Latest News

മഴക്കാലപൂര്‍വ്വ ശുചീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്:[www.malabarflash.com] മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും സന്നദ്ധസംഘടനകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

31 നകം എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഇതു സംബന്ധിച്ച് യോഗങ്ങള്‍ നടത്തണം. ജില്ലയെ പൂര്‍ണ്ണമായും മാലിന്യ വിമുക്തമാക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ അഞ്ച് വരെ ശുചീകരണ ദിവസങ്ങളായി ആചരിക്കും. നിയോജക മണ്ഡലതലത്തില്‍ എം എല്‍ എ മാരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാവുന്നതാണ്. ജൂണ്‍ അഞ്ചിന് ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നടപടിയെടുക്കണം. ശുചീകരണത്തിനായി ഓരോ വാര്‍ഡിലും 25,000രൂപ വീതം ചെലവഴിക്കാം. ഈ തുക ചെലവഴിക്കുന്നത് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണം. പൊതു സ്ഥലങ്ങളിലും തോട്ടങ്ങളിലും കൃഷിയിടങ്ങളിലും വെളളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. പി എച്ച് സി മുതല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഏത് പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ രക്ഷകനായി കൂടെയുണ്ടാകുമെന്നുറപ്പാക്കുന്ന ഇടപെടല്‍ നടത്താന്‍ എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘടനകളും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷത്തിലുണ്ടാകുന്ന കെടുതികള്‍ നേരിടാനും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ഭരണകൂടം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്തണം. വീടുകളും കാര്‍ഷിക വിളകളും മറ്റും നഷ്ടപ്പെട്ടാല്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഒരാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണം. 

പ്രകൃതിക്ഷോഭമുണ്ടായാല്‍ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് വെളളവും വൈദ്യുതിയുമുളള ഷെല്‍ട്ടറുകള്‍ ഒരുക്കണം. മാററി താമസിപ്പിക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നല്‍കണം. ജില്ലാ ഭരണകൂടത്തിനാണ് ഇതിന്റെ ഉത്തരവാദിത്വം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ കാലവര്‍ഷകെടുതി നേരിടാന്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, നഗര സഭാധ്യക്ഷന്മാരായ പ്രൊഫ. കെ പി ജയരാജന്‍ (നീലേശ്വരം) വി വി രമേശന്‍ (കാഞ്ഞങ്ങാട്), ബീഫാത്തിമ ഇബ്രാഹിം (കാസര്‍കോട്), ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ സ്വാഗതവും എഡിഎം വി പി മുരളീധരന്‍ നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.