Latest News

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് നേതാക്കള്‍

കാസര്‍കോട്:[www.malabarflash.com] മഞ്ചേശ്വരത്ത് യുഡിഎഫ് നേതാക്കള്‍ വ്യാജപ്രചാരണം നടത്തിയാലൊന്നും സി എച്ച് കുഞ്ഞമ്പുവിന്റെ വിജയം തടയാനാകില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റം യുഡിഎഫിനെയും ബിജെപിയെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഇതിനാലാണ് കര്‍ണാടകയില്‍നിന്ന് മന്ത്രിമാരെയും നേതാക്കളെയും ഇറക്കി വ്യാജപ്രചാരണം നടത്തുന്നത്. ബിജെപി വരുമെന്ന് പറഞ്ഞ് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമം. ബിജെപിയുമായിട്ടാണ് തങ്ങളുടെ മത്സരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രചാരണം നേരത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍തന്നെ തിരുത്തിയതാണ്.

മഞ്ചേശ്വരത്ത് പരാജയം ഉറപ്പായപ്പോള്‍ പഴയ പല്ലവി പറഞ്ഞ് വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള നീക്കം ഇത്തവണ വിലപ്പോകില്ല. യുഡിഎഫിന്റെയും ബിജെപിയുടെയും പരമ്പരാഗത കേന്ദ്രങ്ങളില്‍പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വലിയ വരവേല്‍പ്പായിരുന്നു. വികസനം നടത്തിയെന്ന പ്രഖ്യാപനങ്ങള്‍ നനഞ്ഞ പടക്കമായി ഏശുന്നില്ലെന്ന് വ്യക്തമായപ്പോഴാണ് ബിജെപിയുടെ പേരില്‍ പ്രചാരണം.

ബിജെപി സ്ഥാനാര്‍ഥിക്കെതിരെയുള്ള പ്രവര്‍ത്തകരുടെ അസംതൃപ്തിയും മോഡി ഭരണത്തിലെ ജനദ്രോഹവും അവരുടെ നില പരുങ്ങലിലാക്കി. മുമ്പില്ലാത്ത വിവിധ വിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുകയാണ്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പാര്‍ടിവിട്ട് എല്‍ഡിഎഫിന് പിന്തുണയുമായി വന്നു. ഇതൊക്കയും കാണിക്കുന്നത് മണ്ഡലത്തില്‍ രൂപപ്പെട്ട എല്‍ഡിഎഫ് അനുകൂല തരംഗമാണ്.
ഇത് മറിക്കടക്കാനാകാതെയാണ് യുഡിഎഫ് കള്ളപ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്.

ഇത് മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ തള്ളും. മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ബി വി രാജന്‍, സെക്രട്ടറി ഡോ. വി പി പി മുസ്തഫ, പി ബി അഹമ്മദ്, എസ് എം എ തങ്ങള്‍, എം ഡി മുസ്തഫ, കെ എം മഹമൂദ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.