Latest News

ഉപേക്ഷിച്ചതിലുള്ള വൈരാഗ്യം: മുന്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി

പറവൂര്‍:[www.malabarflash.com] തന്നെ ഉപേക്ഷിച്ചതിലുള്ള വൈരാഗ്യമാണു മുന്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യ ഗുണ്ടകളെ അയച്ചതെന്നു പോലീസ്. ക്വട്ടേഷന്‍ സംഘം ആളുമാറി സ്‌റ്റെഫിന്‍ എന്ന യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം കാരാഞ്ചിറ കാട്ടൂര്‍ പെരിങ്ങോട്ട് കാവ്യാഞ്ജലിയെ (29) അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: സ്‌റ്റെഫിന്റെ സഹോദരന്‍ സഫിനും കാവ്യാഞ്ജലിയും തമ്മില്‍ ചാറ്റിങ്ങിലൂടെയാണു പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും വിവാഹിതരായി. രണ്ടു മതത്തില്‍പ്പെട്ടവരായതിനാല്‍ റജിസ്റ്റര്‍ വിവാഹമായിരുന്നു. ഇതിനുമുന്‍പു കാവ്യാഞ്ജലി മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഒന്‍പതു വയസുള്ള ഒരു കുട്ടിയുണ്ട്. ആദ്യ ഭര്‍ത്താവില്‍ നിന്നു ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു രണ്ടാം വിവാഹം.

ഈ സത്യങ്ങള്‍ സഫിന്‍ അറിയുന്നതു വിവാഹശേഷമാണ്. ഇതോടെ ഇയാള്‍ വിവാഹമോചനം നേടി. പ്രതികാരം ചെയ്യുമെന്നു വിവാഹമോചനസമയത്തു കാവ്യാഞ്ജലി ഭീഷണിമുഴക്കി.ഏപ്രില്‍ 27നാണു സ്‌റ്റെഫിനു നേരെ ആക്രമണമുണ്ടായത്. വര്‍ക്‌ഷോപ്പ് നടത്തുന്ന സ്‌റ്റെഫിന്‍ ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വീട്ടിലെത്തിയ സമയത്താണു സംഭവം. രണ്ടംഗസംഘം ബൈക്കില്‍ എത്തി വാക്കത്തികൊണ്ടു വെട്ടുകയായിരുന്നു. മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ആരാണു വെട്ടിയതെന്നോ കാരണം എന്താണെന്നോ സ്‌റ്റെഫിനും കുടുംബത്തിനും അറിയില്ലായിരുന്നു.

പിന്നീടാണു സ്‌റ്റെഫിന്റെ സഹോദരന്‍ സഫിന്റെ മുന്‍ ഭാര്യ കാവ്യാഞ്ജലിയിലേക്ക് അന്വേഷണമെത്തിയത്. വിദേശത്തായിരുന്ന സഫിന്‍ നാട്ടിലുണ്ടായിരുന്ന സമയത്താണു സ്‌റ്റെഫിനുനേരെ ആക്രമണമുണ്ടായത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഗുണ്ടകളെയാണു കാവ്യാഞ്ജലി ഏര്‍പ്പാടാക്കിയത്. ഗുണ്ടകളുമായുള്ള കാവ്യാഞ്ജലിയുടെ ബന്ധത്തെപ്പറ്റിയും ഇടപാടുകളെപ്പറ്റിയും അന്വേഷണം നടത്തിവരികയാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നു പോലീസ് പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.