Latest News

കാഞ്ഞങ്ങാട്‌ സ്വദേശിയെ കഴുത്തറുത്ത്‌ കൊന്ന ദുര്‍മന്ത്രവാദിയെ കണ്ടെത്താന്‍ കാസര്‍കോട്ടും അന്വേഷണം


കാസര്‍കോട്‌: [www.malabarflash.com] നിധി കണ്ടെത്താന്‍ കാഞ്ഞങ്ങാട്‌ സ്വദേശിയെ കഴുത്തറുത്ത്‌ കൊന്ന്‌ മൃതദേഹം കൊക്കയില്‍ തള്ളിയ കേസില്‍ ഒളിവില്‍ പോയ ദുര്‍മന്ത്രവാദിയെ കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം കാസര്‍കോട്‌ ജില്ലയിലേക്ക്‌ വ്യാപിപ്പിച്ചു. കൊല്ലപ്പെട്ട ആള്‍ കാസര്‍കോട്‌ ജില്ലക്കാരനായതുകൊണ്ട്‌ തന്നെ മന്ത്രവാദിക്ക്‌ ജില്ലയുമായി അടുത്ത ബന്ധം ഉണ്ടാകുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ പൊലീസ്‌. കുടക്‌, നാപ്പൊക്ലു പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ചേലാവാ, കടങ്കയില്‍ സ്ഥിര താമസമാക്കിയ മുനീര്‍ എന്ന യുവാവാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ മുനീറിന്റെ ഭാര്യാ സഹോദരന്‍ സലാമിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാളില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മന്ത്രവാദിക്കായുള്ള തെരച്ചില്‍ തുടരുന്നത്‌. രഹസ്യാന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത്‌ വിടാന്‍ പൊലീസ്‌ തയ്യാറായിട്ടില്ല.
മുനീറിന്റെ കൊലപാതകത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നത്‌ ഇങ്ങനെ. “മുനീര്‍ വര്‍ഷങ്ങളായി കടങ്കയിലാണ്‌ താമസം. കഴിഞ്ഞ മാസം 24ന്‌ മുനീര്‍ ഏതാനും പേര്‍ക്കൊപ്പം കുബ്ബെകുന്നിന്‍ ചെരുവിലേക്ക്‌ പോയിരുന്നു. അവിടെ എത്തിയപ്പോള്‍ ഒരു സ്വര്‍ണ്ണ തളിക ഉള്‍പ്പെടെയുള്ള നിധിശേഖരം കണ്ടുവെന്നും ആ കാഴ്‌ച കണ്ട ഉടനെ ബോധംകെട്ടുവീണുപോയിരുന്നുവെന്നും മുനീര്‍ കൊല്ലപ്പെടുന്നതിന്‌ മുമ്പ്‌ നാട്ടുകാരായ പലരോടും പറഞ്ഞിരുന്നു. ഇക്കാര്യം ഭാര്യാ സഹോദരന്‍ സലാമിന്റെ ചെവിയിലെത്തുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ദുര്‍മന്ത്രവാദത്തിലൂടെ നിധി കണ്ടെത്താനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത്‌.
മന്ത്രവാദിയെയും കൂട്ടി സലാമും മുനീറും രണ്ട്‌ ബൈക്കുകളിലായി കുന്നിന്‍ ചെരുവില്‍ എത്തുകയും ദുര്‍മന്ത്രവാദത്തിനായി കൊല നടത്തുകയുമായിരുന്നു. എന്നാല്‍ സലാം നാട്ടില്‍ പറഞ്ഞു പരത്തിയത്‌ മറ്റൊരു കഥയാണ്‌. നിധിയെടുക്കാന്‍ തന്നെയും വിളിച്ചിരുന്നുവെന്നും എന്നാല്‍ പേടി കാരണം താന്‍ പോയില്ലെന്നുമാണ്‌ പറഞ്ഞത്‌. എന്നാല്‍ ഇയാളുടെ നീക്കങ്ങളില്‍ സംശയം ഉയരുകയും മുനീറിനെ കൊലപ്പെടുത്തിയതായുള്ള സൂചനകളും പുറത്തുവന്നു. സംഭവം പുറത്താകുമെന്ന്‌ ഭയന്ന്‌ സലാം നാട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടയിലാണ്‌ പൊലീസിന്റെ പിടിയിലായത്‌. മന്ത്രവാദിയെ കണ്ടെത്തുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ്‌ അന്വേഷണം സംഘം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.