Latest News

പരീക്ഷാതോല്‍വി: ട്യുഷന്‍ സെന്റര്‍ 3.64 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

മുംബൈ:[www.malabarflash.com] ഉന്നത വിജയം വാഗ്ദാനം നല്‍കി പാലിക്കാന്‍ കഴിയാത്ത ട്യുഷന്‍ സെന്ററിന് ഉപഭോക്തൃ കോടതി 3.64 ലക്ഷം രൂപ പിഴ വിധിച്ചു. മുംബൈയിലെ അന്തേരിയിലാണ് സംഭവം.

2013ലെ എട്ടാം ക്ലാസ് പരീക്ഷയില്‍ മോശം മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി കോടതിയെ സമീപിച്ചത്. ഓക്‌സ്‌ഫോര്‍ ട്യൂട്ടേഴ്‌സ് അക്കാദമിയെയാണ് ശിക്ഷിച്ചത്. മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവും ട്യുഷന്‍ ഫീസ് ആയി ഈടാക്കിയ 54,000 രൂപയും 10,000 രൂപ കോടതി ചെലവും പരാതിക്കാരിക്ക് നല്‍കാനാണ് കോടതി നിര്‍ദേശം.

എസ്.എസ്.സി, എച്ച്.എസ്.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ എത്തി ട്യുഷന്‍ നല്‍കി ഉന്നത വിജയം നേടാന്‍ സഹായിക്കുമെന്നായിരുന്നു സെന്ററിന്റെ വാഗ്ദാനം. ഇതു വിശ്വസിച്ച എട്ടാം ക്ലാസുകാരി അഭിവ്യക്തി വര്‍മ്മയാണ് ട്യൂഷന് ചേര്‍ന്നത്. എച്ച്.എസ്.സി സിലബസ് പഠിച്ച അഭിവ്യക്തി കണക്കിനും രസതന്ത്രത്തിനുമാണ് ട്യുഷന്‍ തേടിയത്.

വീട്ടിലേക്ക് ട്യൂഷന്‍ അധ്യാപകരെ അയക്കാമെന്ന് ഏറ്റ സ്ഥാപനം ഒരു മാസം കഴിഞ്ഞിട്ടും രസതന്ത്ര അധ്യാപകനെ അയച്ചില്ല. കണക്ക് പഠിക്കാന്‍ അയച്ച അധ്യാപകനാകട്ടെ ഹിന്ദിയെ അറിയൂ. ഇംഗ്ലീഷ്‌ മാധ്യമത്തില്‍ അഭിവ്യക്തിയെ പഠിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞുമില്ല. അഭിഭാഷക കൂടിയായ കുട്ടിയുടെ അമ്മ രസതന്ത്ര അധ്യാപകനായി നിരന്തരം ട്യുഷന്‍ സെന്ററിനെ സമീപിച്ചുവെങ്കിലും ഒടുവില്‍ ഐ.സി.എസ്.ഇ സിലബസിലുള്ള അധ്യാപകനെ സ്ഥാപനം നല്‍കി.

പഠനത്തില്‍ അഭിവ്യക്തി ഏറെ പിന്നോട്ടുപോയതോടെ കുട്ടിയെ സഹായിക്കാന്‍ ഐഐടി വിദ്യാര്‍ത്ഥികളെ വരെ സ്ഥാപനം അയച്ചു. എന്നാല്‍ ഇവര്‍ക്കൊന്നും അഭിവ്യക്തിയുടെ പഠനനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മുന്‍ പരീക്ഷകളില്‍ 83%മേല്‍ മാര്‍ക്ക് നേടിയിരുന്ന അഭിവ്യക്തിക്ക് ഊര്‍ജതന്ത്രം, രസതന്ത്രം, കണക്ക് വിഷയങ്ങളില്‍ 60% പോലും നേടാന്‍ കഴിഞ്ഞില്ല. 

സയന്‍സ് വിഷയങ്ങള്‍ അടിസ്ഥാനമാക്കി തുടര്‍ന്ന് പഠനത്തിന് കഴിയാതെ വന്നതോടെയാണ് അഭിവ്യക്തിയും അമ്മയും ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

പഠനത്തില്‍ പിന്നോട്ടുപോയതോടെ അഭിവ്യക്തി കടുത്ത നിരാശയിലായി. ഏറെ സംഘര്‍ഷവും ഇക്കാലത്ത് അനുഭവിച്ചു. തന്റെ പിതാവാണ് രസതന്ത്രത്തില്‍ അല്പമെങ്കിലും മെച്ചമുണ്ടാക്കാന്‍ തന്നെ സഹായിച്ചത്. അവസാന നിമിഷം വരെ അധ്യാപകരെ മാറ്റി നിയമിച്ച ടൂഷന്‍ സെന്ററാണ് തന്റെ മോശം പ്രകടനത്തിന് ഉത്തരവാദികളെന്നും അഭിവ്യക്തി പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ആരോപണങ്ങള്‍ സ്ഥാപനം നിഷേധിച്ചു. തങ്ങള്‍ മെച്ചപ്പെട്ട അധ്യാപകരുടെ സേവനം നല്‍കുന്നുണ്ടെന്നും അഭിവ്യക്തി പഠനത്തില്‍ പിന്നാക്കമായതിനാലാണ് പഠനം തുടരാന്‍ കഴിയാതിരുന്നതെന്നും സ്ഥാപനം പറഞ്ഞു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.