Latest News

ചാവശ്ശേരി അപകട കാരണം മണ്ണിനോടുള്ള ആര്‍ത്തി

മട്ടന്നൂര്‍:[www.malabarflash.com] സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ ചുറ്റുമതില്‍ വീട്ടുചുവരിലേക്ക് മറിഞ്ഞുവീണ് തിങ്കളാഴ്ച വൈകുന്നേരം ചാവശ്ശേരി പറമ്പില്‍ അമ്മയും കുഞ്ഞും മരണപ്പെടാനിടയായത് സ്വന്തം മണ്ണില്‍ നിന്ന് ഒരുതരിപോലും വിട്ടു നല്‍കില്ലെന്ന അത്യാര്‍ത്തി കാരണം.

ചാവശ്ശേരി പറമ്പ് പള്ളിക്ക് സമീപം ലക്ഷംവീട് കോളനിയിലെ സി കെ ആബിദ(22) മകള്‍ ഒന്നരവയസ്സുകാരി ഫാത്തിമത്ത് നിസ്‌വ എന്നിവരാണ് തിങ്കളാഴ്ച ദാരുണമായി മരണപ്പെട്ടത്. വീടിനു തൊട്ട് പിറക്വശത്തായി 3.5 മീറ്റര്‍ ഉയരത്തിലുള്ള മതിലിന്റെ ഒരുഭാഗം വൈകുന്നേരം 3.15ഓടെ വര്‍ക്ക് ഏറിയയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

മതിലിന്റെ 40 മീറ്ററോളം ഇടിഞ്ഞ് 7 അടി പിറകിലേക്കു തള്ളുകയായിരുന്നു. വീടിന്റെ പിറക് വശത്തായി മകളെ സമീപത്ത് ഇരുത്തി പാത്രം കഴുകയായിരുന്നു ആബിദ. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. 

തലയൊഴികെ ശരീരഭാഗങ്ങള്‍ മണ്ണിനടിയിലായ ആബിദയെ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പുറത്തെടുത്ത്. ഇവരെ മട്ടന്നൂരിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അസീസ് - ഫൗസിയ ദമ്പതികളുടെ മകളാണ് ആബിദ. ഭര്‍ത്താവ്: നൗഫല്‍. സഹോദരങ്ങള്‍: ഫാരിസ, ഹാരിഫ, ഹാരിസ്.
ലക്ഷംവീട് കോളനിയിലെ വീടുകള്‍ക്ക് തൊട്ട് വീടുകളേക്കാള്‍ ഉയരത്തില്‍ കുത്തനെയാണ് ബെല്‍ട്ടോ പില്ലറോ ഇല്ലാതെ സ്വകാര്യ വ്യക്തി മതിലുയര്‍ത്തിയത്. 3 ഏക്കറയോളം വരുന്ന സ്ഥലം നിരപ്പാക്കി മണ്ണിട്ടുയര്‍ത്തിയാണ് ചെങ്കല്ലുകൊണ്ട് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുള്ളത്. അപകടകരമായ രീതിയിലുള്ള മതില്‍ നിര്‍മ്മാണത്തിന് എതിര്‍പ്പ് ഒഴിവാക്കുവാന്‍ സ്ഥലമുടമ പാവപ്പെട്ട സമീപവാസികള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും നല്‍കാറുള്ളതായി പറയുന്നു. 

മതില്‍ക്കെട്ടിനുള്ളിലായി കോട്ടേജ് പണിയുന്നതിനായി പില്ലറുകള്‍ സ്ഥാപിക്കുന്നതിന് നിശ്ചിത അകലത്തില്‍ കുഴിയെടുത്ത നിലയിലാണ്. അപകടം നടന്നയുടനെ തന്നെ ഈ കുഴികള്‍ മറ്റു വിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. വാഴ നടുവാനാണെന്നും മഴവെള്ളം സംഭരിക്കുവാനാണെന്നും കുട്ടികള്‍ കളിസ്ഥലമായി ഉപയോഗിക്കാതിരിക്കുവാനാണെന്നുമായിരുന്നു കിംവദന്തികള്‍.
മതില്‍ കെട്ടുവാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ അറിയിച്ചു. മതില്‍ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അഭിപ്രായപ്പെട്ടു. അശാസ്ത്രീയമായി നിര്‍മ്മിച്ച മതില്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നു ചാവശ്ശേരി വില്ലേജ് ഓഫീസര്‍ രഞ്ചിത്ത് ലക്ഷ്മണന്‍ പറഞ്ഞു.
പി കെ ശ്രീമതി ടീച്ചര്‍ എം പി, അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ തോമസ് വര്‍ഗീസ്, സിപി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.