Latest News

പിലിക്കോട് ബാങ്ക് തട്ടിപ്പ്; മുക്കുപണ്ടമെത്തിച്ച മാനേജരുടെ സുഹൃത്ത് അറസ്റ്റില്‍


ചെറുവത്തൂര്‍: [www.malabarflash.com] പിലിക്കോട് ബാങ്കില്‍ തട്ടിപ്പ് നടത്താന്‍ മാനേജര്‍ക്ക് മുക്കുപണ്ടം എത്തിച്ചുകൊടുത്ത പിലിക്കോട് റെയില്‍വേ മേല്‍പാലത്തിന് സമീപത്തെ സി.സുഭാഷിനെ (40) വെള്ളിയാഴ്ച കാലിക്കടവില്‍ പോലീസ് അറസ്റ്റുചെയ്തു. മാനേജരുടെ അടുത്ത സുഹൃത്താണ് ഇയാള്‍. അതിനിടെ മുക്കുപണ്ടം പണയപ്പെടുത്തി 80.48 ലക്ഷം തട്ടിയെടുത്ത കേസില്‍ മാനേജര്‍ എം.വി.ശരത്ചന്ദ്രന്‍ അപ്രൈസര്‍ പി.വി.കുഞ്ഞിരാമന്‍ എന്നിവരെ ബാങ്കിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു.
തിരുര്‍ പൊന്ന് വില്പന നടത്തുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ നിന്നാണ് മുക്കുപണ്ടം വാങ്ങിച്ചതെന്ന് സുഭാഷ് പോലീസിനോട് സമ്മതിച്ചു. കേസിലെ മൂന്നാം പ്രതിയാണ് സുഭാഷ്. അഞ്ചുതവണ മുക്കുപണ്ടം പണയപ്പെടുത്തി 9.42 ലക്ഷം രൂപ ഇയാളുടെ പേരിലും വായ്പയെടുത്തിട്ടുണ്ട്. താനുള്‍പ്പെടെ തട്ടിപ്പിനിരയാവര്‍ നിരപരാധികളാണന്ന് കഴിഞ്ഞദിവസം ജില്ലാപോലീസ് സൂപ്രണ്ടിന്റെ മുമ്പിലെ പരാതി നല്‍കിയ സംഘത്തിലും ഇയാളുണ്ടായിരുന്നതായി പോലീസ് സൂചിപ്പിച്ചു.
വെള്ളിയാഴ്ച അഞ്ചുമണിയോടെയാണ് മാനേജര്‍ എം.വി.ശരത്ചന്ദ്രനെയും അപ്രൈസര്‍ പി.വി.കുഞ്ഞിരാമനെയും സി.ഐ. ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിലിക്കോട് ബാങ്കിന്റെ കാലിക്കടവ് ശാഖയിലെത്തിച്ച് തെളിവെടുത്തത്. വിവിരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ ബാങ്ക് പരിസരത്ത് തടിച്ചുകൂടി. ഇവരെ വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെ തീരൂര്‍ പൊന്ന് വില്‍പന നടത്തുന്ന ജ്വല്ലറിയിലും തെളിവെടുപ്പിനായി കൊണ്ടുപോയി.
സഹകരണ വകുപ്പ് പരിശോധകസംഘത്തിന് നേതൃത്വംകൊടുക്കുന്ന അസിസ്റ്റന്റ് റജിസ്ട്രാര്‍ സജീവ് കര്‍ത്തയില്‍നിന്ന് പോലീസ് മൊഴിയെടുത്തു. വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത സുഭാഷ്, തെളിവെടുപ്പിനായി കോടതിയില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശരത്ചന്ദ്രന് കുഞ്ഞിരാമന്‍ എന്നിവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇതിനിടയില്‍ മുക്കുപണ്ടം ബാങ്കില്‍ പണയപ്പെടുത്തിയവരുടെ പട്ടികയിലുള്ള രണ്ടുപേര്‍ ശരത്ചന്ദ്രനെതിരെ ചന്തേര പോലീസില്‍ പരാതി നല്‍കി. ഞങ്ങളെ കബളിപ്പിച്ച് മുക്കുപണ്ടം വെച്ച് ബാങ്ക് മാനേജരായ ശരത്ചന്ദ്രന്‍ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പിലിക്കോട് മടിവയലിലെ പി.വി.ടി.ജയരാജ്, കാലിക്കടവിലെ പി.രാജേഷ് എന്നിവരുടെ പരാതിയില്‍ ശരത്ചന്ദ്രനെതിരെ കേസെടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.