Latest News

പണമില്ല പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തില്‍

വിവിധയിനം വാഗ്ദ്ധാനങ്ങള്‍ നല്‍കിയും, പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി അതാതു കക്ഷികള്‍ യാതൊരു തിരിച്ചറിവുമില്ലാതെ തെരെഞ്ഞെടുപ്പ് പ്രകടനപത്രികള്‍ ഉണ്ടാക്കി അതുമായാണ് കഴിഞ്ഞ ത്രിതല തെരെഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇടതു മുന്നണി അംഗീകരിച്ചത് ജനങ്ങള്‍ തന്നെ നിര്‍മ്മിച്ച പ്രകടന പത്രികളായിരുന്നു.[www.malabarflash.com]

 ഭരണ മാറ്റം കൈവന്ന പഞ്ചായത്തുകളടക്കം വാഗ്ദ്ധാനം ചെയ്തവ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുന്നു. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സമയമായിക്കഴിഞ്ഞു പക്ഷെ എങ്ങും നിസംഗത. ഇത് ഗ്രാമസഭ ചേരുന്ന കാലമാണ്. പദ്ധതി നിര്‍ദ്ദേശങ്ങള്‍ നിര്‍ലോഭമുണ്ട് പക്ഷെ എവിടെയാണ് പണം?

സാമ്പത്തിക പ്രതിസന്ധി കരുതിയതിനേക്കാളും ഭീമമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു കഴിഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മിക്കതും നിലവില്‍ ഇടതു ഭരിക്കുന്നതാകയാല്‍ സര്‍ക്കാരിനു മേല്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദവുമുണ്ടാകും. പക്ഷെ യുഡിഎഫിന്റെ കാലത്ത് എടുത്ത പണിക്കു തന്നെ കൊടുക്കാന്‍ പണമില്ലാതെ വരുമ്പോള്‍ കേരളത്തിന്റെ വരും വികസനത്തിന് പുത്തരിയില്‍ തന്നെ കല്ലുകടിയാണ്.

ബജറ്റില്‍ അനുവദിച്ച തുക പത്ത് ഗഡുക്കളായാണ് തദ്ദേശ സ്ഥാപനങ്ങളിക്ക് എത്തിക്കുകയെന്ന കീഴ് വഴക്കമാണ് നമുക്ക്. ഈ ഫണ്ട് നേരിട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ ട്രഷറി അക്കൗണ്ടില്‍ പണമായിത്തന്നെ എത്താറാണ് പതിവ്. പദ്ധതി നിര്‍വ്വഹണം പുര്‍ത്തിയാകുന്ന മുറക്ക് ഇതില്‍ നിന്നും സെക്രട്ടറി ചെക്കെഴുതി എടുത്തു കൊടുക്കും.

മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായാലും നീക്കിയിരിപ്പ് പണം സെക്രട്ടറിയുടെ അക്കൗണ്ടില്‍ തന്നെ കാണുമെന്നതിനാല്‍ പണി തീരുന്ന മുറക്ക് സമയം കഴിഞ്ഞാലും പണമെടുത്തു കൊടുക്കാന്‍ തടസമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ അവസാന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ കൈയ്യില്‍ പണം കുറവു വന്നപ്പോള്‍ ഈ കീഴ് വഴക്കത്തിനു മാറ്റം വന്നു.

പണി പകുതിയിലാണെങ്കിലും 2016 മാര്‍ച്ച് 31 വരെ ചിലവാക്കാത്ത പണം അപ്പാടെ സര്‍ക്കാര്‍ തിരിച്ചെടുത്തു. പിന്നീട് തീര്‍ത്ത പണിയുടെ ബില്ല് മാറാന്‍ സെക്രട്ടറിമാരുടെ ശുന്യമായ ഫണ്ടില്‍ പണമില്ലാതായതോടെയാണ് താളം പിഴക്കാന്‍ തുടങ്ങിയത്.

മറ്റു വകുപ്പുകളില്‍ നിന്നും വ്യത്യസ്ഥ രീതിയായണ് ത്രിതല പഞ്ചായത്തിലെ ഫണ്ടിങ്ങ് രീതി. അതപ്പടി തുലഞ്ഞിരിക്കുകയാണ്. സ്പില്‍ ഓവറായി മാറ്റി വെക്കേണ്ട പണം യു.ഡി.എഫ് സര്‍ക്കാര്‍ തിരിച്ചെടുത്തതിനാല്‍ ഇപ്പോള്‍ അവ നല്‍കേണ്ടുന്ന ചുമതല തോമസ് ഐസക്കില്‍ വന്നു ചേര്‍ന്നിരിക്കുകയാണ്. പണം കിട്ടാനുള്ളവരോട് ആശാപരങ്ങളായ മറുപടി പറയാന്‍ സംസ്ഥാന ധനസ്ഥിതി അശക്തമായ സ്ഥിതിക്ക് വരാനിരിക്കുന്ന പുതിയ ബജറ്റിലാണ് എല്ലാവരുടെയും പ്രതീക്ഷ.

ഒന്നും ശരിയായില്ലെങ്കില്‍ നടപ്പു വര്‍ഷത്തില്‍ ചിലവഴിക്കാനിരിക്കുന്ന പണമെടുത്ത് സ്പില്ലോവറായ വര്‍ക്കിന്റെ പണം നല്‍കേണ്ടി വരും.അങ്ങനെ വരുമ്പോള്‍ തുടക്കത്തില്‍ സുചിപ്പിച്ചതു പോലെ വിവിധ പ്രകടനപത്രികള്‍ നടപ്പിലാക്കാന്‍ കഴിയാതെ ത്രിതല പഞ്ചായത്തുകള്‍ നോക്കുകുത്തി മാത്രമെന്ന പഴി കേള്‍ക്കേി വരും. അല്ലെങ്കിലും വികസന വിരോധികളെന്ന പേര് ഇടതിനു മേല്‍ നേരത്തെ ചാര്‍ത്തപ്പെട്ടതാണല്ലോ.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാവാം, 2016-17ലെ പദ്ധതി ആസുത്രണം പോലും പാതിവഴിയിലാണ്. ഓണ്‍ലൈനിലാണ് ആസുത്രണ ബോഡിന് പദ്ധതികള്‍ സമര്‍പ്പിക്കേണ്ടത്. ഇതിന്റെ സോവ്റ്റ്‌വേയര്‍ പോലും ഇനിയും തയ്യാറായി വന്നിട്ടില്ല. മഴ വന്നുകഴിഞ്ഞു. കാര്‍ഷിക മേഘലയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ഇപ്പോഴില്ലെങ്കില്‍ പിന്നെ വെള്ളം വാര്‍ന്നൊലിച്ചു പോയതിനു ശേഷം ചിറ കെട്ടിയിട്ടെന്തു കാര്യം.
-പ്രതിഭാരാജന്‍






No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.