Latest News

അസീസിന്റെ കടയില്‍ എന്തുകഴിച്ചാലും അഞ്ചുരൂപ

ചീമേനി: [www.malabarflash.com] ചായയ്ക്ക് അഞ്ചു രൂപ.. പൊറോട്ടയ്ക്കും ദോശയ്ക്കും പുട്ടിനും ചപ്പാത്തിക്കും ഇഡ്ഡലിയ്ക്കും എന്നു വേണ്ട ചില്ലു കൂടിലിരുക്കുന്ന പലഹാരങ്ങള്‍ക്കെല്ലാം അഞ്ചു രൂപ തന്നെ…. ചീമേനി കിണറുമുക്കിലെ കെ.ഇ അബ്ദുല്‍ അസീസിന്റെ ചായക്കടയിലാണ് ഇഷ്ടവിഭവങ്ങളായ പലഹാരങ്ങളെല്ലാം അഞ്ചു രൂപയ്ക്കു ലഭിക്കുന്നത്. ഇവിടുന്ന് ഭക്ഷണം കഴിച്ചവരെല്ലാം വില കേട്ട് ഞെട്ടിത്തരിക്കുകയല്ല… അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോവുകയാണ്. ആ അമ്പരപ്പ് മെല്ലെ കൗതുകത്തിന് വഴിമാറുന്നു...

ഹോട്ടലുകളിലെല്ലാം സാധനങ്ങള്‍ക്ക് വില വാണം പോലെ കുതിച്ചുയരുമ്പോഴാണ് അസീസ്‌ക്കയുടെ ഹോട്ടലില്‍ ചായയും പൊറോട്ട, ചപ്പാത്തി, ഇഡ്ഡലി, പുട്ട്, ദോശ, ഇഡിയപ്പം, വെളളയപ്പം എന്നിവയ്‌ക്കൊപ്പം എണ്ണപലഹാരങ്ങളായ പഴംപൊരി, ഉണ്ട, ബോണ്ട തുടങ്ങിയവയും അഞ്ചു രൂപയ്ക്ക് ലഭിക്കുന്നത്. ഇനി ഊണിന്റെ കാര്യം പറഞ്ഞാലോ... ഊണിന് വില 25 രൂപ.. സാമ്പാറും മീന്‍ കറിയും കാളനും തോരനും മോരും തൈരും പപ്പടവും അച്ചാറും ഉള്‍പ്പെടെ ഏഴോളം കറികളോടു കൂടിയ ഊണിനാണ് വെറും 25 രൂപ.. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ദിനം പ്രതി വില കൂടുമ്പോഴാണ് നാട്ടുമ്പുറത്തെ സാധാരണക്കാരനായ ഒരാള്‍ നടത്തുന്ന കൊച്ചു ചായക്കടയില്‍ രുചിയേറിയ വിഭവങ്ങള്‍ വിലകുറച്ച് കൊടുക്കുന്നത്. ഇതെങ്ങിനെ സാധിക്കുന്നുവെന്ന് കൗതുകത്തോടെ തിരിക്കുന്നവരോട് അസീസ്‌ക്കയുടെ മറുപടി ഒന്നു മാത്രമാണ്. വലിയ ലാഭ കണ്ണില്ലാതെ കച്ചവടം ചെയ്താല്‍ എല്ലാം നടക്കും.. മുതലിന്റെ നാലിരട്ടി ലാഭം പ്രതീക്ഷിച്ചാല്‍ അത്തരം കച്ചവടത്തിനും വലിയ ആയുസ്സുണ്ടാവില്ല.. വിശക്കുന്നവന് ആഹാരം കൊടുക്കാനാണെല്ലോ ഹോട്ടലുകള്‍... അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ പോക്കറ്റു കാലിയാക്കിയുളള പണം നമുക്കു വേണ്ട. അവര്‍ക്കും നമുക്കും പ്രയാസമില്ലാത്ത വിധമാണ് ചായയ്ക്കും പലഹാരത്തിനും വില ഈടാക്കുന്നത്…. അസീസ് തന്റെ നിലപാട് വ്യക്തമാക്കുന്നു.

ചീമേനിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറിയാണ് അസിസിന്റെ ചായക്കടയായ ഫാമിലി ടീ ഷോപ്പ്. ലോറിക്കാരും ചെങ്കല്‍പണക്കാരും മരം കൊണ്ടു പോകുന്നവരും ഇങ്ങിനെ പോകുന്നു ഇവിടുത്തെ ഉപഭോക്താക്കള്‍. കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപടമ്പ് പഞ്ചായത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നതെങ്കിലും ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും കാസര്‍കോട് ജില്ലയ്ക്കാരാണെന്ന കൗതുക വര്‍ത്തമാനവും ഇതിനൊപ്പം ചേര്‍ത്തു വെയ്ക്കാം. അറുപത്തൊന്നുകാരനായ അബ്ദുല്‍ അസീസ് 35 വര്‍ഷത്തോളമായി ചീമേനിയിലും സമീപ പ്രദേശങ്ങളിലുമായി ചായക്കച്ചവടം തുടങ്ങിയിട്ട്. കോട്ടയം പാല കാഞ്ഞിരപ്പളളി താലൂക്കിലെ മണിമലയാണ് അബ്ദുല്‍ അസീസിന്റെ നാട്. പിതാവ് ഇബ്രാഹിം റാവുത്തര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്നു. അദ്ദേഹത്തിസല്‍ നിന്നാണ് പലഹാരങ്ങള്‍ ഉണ്ടാക്കാനുളള അറിവു സമ്പാദിച്ചത്. ആഹാര പദാര്‍ത്ഥങ്ങളുണ്ടാക്കുന്നതില്‍ ബാപ്പയ്ക്കുളള അപാരമായ പാടവം തനിക്കു തുണയായതായി അസീസ് പറയുന്നു. ഭക്ഷണ സാധനം അതു നമുക്ക് കഴിക്കാനായാലും വില്‍ക്കാനായാലും അതു വൃത്തിയോടും രുചിയോടും കൂടി ഉണ്ടാക്കണമെന്നാണ് ബാപ്പ പഠിപ്പിച്ചത്.

അങ്ങിനെ തന്നെയാണ് ഇപ്പോഴും പലഹാരങ്ങളും ചോറും കറിയുമെല്ലാം ഒരുക്കുന്നത്.

ചീമേനി കിണറു മുക്കിലെ ഹോട്ടലിനോട് ചേര്‍ന്നുളള മുറിയില്‍ വെച്ച് ഭാര്യ ഹബീബയും മകള്‍ ഹസ്‌നയും ഭക്ഷണമൊരുക്കുന്നതില്‍ അസീസിന് തുണയായുണ്ട്. വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു വീട്ടു ഭക്ഷണം ലഭിക്കുന്നത് അസീസിന്റെ ഫാമിലി ഷോപ്പില്‍ നിന്നാണെന്ന് നാട്ടുകാരും പറയുന്നു.

Keywords: Cheemeni, Kasaragod, Azees Shop, Hotel, Restaurant, Five Rupees

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.