ഒർലാൻഡോ: [www.malabarflash.com] നിശാക്ലബിൽ കൂട്ടക്കൊല നടത്തിയ മകന്റെ പദ്ധതികളെപ്പറ്റി തനിക്കറിവില്ലായിരുന്നുവെന്ന് ഒമറിന്റെ പിതാവ് സിദ്ദീഖ്. ‘എന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ല. അവന് ഇത്ര പകയുണ്ടെന്നും അറിഞ്ഞില്ല. സ്വവർഗാനുരാഗത്തെ ദൈവമാണു ശിക്ഷിക്കേണ്ടത്, മനുഷ്യന്റെ ജോലിയല്ല അത്–ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സിദ്ദീഖ് പറയുന്നു. നേരത്തേ എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ മകനു സ്വവർഗാനുരാഗികളോടു കടുത്ത വിദ്വേഷമുണ്ടായിരുന്നതായും സിദ്ദീഖ് വെളിപ്പെടുത്തിയിരുന്നു.
മൂന്നുവയസ്സുള്ള മകന്റെ മുന്നിൽവച്ചു രണ്ടു പുരുഷൻമാർ പരസ്പരം ചുംബിച്ചത് ഒമറിനെ രോഷാകുലനാക്കിയിരുന്നുവെന്നാണു പിതാവു വെളിപ്പെടുത്തിയത്. അഫ്ഗാൻ വംശജനായ സിദ്ദീഖ് യുഎസിലെ അഫ്ഗാൻ പ്രവാസസമൂഹത്തിൽ സജീവ രാഷ്ട്രീയ പ്രവർത്തകനുമാണ്. മുൻകോപിയായിരുന്ന ഒമറിനു മാനസികാരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായും തന്നെ മർദിക്കാറുണ്ടായിരുന്നുവെന്നും മുൻഭാര്യയും മാധ്യമങ്ങളോടു വെളിപ്പെടുത്തി.
എന്നാൽ, കൂട്ടക്കൊലയ്ക്കു പ്രേരിപ്പിച്ച യഥാർഥ കാരണമെന്തെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ല. ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും കൊലയുടെ കാരണം അവ്യക്തമാണെന്നാണു പറഞ്ഞത്. അമേരിക്കയിൽ തോക്കു നിയന്ത്രണ നിയമം ശക്തമല്ലാത്തതിൽ പ്രസിഡന്റ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment