Latest News

ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവപണ്ഡിതന്‍ മരിച്ചു

മഞ്ചേശ്വരം:[www.malabarflash.com] കടമ്പാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരനായ മച്ചംപാടി സ്വദേശി മരിച്ചു.മച്ചംപാടി സ്വദേശി അബ്ബാസ് മുസ്ലിയാരുടെ മകന്‍ റസ്സാഖ് അഹ്‌സനി (41) ആണ് മരിച്ചത്.

ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോടെ കടമ്പാറിലാണു അപകടം നടന്നത്. ഉര്‍ണിയിലെ മസ്ജിദില്‍ മുഹദ്ദിനായി ജോലി ചെയ്തു വരികയായിരുന്നു. ളുഹര്‍ ബാങ്ക് വിളിക്കാനായി ബൈക്കില്‍ പോവുകയായിരുന്ന ഇദ്ദേഹത്തെ അമിത വേഗതയില്‍ വന്ന മണല്‍ കൊണ്ട് പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ മംഗളൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്ര മദ്ധ്യേ മരണപ്പെടുകയായിരുന്നു.

അമ്പതുവര്‍ഷത്തിലേറെ മാലിക്ദീനാര്‍ ബാങ്ക് വിളിച്ചിരുന്ന അബ്ബാസ് മുസ്‌ലിയാരുടെ മകനാണ് മരിച്ച അബ്ദുര്‍റസാഖ് അഹ്‌സനി. അബ്ബാസ് മുസ്‌ലിയാര്‍ അഞ്ചുവര്‍ഷം മുമ്പ് റമദാന്‍ ആറിനാണ് മരണപ്പെട്ടത്.

അപകടം നടന്ന ഉടനെ ടിപ്പര്‍ ലോറി ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം ഭാഗത്ത് അനധികൃത മണല്‍ ലോറികള്‍ ചീറിപ്പായുന്നത് വാഹന യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

മാതാവ്: സാറാ ഹജ്ജുമ്മ. ഭാര്യ: ഫാത്വിമത്ത് സുഹ്‌റ. മക്കളില്ല. സഹോദരങ്ങള്‍ ആറുപേരും പണ്ഡിതരാണ്. മഹ്മൂദ് ദാരിമി, ഹസൈനാര്‍ ദാരിമി, അബ്ദുര്‍റഹ്മാന്‍ സഅദി, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി (എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍ സെക്രട്ടറി), അബൂബക്കര്‍ സിദ്ദീഖ് അഹ്‌സനി, ഉമറുല്‍ ഫാറൂഖ് നഈമി, ബീഫാത്തിമ, ആഇശ, റുഖിയ, ആസിയ, ഖദീജത്ത് ഹസീന എന്നിവര്‍ സഹോദരങ്ങളാണ്.

മച്ചംപാടിയിലെ പ്രാഥമിക പഠനത്തിനുശേഷം സുങ്കതകട്ട മുഹമ്മദ് ബാഖവിയുടെ ദര്‍സില്‍ പഠിക്കുകയും സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന കോളജില്‍ നിന്ന് മതബിരുദം നേടുകയും ചെയ്തു. കര്‍ണാടക കണ്ണങ്കാറില്‍ മൂന്നുവര്‍ഷം സേവനം ചെയ്ത ശേഷം ഉര്‍ണിയില്‍ ഒരുവര്‍ഷമായി മദ്‌റസ, പള്ളി എന്നിവിടങ്ങളില്‍ സേവനമനുഷ്ടി്ച്ചുവരികയായിരുന്നു.

വിവരമറിഞ്ഞ് എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ, ഡിവിഷന്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍, പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി, പി.ബി. അബ്ദുറസാഖ് എം എല്‍എ, അര്‍ഷാദ് വൊര്‍ക്കാടി, ഉമര്‍ മദനി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. അബ്ദുര്‍റസാഖ് അഹ്‌സനിയുടെ നിര്യാണത്തില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജന.സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, സയ്യിദ് ജലാല്‍ തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.