Latest News

സ്വത്ത് കണ്ടുകെട്ടിയതിൽ ദുഃഖമുണ്ട്: വിജയ് മല്യ


ലണ്ടൻ: [www.malabarflash.com] കടം തിരിച്ചടയ്ക്കാത്ത കേസിൽ സ്വത്ത് കണ്ടുകെട്ടിയതിൽ ദുഃഖമുണ്ടെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ. ബാങ്ക് വായ്പ ദുരുപയോഗം ചെയ്തിട്ടില്ല. ഉപയോഗിച്ചത് നിയമപരമായ ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമാണ്. അന്വേഷണം പൂർത്തിയാകും മുൻപേ തന്നെ കുറ്റക്കാരനായി മുദ്രകുത്തുകയാണെന്നും ലണ്ടനിൽ കഴിയുന്ന മല്യ പറഞ്ഞു. ശനിയാഴ്ചയാണ് വിജയ് മല്യയുടെ 1411 കോടിരൂപ വിലവരുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഐഡിബിഐ ബാങ്കിൽ നിന്നെടുത്ത 900 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാത്ത കേസിലാണു നടപടി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ ശക്തമായ ഭാഷയിൽ മല്യ കുറ്റപ്പെടുത്തി. ഇവരുടെ നടപടിക്ക് യാതൊരു നിയമസാധുതയും ഇല്ല. താൻ ഒളിച്ചോടിയെന്ന് എന്തടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കുകയെന്ന് മനസിലാകുന്നില്ല. എന്റെ ഭാഗം പറയാൻ അവസരം നൽകിയില്ലെന്നും മല്യ പ്രസ്താവനയിൽ അറിയിച്ചു.
ബാങ്ക് അക്കൗണ്ടിലുള്ള 34 കോടി രൂപ, ബെംഗളൂരുവിലും മുംബൈയിലുമുള്ള ഫ്ലാറ്റുകൾ, ചെന്നൈയിലുള്ള വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി, കൂർഗിലെ കാപ്പിത്തോട്ടം, ബെംഗളൂരുവിലുള്ള യുബി സിറ്റി, കിങ് ഫിഷർ ടവർ എന്നിവയാണു കണ്ടുകെട്ടിയത്.
കിങ്ഫിഷർ എയർലൈൻസിനു വേണ്ടി ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനു മല്യയ്ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതേത്തുടർന്നു മാർച്ച് രണ്ടിനാണു വിജയ് മല്യ രാജ്യം വിട്ടത്. രാജ്യസഭാംഗമായിരുന്ന മല്യ തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണു മുങ്ങിയത്.
കിങ്ഫിഷർ എയർലൈൻസിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും ബാങ്കുകളിൽ നിന്നു കടമെടുത്തതിന്റെ പിന്നിൽ അഴിമതി ഉണ്ടോ എന്നും സിബിഐ അന്വേഷണം നടത്തുകയാണ്. ഇംഗ്ലണ്ടിൽ നിന്നു മല്യയെ കൊണ്ടുവരാൻ ഇന്റർപോളിന്റെ സഹായവും സിബിഐ തേടിയിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.