Latest News

ജിഷ വധക്കേസ്: പ്രതിയെ റിമാൻഡ് ചെയ്തു


പെരുമ്പാവൂർ: [www.malabarflash.com] ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്ലാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുരക്ഷാ കാരണങ്ങളാൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയില്ല. അഭിഭാഷകനെ വേണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് അഡ്വ. പി രാജനെ അഭിഭാഷകനായി ചുമതലപ്പെടുത്തി. തുടർന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് പ്രതിയെ മാറ്റി. തിരിച്ചറിയൽ പരേഡിന് ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക.
കനത്ത സുരക്ഷാ വലയത്തിലാണ് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. ജഡ്ജിയുടെ ചേംബറിലാണ് പ്രതിയെ ഹാജരാക്കിയത്. പ്രതിയോട് രണ്ടു ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. അഭിഭാഷകനെ ആവശ്യമുണ്ടോയെന്നായിരുന്നു ആദ്യചോദ്യം. ഇതിനു വേണം എന്നായിരുന്നു മറുപടി. രണ്ടാമതായി പൊലീസിൽനിന്നും മർദനമുണ്ടായോ എന്നും ചോദിച്ചു. ഇതിനു ഇല്ല എന്നായിരുന്നു മറുപടി. മുഖം ഹെൽമറ്റ് ധരിപ്പിച്ചാണ് പൊലീസ് പ്രതിയെ കോടതിയിലെത്തിച്ചത്. കോടതി പരിസരത്ത് വൻ ജനാവലിയുള്ളതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
നേരത്തെ ഇയാളെ ആലുവ പോലീസ് ക്ലബ്ബില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിശദമായി ചോദ്യം ചെയ്തിരുന്നു. ഉച്ചക്ക് 1.45 ഓടെ ആലുവയിലെ പൊലീസ് ക്ലബില്‍ എത്തിയ ഡി.ജി.പി ഒന്നര മണിക്കൂറോളം പ്രതിയെ ചോദ്യംചെയ്തു. കൊലപാതകം സംബന്ധിച്ച സംഭവങ്ങള്‍ സമയക്രമത്തില്‍ ഇയാള്‍ പൊലീസിനോട് വിശദീകരിച്ചതായാണ് വിവരം.
കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഡോക്ടർമാരെ ആലുവ പൊലീസ് ക്ലബിൽ എത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്. പെരുമ്പാവൂർ ആശുപത്രിയിലെ ഡോ. പ്രേം ആണ് പ്രതിയെ പരിശോധനക്ക് വിധേയമാക്കിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.