Latest News

ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: പൊലീസിനോട് ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി; എങ്കില്‍ പിന്നെ പൊലീസ് ഭരിച്ചാല്‍ പോരെയെന്ന് സുധീരന്‍; അധികാരം കിട്ടിയാല്‍ എന്തുമാകാമെന്നാണ് ധാരണയെന്ന് ഉമ്മന്‍ചാണ്ടി


ന്യൂഡല്‍ഹി/കൊച്ചി: കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് രണ്ടുദിവസം പിന്നിടുമ്പോഴും തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സമീപനം തന്നെ ഞെട്ടിച്ചതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരനും അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് സിപിഐഎമ്മിന്റെ ധാരണയെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു.

അതേസമയം തലശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് കണ്ണൂര്‍ എസ്പി സഞ്ജയ് കുമാറിന്റെ റിപ്പോര്‍ട്ടും പുറത്ത് വന്നു. അറസ്റ്റില്‍ നടപടി ക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ എസ് പി വ്യക്തമാക്കുന്നു. യുവതിയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് മൊഴി രേഖപ്പെടുത്തിശേഷം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തലശേരിയില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതും അവര്‍ ജാമ്യത്തിലിറങ്ങിയതും അതിലൊരാള്‍ ഇന്നലെ രാത്രി ആത്മഹത്യാ ശ്രമം നടത്തിയതും ചോദിക്കവെയാണ് രണ്ടാംദിവസവും തനിക്ക് ഇക്കാര്യത്തിലൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.പൊലീസിനോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പത്രസമ്മേളനം നടത്തിയപ്പോഴും പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കാര്യങ്ങള്‍ മനസിലാക്കിയശേഷം പ്രതികരിക്കാം എന്നുമായിരുന്നു ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മറുപടി. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനുളള പിണറായിയുടെ അവധാനതയാണ് ഇതെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
മുഖ്യമന്ത്രി എവിടെ ആയിരുന്നാലും തത്സമയം റിപ്പോര്‍ട്ട് കിട്ടാനുളള സാഹചര്യം ഇന്ന് നിലവിലുണ്ട്. ഒന്നുകില്‍ ആഭ്യന്തര വകുപ്പിന് വലിയ പിഴവ് സംഭവിച്ചു. അല്ലെങ്കില്‍ സത്യം മറച്ചുവെക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്ന ഒരു വ്യക്തി മുഖ്യമന്ത്രി ആയപ്പോള്‍ ആരും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ച് കാണില്ല, സര്‍ക്കാരിന് തികഞ്ഞ ഏകാധിപത്യ പ്രവണതയാണെന്നാണ് ഇത് കാണിക്കുന്നത്. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ എന്തിനാണ് ആഭ്യന്തര മന്ത്രി, എന്തിനാണ് മുഖ്യമന്ത്രി പൊലീസ് ഭരിച്ചാല്‍ പോരെ എന്നും സുധീരന്‍ ചോദിച്ചു.
ജാമ്യാപേക്ഷ നല്‍കിയില്ല എന്ന സിപിഐഎം നേതാക്കളുടെ പ്രസ്താവന തികച്ചും അവാസ്തവമാണ്. മജിസ്‌ട്രേറ്റ് ജ്യാമാപേക്ഷ സ്വീകരിച്ചില്ല. ഈ നടപടി ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമില്ലാത്ത പരമാര്‍ശത്തിനെതിരെ സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വം മറുപടി പറയണം. വാക്കൊന്ന് പ്രവൃത്തി വേറെ എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. തലശേരിയിലെ ദളിത് പെണ്‍കുട്ടികളുടെ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായും രാഷ്ട്രീയപരമായും കോണ്‍ഗ്രസ് പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തലശേരിയില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു എന്നത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി അറിയണമെന്നും ഇത്തരം വിഷയങ്ങള്‍ അറിയേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുവതികളെ സ്വഭാവഹത്യ ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു

കടപ്പാട്: സൗത്ത് ലൈവ്

Keywords: Pinarayi Vijayan, Oommen Chandy, VM Sudheeran, Arrest, Weman, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.