തിരുവനന്തപുരം: [www.malabarflash.com] സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ലോക അത്‌ലറ്റിക്സ് മെഡൽ വിജയിയുമായ ഒളിംപ്യൻ അഞ്‍ജു ബോബി ജോർജിനോട് കായിക മന്ത്രി ഇ.പി.ജയരാജൻ മോശമായി സംസാരിച്ചതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അഞ്ജു പരാതി നൽകി. അഞ്ജു അടക്കം സ്പോർട്്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കി. സ്വന്തം നിലപാടു ശക്തമായി വ്യക്തമാക്കിയശേഷമാണ് അഞ്ജു മുഖ്യമന്ത്രിയേ നേരിട്ടു കണ്ട്, മന്ത്രിയുടെ പെരുമാറ്റത്തിൽ അതൃപ്തി അറിയിച്ചത്.
അടുത്തിടെ സ്പോർട്സ് കൗൺസിൽ മാന്വൽ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാൻഡ്ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയൽ മന്ത്രിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. ശാരീരികപ്രയാസങ്ങളുള്ള പരിശീലകന്റെതു മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു പറഞ്ഞെങ്കിലും കൗൺസിലിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി. ഇത് കുട്ടികൾക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരം.
കൗൺസിലിൽ അടിമുടി അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബെംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നു ചോദിച്ചു. കൂടെയുള്ളവർ അഞ്ജുവിന്റെ പേരു ചീത്തയാക്കുകയാണെന്നു പറഞ്ഞ മന്ത്രി, തങ്ങൾ അധികാരത്തിൽ വരില്ലെന്നു കരുതിയോ... കാത്തിരുന്നു കണ്ടോ.. എന്ന ഭീഷണിയും മുഴക്കി. മന്ത്രിയുമായുള്ള യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു ജയരാജന്റെ പെരുമാറ്റത്തിൽ ശക്തമായ എതിർപ്പ് രേഖപ്പടുത്തി.
തുറന്നു പിടിച്ച കയ്യോടെയാണ് താൻ ഈ സ്ഥാനത്തു വന്നതെന്നും തുറന്ന കയ്യോടെതന്നെ തിരിച്ചു പോവുമെന്നും അഞ്ജു പറഞ്ഞു. പ്രസിഡന്റിനു വിമാനയാത്ര അനുവദിച്ചുകൊണ്ടുളള നിയമം കഴിഞ്ഞ ഇടതു പക്ഷ സർക്കാരിന്റെ കാലത്തു കൊണ്ടുവന്നതാണ്. കായിക വകുപ്പ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.ശിവശങ്കറാണ് വിമാനടിക്കറ്റ് അനുവദിക്കാനുള്ള ഫയലിൽ ഒപ്പിട്ടത്. ധന സെക്രട്ടറി കെ.എം.ഏബ്രഹാമും അനുമതി നൽകിയിട്ടുണ്ട്. മന്ത്രി പറഞ്ഞതിന് അർഥം ഇവരെല്ലാം അഴിമതിക്കാരാണെന്നാണോ എന്നു അഞ്ജു മുഖ്യമന്ത്രിയോടു ചോദിച്ചു. സ്പോർട്സുകാർക്ക് രാഷ്ട്രീയമില്ലെന്നും പാവപ്പെട്ടവർക്കു വേണ്ടിയാണ് താൻ നിൽക്കുന്നതെന്നും അഞ്ജു പറഞ്ഞു. സർക്കാർ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലെന്നു പറഞ്ഞാണ് മുഖ്യമന്ത്രി അഞ്ജുവിനെ ആശ്വസിപ്പിച്ചത്. അഞ്ജുവിനെ കുറിച്ച് തങ്ങൾക്കെല്ലാം അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പോർട്സ് കൗൺസിൽ ഭാരവാഹിത്വത്തിലേക്ക് നാമനിർദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കുമെന്നും ജനാധിപത്യ സംവിധാനത്തിൽ കൗൺസിൽ ഉടച്ചു വാർക്കുമെന്നും കഴിഞ്ഞയാഴ്ച കായിക മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ നടപടികളുടെ തുടർച്ചയാണ് അഞ്ജുവിനോടുള്ള മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമാവുന്നതെന്ന് സൂചനയുണ്ട്.
Keywords: Jayarajan against Anju Bobby George, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment