Latest News

മംഗലാപുരം വിമാന ദുരന്തത്തിന് ആറ് വര്‍ഷം

മംഗലാപുരം[www.malabarflash.com]: മംഗലാപുരത്ത് വിമാന ദുരന്തമുണ്ടായിട്ട് ആറ് വര്‍ഷം തികയുന്നു. 58 മലയാളികളടക്കം 158 പേരായിരുന്നു രാജ്യത്തെ നടുക്കിയ അപകടത്തില്‍ അന്ന് മരിച്ചത്. 2010 മെയ് 22നായിരുന്നു ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനം ബജ്‌പെ വിമാനതാവളത്തിലെ റണ്‍വെയില്‍ നിന്ന് തെന്നിനീങ്ങി കത്തിയമര്‍ന്നത്.

32 സ്ത്രീകളും 22 കുട്ടികളുമുള്‍പ്പെടെ 158 പേര്‍ മരിച്ച ആകാശ ദുരന്തത്തില്‍ നിന്ന് 8 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ദുരന്തം നടന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും ഇരകള്‍ക്ക് നീതി ലഭ്യമായില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ പോലും ദേശീയ വിമാന കമ്ബനി തയാറായില്ലെന്ന പരാതി വ്യാപകമാണ്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗാലാപുരത്തേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പുലര്‍ച്ചെ ലാന്‍ഡിങിനിടയില്‍ കത്തിയമര്‍ന്നത്. ദുരന്തത്തിന് ആറ് വയസ്സ് പൂര്‍ത്തിയായെങ്കിലും എയര്‍ ഇന്ത്യ പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല. വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നഷ്ടപരിഹാരങ്ങള്‍ നല്‍കുമെന്ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. എന്നാല്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് മാത്രം. പലരും കേസിന്റെ മാര്‍ഗത്തില്‍ തന്നെയാണ്.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ ജോലി നല്‍കാമെന്ന വാഗ്ദാനവും പുലര്‍ന്നില്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കണ്ണൂര്‍ കറുമാത്തൂര്‍ കെ.പി മായന്‍കുട്ടി നിരാശ മറച്ചു പിടിക്കുന്നില്ല. തീയില്‍ അമര്‍ന്ന വിമാനത്തിന്റെ ബോഡിക്കിടയില്‍ കണ്ട വിടവിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു മായിന്‍കുട്ടി. പ്രവാസ ലോകത്തെ ഉപജീവന മാര്‍ഗം ഉള്ളതു കൊണ്ട് പിടിച്ചു നില്‍ക്കുകയാണ് മായന്‍ കുട്ടി. ഇവര്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്മിറ്റി എല്ലാ സര്‍ക്കാരിനു മുന്നിലും ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു. 

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും മുന്‍ യു.പി.എ സര്‍ക്കാരിന്റെ അതേ നിഷേധാത്മക നിലപാട് തന്നെയാണ് ഇരകളുടെ കാര്യത്തില്‍ പിന്തുടരുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നാനാവതി കമ്മീഷനു മുമ്പാകെയും ഒത്തുതീര്‍പ്പിന് ഇരകളില്‍ ഒരു വിഭാഗം തയാറായിരുന്നില്ല. എങ്കിലും പോരാട്ടം തുടരുമെന്നു തന്നെ മരണപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ട മായിന്‍കുട്ടിയും ഉറപ്പിക്കുന്നു.





Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.