Latest News

'ദുരഭിമാനക്കൊല': ഗര്‍ഭിണിയായ മകളെ അമ്മ കഴുത്തറുത്ത് കൊന്നു


ലാഹോർ: [www.malabarflash.com] പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ അമ്മ ഗർഭിണിയായ മകളെ കൊലപ്പെടുത്തി.രണ്ടാഴ്ചയ്‍ക്കിടെ ലാഹോറിൽ ദുരഭിമാനത്തിന്റെ പേരിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. എട്ടുമാസം ഗർഭിണിയായ മകളെ കത്തികൊണ്ട് കഴുത്തറുത്താണ് അമ്മ കൊലപ്പെടുത്തിയത്. ലാഹോറിൽ നിന്നും 80 കിലോമീറ്റർ അകലെ ഗുജ്രൺവാലയിലെ ബുത്രൺവാലി സ്വദേശിനിയായ മുഖ്ദാസ് (22) മൂന്നുവർഷം മുമ്പാണ് വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി അതേ ഗ്രാമവാസിയായ തൗഫീക്കിനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചത്. ഈ വിവാഹത്തിൽ മുഖ്ദാസിന്റെ വീട്ടുകാർക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നതായി സൂപ്രണ്ടന്റ് ഓഫ് പോലീസ് (സിവിൽ ലൈൻസ്) നദീം ഖോഖർ പറഞ്ഞു. "ഈ അടുത്ത് മുഖ്ദാസിന്റെ അമ്മ അംന അവരെ ഫോണിൽ ബന്ധപ്പെട്ടു. വീട്ടിലെല്ലാവരും അവളോട് ക്ഷമിച്ചുവെന്നും അടുത്ത്തന്നെ ഒരു ദിവസം ഭർത്താവുമായി വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഇന്നലെ വൈദ്യ പരിശോധനയ്‍ക്കായി ചികിത്സാലയത്തിൽ എത്തിയ മുഖ്ദാസിനെ അംന അവിടെ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു," നദീം ഖോഖർ വിശദീകരിച്ചു. "കഴുത്ത് മുറിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പായി അംനയും ഭർത്താവ് അർഷാദും മകൻ ആദിലും ചേർന്ന് മുഖ്ദാസിനെ കഠിനമായി ദേഹോപദ്രവം ചെയ്തിരുന്നു. ഞങ്ങളിപ്പോൾ മുഖ്ദാസിന്റെ ബന്ധുക്കളിൽ നിന്നും മൊഴി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കേസന്വേഷണം എല്ലാ വശങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്," നദീം ഖോഖർ പറഞ്ഞു. മുഖ്ദാസിന്റെ അമ്മയും അച്ഛനും സഹോദരനും ഉൾപ്പെടെ ആറുപേർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അർഷാദ് അറസ്റ്റിലായി കഴിഞ്ഞതായും മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നതായും നദീം ഖോഖർ പറഞ്ഞു. മുഖ്ദാസിന്റെ വീട്ടുകാർ അവളോട് ക്ഷമിച്ചിരുന്നതായും പിന്നീടെപ്പോഴോ ആണ് അവർ മുഖ്ദാസിനെ കൊല്ലണം എന്ന തീരുമാനത്തിൽ എത്തിയത് എന്നും മുഖ്ദാസിന്റെ ഭർതൃസഹോദരൻ ഷഫീഖ് പറഞ്ഞു. കുടുംബത്തിന്റെ നഷ്ടപ്പെട്ട സൽപ്പേര് വീണ്ടെടുക്കാനായി മുഖ്ദാസിന്റെ വീട്ടുകാർ ഒറ്റക്കെട്ടായ് എടുത്ത തീരുമാനമായിരിക്കാം ഇതെന്നും ഷഫീഖ് കൂട്ടിച്ചേർത്തു. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് കഴിഞ്ഞയാഴ്ച ലാഹോറിൽ സീനത്ത് എന്ന 18 വയസ്സുകാരിയെ ദുരഭിമാനത്തിന്റെ പേരിൽ അമ്മ ചുട്ടുകൊന്നിരുന്നു. ഇതേ കാരണത്താൽ ലാഹോറിൽ വധൂവരന്മാരെയും, ഒരു ക്രിസ്ത്യൻ പെൺകുട്ടിയേയും അവരുടെ വീട്ടുകാർ കൊന്നിരുന്നു. അതേസമയം, ഇത്തരം ദുരഭിമാന കൊലകൾ ഇസ്ലാം മതവിശ്വാസങ്ങൾക്ക് എതിരാണെന്ന് കാണിച്ച് പല മത സംഘടനകളും നേരത്തേ രംഗത്ത് വന്നിരുന്നു. ഏകദേശം 1,100 സ്ത്രീകളാണ് ദുരഭിമാനത്തിന്റെ പേരിൽ പാകിസ്താനിൽ കഴിഞ്ഞ വർഷം മാത്രമായി കൊല്ലപ്പെട്ടത്.

Keywords: Nationa News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.