Latest News

വിഐപി കേസുകൾ അന്വേഷിക്കാൻ സിബിഐയുടെ പ്രത്യേക സംഘം


ന്യൂഡൽഹി: [www.malabarflash.com] ഉന്നതർ ഉൾപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സിബിഐ തീരുമാനിച്ചു. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കേസ്, വിജയ് മല്യയുടെ കേസ് തുടങ്ങിയവയാണ് ഈ സംഘം അന്വേഷിക്കുക.
അഡീഷണൽ ഡയറക്ടർ തസ്തികയിലുള്ള രാകേഷ് അസ്താനയാകും സംഘത്തിന്റെ തലവൻ എന്നാണ് സൂചന. 1984 ബാച്ച് ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 2002 ഫെബ്രുവരിയിൽ ഗുജറാത്തിൽ സബർമതി എക്സ്പ്രസ് ട്രെയിനിന് തീവച്ച കേസ് അന്വേഷിച്ചത് അസ്താനയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ഉൾപ്പെട്ട കാലിത്തീറ്റ കുംഭകോണ കേസ് അന്വേഷിച്ച സംഘത്തിലും ഇദ്ദേഹം അംഗമായിരുന്നു.
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ്, വിജയ് മല്യ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് എന്നിവയായിരിക്കും സംഘം ആദ്യം അന്വേഷിക്കുക. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്ക, യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗസ്റ്റ വെസ്റ്റ്‌ലാൻഡ് എന്നീ കമ്പനികളുടെ മേധാവികൾ കുറ്റക്കാരാണെന്ന് ഇറ്റാലിയൻ കോടതി കണ്ടെത്തിയിരുന്നു. ഇവർ കൈക്കൂലി നൽകിയതായി കോടതി കണ്ടെത്തിയ സാഹചര്യത്തിൽ അതിൽ പങ്കുപറ്റിയവർ ആരൊക്കെയെന്നത് കണ്ടെത്തുന്നതിനാകും അന്വേഷണസംഘത്തിന്റെ പ്രത്യേക പരിഗണന.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണം രാജ്യത്ത് വൻ വിവാദം ഉയർത്തിയിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.