Latest News

പരവൂര്‍ വെടിക്കെട്ട് അപകടം: മരണസംഖ്യ 105 ആയി; 300ലധികം പേര്‍ക്ക് പരുക്ക്

കൊല്ലം:[www.malabarflash.com] പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 105 ആയി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. ഇവരില്‍ ഒട്ടേറെപ്പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന കമ്പപ്പുരയില്‍ വീണാണ് അപകടം. സ്‌ഫോടനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചെ വെടിക്കെട്ട് അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്കു വീണത്. സ്‌ഫോടനത്തില്‍ ക്ഷേത്രവളപ്പിലെ ഉപദേവതാക്ഷേത്രങ്ങളുടെയും സമീപത്തുള്ള വീടുകളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകര്‍ന്നനിലയിലാണ്.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥിതി വിലയിരുത്താനും അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനും ഡിജിപിയും കലക്ടറും ഉള്‍പ്പെട്ട ഉന്നതതലയോഗം ചേര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആറു ഹെലികോപ്റ്ററുകള്‍ സജ്ജമാക്കി. രണ്ടെണ്ണം കൊല്ലം ആശ്രാമം മൈതാനത്തും നാലെണ്ണം തിരുവനന്തപുരത്തും. ആര്‍മി മെഡിക്കല്‍ സംഘത്തിന്റെ അടിയന്തരസേവനവും തേടിയിട്ടുണ്ട്. മെഡിക്കല്‍ സംഘങ്ങളുമായി രണ്ട് ഡോണിയര്‍ വിമാനങ്ങള്‍ കൊല്ലത്തേക്ക് പുറപ്പെട്ടു. മരുന്നുകളുമായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ കൊല്ലം തീരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സംഭവത്തില്‍ അനുശോചിച്ചു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആലോചിച്ചതിനുശേഷം തീരുമാനിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ഡിജിപി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറ്റു പരിപാടികള്‍ റദ്ദാക്കി കൊല്ലത്തെത്തി.

അപകടസമയത്ത് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരവൂര്‍ സ്‌റ്റേഷനില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പൊള്ളലേറ്റവരെ എത്തിച്ചാല്‍ ഉടന്‍ അടിയന്തര ചികില്‍സ നല്‍കണം. ജാഗ്രതാ നിര്‍ദേശം സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്.
കൊല്ലത്ത് കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 04742512344, 9497930863, 9497960778





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.