Latest News

വണ്ടിക്കള്ളന്മാർക്ക് ഓൺലൈൻപൂട്ട്


[www.malabarflash.com]  വാഹനം മോഷണം പോയാലുടൻ ഓൺലൈനായി പരാതി നൽകാനുള്ള സംവിധാനവുമായി മഹാരാഷ്ട്ര പൊലീസ്. പൊലീസിന്റെ www.vahanchoritakrar.com എന്ന പോർട്ടലിലാണു പരാതി നൽകേണ്ടത് സംസ്ഥാനത്തു വാഹനമോഷണക്കേസുകളിലുണ്ടായ വർധനയാണ് ഓൺലൈനായി പരാതിസമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനുള്ള കാരണം.
പുതിയ സംവിധാനത്തെക്കുറിച്ചു നഗരപ്രദേശങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും കഴിഞ്ഞു. സൈബർ ക്രൈം വിഭാഗമാണു പരിശീലനത്തിനു നേതൃത്വം നൽകിയത്. ഇരുപതിനായിരത്തോളം വാഹനമോഷണക്കേസുകളാണ് ഓരോ കൊല്ലവും സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്നത്. മുംബൈ, താനെ, പുണെ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ.
പലപ്പോഴും വാഹനം നഷ്ടപ്പെട്ടതിനെക്കാൾ ബുദ്ധിമുട്ടാകുക ഈ വാഹനമുപയോഗിച്ചു നടത്തുന്ന കുറ്റകൃത്യങ്ങൾക്കു സമാധാനം പറയേണ്ടിവരുന്ന സാഹചര്യമാണ്. മോഷണം പോയ വാഹനങ്ങൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കോ മറ്റു കുറ്റകൃത്യങ്ങൾക്കോ ഉപയോഗിച്ചാൽ അന്വേഷണം പലപ്പോഴും യഥാർഥ ഉടമയിലേക്കെത്തും. ഈ നടപടിക്രമങ്ങൾ പൊലീസിന് ഒഴിവാക്കാനുമാവില്ല. തീവ്രവാദ സംഘടനകൾ പലപ്പോഴും ഉപയോഗിക്കുക മോഷ്ടിച്ച വാഹനങ്ങളാണ്.

ഓൺലൈനായി പരാതി നൽകേണ്ടത് ഇങ്ങനെ
പോർട്ടലിൽ പ്രവേശിച്ച് ആദ്യം പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ആധാർ കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം.
റജിസ്‌ട്രേഷൻ സമയത്തു നൽകുന്ന പാസ്‌വേഡ് മറക്കരുത്. മൊബൈൽ നമ്പരോ ഇ-മെയിൽ ഐഡിയോ ഉപയോഗിച്ചു ലോഗിൻ ചെയ്യുമ്പോൾ ഇത് ഉപയോഗിക്കേണ്ടിവരും.
മോഷണംപോയ വാഹനത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താം. എൻജിൻ നമ്പർ, മോഡൽ, റജിസ്‌ട്രേഷൻ നമ്പർ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകണം. ഏതുസമയത്ത് എവിടെയാണു വാഹനം നഷ്ടപ്പെട്ടതെന്ന വിവരവും വേണം.
ഓൺലൈനായി പരാതി സമർപ്പിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിൽനിന്നു പരാതിക്കാരനെ ഫോണിൽ ബന്ധപ്പെടും. അന്വേഷണ പുരോഗതി നേരിട്ടോ ഫോണിലോ തിരക്കാം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.