിത് തലശ്ശേരി സെഷന്‍സ് കോടതി സ്വീകരിച്ചില്ല. സിബിഐ കോടതിയിലാണ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിക്കേണ്ടതെന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്നാണ് തലശ്ശേരി സെഷന്‍സിലുള്ള പ്രധാന കുറ്റപത്രവും ഇപ്പോഴത്തെ അനുബന്ധകുറ്റപത്രവും ഒരുമിച്ച് എറണാകുളം സി.ബി.ഐ. കോടതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. ഹൈക്കോടതിയെ സമീപിച്ചത്.



Read more http://www.sirajlive.com/2019/06/17/373937.html

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.