Latest News

വയസ്സ് 20, ശ്രദ്ധ പ്രസാദ്, തിരിച്ചുവരാത്ത ചൊവ്വാ യാത്രയ്ക്ക് പാലക്കാട്ടുകാരിയും


[www.malabarflash.com] മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് തയ്യാറായെത്തിയവരില്‍ ഇനിയുള്ളത് 100 പേര്‍ മാത്രം. ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പേരാണ് മടക്കയാത്രയില്ലാത്ത ചൊവ്വാ യാത്രക്ക് ടിക്കറ്റെടുക്കാന്‍ പണം മുടക്കിയത്. ഇവരില്‍ നിന്നാണ് 100 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ ഒരു മലയാളിയുമുണ്ട്. ഇരുപതുകാരിയായ ശ്രദ്ധ പ്രസാദ്, സ്വദേശം പാലക്കാട്.
കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിനു പഠിക്കുകയാണ്. മാതാപിതാക്കളുടെ ഏക മകളാണ് ശ്രദ്ധ. ശ്രദ്ധയ്ക്ക് പുറമെ മറ്റു മൂന്നു ഇന്ത്യക്കാരും പട്ടികയിലുണ്ട്. ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ തന്നെ പോയവർക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് മാർസ് വൺ കമ്പനി വ്യക്തമാക്കിയതാണ്.
ചൊവ്വയിൽ പോകുന്ന 24 പേരും അവിടെ താമസിക്കേണ്ടി വരുമെന്നതാണു നിലവിലെ റിപ്പോർട്ട്. എന്നാൽ 2026 ആകുമ്പോഴേക്ക് സാങ്കേതിക ലോകത്ത് വലിയ മാറ്റങ്ങൾ വന്നാൽ തിരിച്ചെത്താനും കഴിഞ്ഞേക്കും.
ഈ നിബന്ധനകളെല്ലാം മനസ്സിലാക്കി തന്നെയാണു ശ്രദ്ധ പ്രസാദ് എന്ന ഇരുപതുകാരി തിരിച്ചുവരാത്ത ചൊവ്വായാത്രയ്ക്ക് പേര് നൽകിയതും ഇപ്പോൾ തയ്യാറെടുക്കുന്നതും. എന്നാൽ അവസാനത്തെ പട്ടികയിൽ ശ്രദ്ധ പ്രസാദ് ഇടംപിടിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഈ 100 പേരില്‍ നിന്നും 40 പേരെ തെരഞ്ഞെടുക്കും. ഇവരില്‍ നിന്നുള്ള 24 പേര്‍ക്കാണ് 2026ല്‍ ചൊവ്വയിലേക്ക് പോകാന്‍ അവസരം ലഭിക്കുക. ഇവര്‍ നീണ്ട ബഹിരാകാശ യാത്രക്ക് യോഗ്യരാണോ എന്നതാണ് പ്രധാനമായും പരീക്ഷിക്കുന്നത്. ഇത്തരം പരീക്ഷണങ്ങളില്‍ 90 ശതമാനവും നാസ തന്നെ നേരിട്ടാണ് നടത്തുന്നത്. അഞ്ച് ദിവസങ്ങളില്‍ വ്യത്യസ്തമായ വെല്ലുവിളികളാണ് ഇവര്‍ക്ക് നേരിടേണ്ടി വരിക. വ്യക്തിപരമായും സംഘമായും ഇവര്‍ക്ക് എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നത് പരീക്ഷിക്കപ്പെടും. ഇതുവരെ സ്വപ്‌നം പോലും കാണാത്ത പരീക്ഷണങ്ങള്‍ക്കാവും ഇവര്‍ വിധേയരാവുക. തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും പ്രധാനമായി പരീക്ഷിക്കപ്പെടും. ഒടുവില്‍ തെരഞ്ഞെടുത്ത 100 പേരില്‍ കൂടുതല്‍ യോജിച്ച് പോകാനാകുമെന്ന് കരുതുന്നവരുടെ സംഘങ്ങളാകാനാണ് ഇപ്പോള്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമല്ലാത്തതിനാല്‍ തന്നെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ അവശ്യവസ്തുക്കള്‍ കണ്ടെത്തുന്നതും ഇവയുടെ ബുദ്ധിപൂര്‍വ്വമായ ഉപയോഗവുമെല്ലാം പരീക്ഷണത്തിന്റെ ഭാഗമാകും. വെള്ളം കണ്ടെത്തുന്നതും ഓക്‌സിജന്‍ ഉപയോഗിക്കുന്നതും സ്വന്തമായി ഭക്ഷണം കണ്ടെത്തുന്നതുമെല്ലാം പരീക്ഷിക്കപ്പെടും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മൂന്ന് ചൊവ്വാ ദൗത്യങ്ങളാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ 2030ന് ശേഷം മാത്രമേ ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യത്തെക്കുറിച്ച് നാസ ചിന്തിക്കുന്നുള്ളൂ. തികച്ചും ആത്മഹത്യാപരമായ നീക്കമാണ് ഈ ചൊവ്വാദൗത്യമെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നാസ പോലും മടിച്ചു നില്‍ക്കുന്ന ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യത്തിന് മുന്‍കയ്യെടുക്കുന്നത് പ്രശസ്തി മാത്രം മുന്നില്‍ കണ്ടാണെന്നാണ് വിമര്‍ശനം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.