Latest News

ഉള്ളാള്‍ ദര്‍ഗ്ഗ പ്രശ്‌നങ്ങള്‍ക്ക് ഖാസി ഫസല്‍ കോയമ്മതങ്ങളുടെ നേതൃത്വത്തില്‍ രമ്യമായ പരിഹാരം

ഉളളാള്‍:[www.malabarflash.com] ഒരു മാസത്തോളമായി ഉള്ളാള്‍ ദര്‍ഗ ഭരണത്തെച്ചൊല്ലി നിലനിന്ന തര്‍ക്കങ്ങള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ സമാധാനപൂര്‍വ്വം പരിഹരിച്ചു.

താജുല്‍ ഉലമ കാണിച്ചു തന്ന സുന്നത്ത് ജമാഅത്തിന്റെ വഴിയില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാതെ എല്ലാവരും ഒറ്റക്കെട്ടായി മുന്നേറുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

കഴിഞ്ഞ 24 ന് കാന്തപുരം എ.പി. അബൂബക്കല്‍ മുസ്‌ല്യാരുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന യോഗത്തില്‍ ഉള്ളാളിലെ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വിഷയം ഖാസി സയ്യിദ് ഫസല്‍ കോയമ്മ കൂറത്ത് തങ്ങളുടെ തീരുമാനത്തിന് വിടുകയായിരുന്നു. അത് പ്രകാരം, ശനിയാഴ്ച രാവിലെ 10 മണിക്ക് കൂറത്ത് തങ്ങളെ ഉള്ളാള്‍ ജംഗ്ഷനില്‍ നിന്നും പൗരപ്രമുഖരും ദര്‍ഗ്ഗ യിലെ ദഅവ ഹിഫഌവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഘോഷയാത്രയായി ദര്‍ഗ്ഗയിലേക്ക് ആനയിച്ചു.

ദര്‍ഗ്ഗ സിയാറത്തിന് ശേഷം നടന്ന യോഗത്തില്‍ ഒരു മണിക്കൂറോളം ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ആത്മീയോപദേശം നടത്തുകയും ശേഷം ഹാജി അബ്ദുറശീദ് ഉള്ളാളിനെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങള്‍ നിയുക്ത പ്രസിഡന്റിനെ ഹാരാര്‍പ്പണം ചെയ്യുകയും തിരിച്ച് നിയുക്ത പ്രസിഡന്റ് ഖാസിക്ക് ഹാരാര്‍പ്പണം നടത്തുകയും ചെയ്തു.

തുടര്‍ന്ന് തന്റെ ആദ്യ സന്ദേശത്തില്‍ താജുല്‍ ഉലമ കാണിച്ചു തന്ന സുന്നത്ത് ജമാഅത്തില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും ഖാസി കുറത്ത് തങ്ങളുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും നിയുക്ത പ്രസിഡന്റ് പറഞ്ഞു. ദിവസങ്ങളായി നീണ്ടു നിന്ന അസ്വസ്ഥതക്ക് പരിപൂര്‍ണ വിരാമമെന്ന നിലയിലുള്ള ഈ പ്രഖ്യാപനം തക്ബീര്‍ ധ്വനികളോടെ സദസ്സ് എതിരേറ്റു.

പുതിയ ഉള്ളാള്‍ ദര്‍ഗാ കമ്മറ്റി ഭാരവാഹികള്‍: ഹാജി അബ്ദുറശീദ് ഉള്ളാള്‍ (പ്രസിഡന്റ്), യു.കെ മോനു കോട്ടപ്പുറം, ബാവാ മുഹമ്മദ് (വൈ.പ്രസി.), ത്വാഹാ ഹാജി (ജന. സെക്ര.), നൗഷാദ് മേനങ്ങാടി, ആസാദ് ഇസ്മാഈല്‍ (ജോ.സെക്ര.) യു.കെ ഇല്യാസ് (ട്രഷറര്‍) യു.ടി ഇല്യാസ് (ഓഡിറ്റര്‍)

ഉള്ളാള്‍ ദര്‍ഗയില്‍ സുന്നി സംഘടനാ വഴക്കല്ല ഉണ്ടായിരുന്നതെന്നും ഭരണ നിര്‍വ്വഹണത്തെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയാണ് ഉണ്ടായിരുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഖാസി സയ്യിദ് ഫസല്‍ കോയമ്മ കൂറത്ത് തങ്ങളുടെ നേതൃത്വത്തില്‍ ഹാജി അബ്ദു റസീദ് ഉള്ളാള്‍ പ്രസിഡന്റായി കൂടുതല്‍ ഊര്‍ജ്വസ്വ്വലതയോടെ മുന്നേറാനുള്ള തീരുമാനം വിശ്വാസികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ് ഉള്ളാള്‍ ദര്‍ഗ. അഞ്ച് പതിറ്റാണ്ടിലേറെ ഈ ദര്‍ഗയുടെയും നാടിന്റെയും നായകത്വം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ക്കായിരുന്നു. തങ്ങളുടെ വിയോഗ ശേഷം മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളാണ് ഖാസിയായി സേവന രംഗത്തുള്ളത്.





Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.