ന്യൂയോർക്ക്: [www.malabarflash.com] പ്രൊഫഷണലുകൾക്കായുള്ള ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ 'ലിങ്ക്ഡിൻ' ഇനി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന് സ്വന്തം. ഏതാണ്ട് 2620 കോടി ഡോളറിനാണ് ( 1,75,000 കോടി രൂപയ്‍ക്ക് മുകളിൽ) ചരിത്രത്തിലെ തന്നെ ഈ വമ്പൻ ഏറ്റെടുക്കൽ. ഇതു സംബന്ധിച്ച കരാറിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെയും ലിങ്ക്ഡിൻ സിഇഒ ജെഫ് വെയ്നറും ഒപ്പുവെച്ചു. ലിങ്ക്ഡിൻ ഓഹരി ഒന്നിന് 196 ഡോളർ എന്ന നിരക്കിൽ 49.5 ശതമാനം പ്രീമിയത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഓഹരി വിപണിയിൽ ലിങ്ക്ഡിന്റെ ഓഹരികൾ കഴിഞ്ഞ വെള്ളിയാഴ്ച ക്ലോസ് ചെയ്ത നിരക്കാണിത്. ഏറ്റെടുക്കൽ പ്രക്രിയ ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് ഇരു കമ്പനികളും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഏറ്റെടുക്കലിന് ഇരു കമ്പനികളുടെയും ഡയറക്‍ടർ ബോർഡിന്റെ ഏകകണ്ഠമായ അനുമതിയുമുണ്ട്. മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും ലിങ്ക്ഡിൻ സ്വതന്ത്ര കമ്പനിയായി തുടരുമെന്ന് സത്യ നദല്ലെ അറിയിച്ചു. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ലിങ്ക്ഡിൻ, മൈക്രോസോഫ്റ്റിന്റെ പ്രൊഡക്‍ടിവിറ്റി, ബിസിനസ് പ്രോസസ് യൂണിറ്റിന്റെ ഭാഗമാകും.ഇന്ത്യക്കാരനായ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇതോടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലും മറ്റും കൂടുതൽ ബിസിനസ് നേടാനാകും. ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ലിങ്ക്ഡിൻ 2002 ഡിസംബർ 14-നാണ് കാലിഫോർണിയയിൽ നിലവിൽ വരുന്നത്. 40 കോടി പേർ രജിസ്റ്റർ ചെയ്ത ലിങ്ക്ഡിന് 10.6 കോടി സജീവ അംഗങ്ങളുണ്ട്. ലിങ്ക്ഡിനോട് വലിയ ആരാധനയുണ്ടായിരുന്നു തനിക്കെന്നും അതിനെ മൈക്രോസോഫ്റ്റിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് താൻ ഏറെ നാളായി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും സത്യ നദെല്ല മൈക്രോസോഫ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ലിങ്ക്ഡിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദിവസം എന്നായിരുന്നു ജെഫ് വെയ്നറുടെ പ്രതികരണം. 2011-ലാണ് ലിങ്ക്ഡിൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്‌യുന്നത്. അന്നുമുതൽ ഏറ്റെടുക്കലുമായി മൈക്രോസോഫ്റ്റ് പലവട്ടം ചർച്ചകൾ നടത്തിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment