Latest News

നാട്ടുകാരുടെ ബാലേട്ടന് ആയിരങ്ങളുടെ അന്ത്യപ്രണാമം

ഉദുമ[www.malabarflash.com]: നാട്ടുകാര്‍ക്കെല്ലാം ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാമായിരുന്ന തങ്ങളുടെ ബാലേട്ടന് ആയിരങ്ങളുടെ അന്ത്യപ്രണാമം. ഞായറാഴ്ച രാവിലെ എറണാകുളം അമൃത ആസ്​പത്രിയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് തച്ചങ്ങാട് ബാലകൃഷ്ണന്റെ മൃതദേഹം തച്ചങ്ങാട് ഇന്ദിരാഭവനില്‍ വൈകുന്നേരം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ആയിരങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്ന് അന്ത്യപ്രണാമം അര്‍പ്പിച്ചു.

ദീര്‍ഘകാലം പൊതുരംഗത്ത് തച്ചങ്ങാട് ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികള്‍ മുതല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളും വിളിച്ചിരുന്നത് ബാലേട്ടന്‍ എന്നായിരുന്നു.


മികച്ച സഹകാരിയും പൊതുപ്രവര്‍ത്തകനും നല്ലൊരു കര്‍ഷകനും കൂടിയായിരുന്നു. വടക്കന്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലാ രൂപവത്കരണത്തിന് മുമ്പ് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായിരുന്നു.

കെ.കരുണാകരന്റെ അടുത്ത അനുയായിയും ആയിരുന്നു. ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനുശേഷം തച്ചങ്ങാട്ടെ വീട്ടിലും നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.


കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, കെ.പി.കുഞ്ഞിക്കണ്ണന്‍, കെ.നീലകണ്ഠന്‍, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി, ഹക്കീം കുന്നില്‍, അഡ്വ. കെ.കെ.രാജേന്ദ്രന്‍, പാദൂര്‍ കുഞ്ഞാമുഹാജി, മാമുനി വിജയന്‍, കുഞ്ഞമ്പു നമ്പ്യാര്‍, എം.സി.പ്രഭാകരന്‍, ശാന്തമ്മ ഫിലിപ്പ്, പി.വി.സുരേഷ്, കെ.പി.പ്രകാശന്‍, വി.പി.പ്രദീപ്കുമാര്‍, സാജിദ് മൗവ്വല്‍, പി.ഇന്ദിര, ഗീത കൃഷ്ണന്‍, കരിച്ചേരി നാരായണന്‍, പി.ഗംഗാധരന്‍ നായര്‍, കെ.സുധാകരന്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തിങ്കളാഴ്ച െവെകിട്ട് നാലുമണിക്ക് തച്ചങ്ങാട് സര്‍വകക്ഷി അനുശോചനയോഗം നടക്കും.

ഡി.സി.സി. മുന്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍ അന്തരിച്ചു





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.