Latest News

കണ്ടംകാക്കല്‍പ്പടയിറങ്ങി;അരവത്ത്‌ വയലിലെ വെള്ളപ്പൊക്കം ഒഴിവായി

ഉദുമ[www.malabarflash.com]:പഞ്ചായത്തുകളും കൃഷിവകുപ്പും മുഖം തിരിച്ചു നിന്നപ്പോള്‍ അരവത്ത്‌ വയലിലെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ കണ്ടംകാക്കല്‍പ്പട ഇറങ്ങി. രാവിലെ മുതല്‍ ഉച്ചവരെ 30വോളം പേര്‍ വിശ്രമമില്ലാതെ കഠിനശ്രമം നടത്തിയിട്ടും അഴി തുറന്നില്ല.

ഉച്ചയ്‌ക്കു ശേഷം കൂടുതല്‍ പേരെത്തി മണിക്കൂറുകളോളം നടത്തിയ കഠിനാധ്വാനത്തിനു ശേഷം അഴി തുറന്നു. വെള്ളം കുത്തിയൊലിച്ചു കടലിലേയ്‌ക്കു ഒഴുകി തുടങ്ങിയതോടെ അരവത്ത്‌ വയലിലെ വെള്ളപൊക്കം ഒഴിവായി. 

ബേക്കല്‍ പുഴയുടെ ജല നിരപ്പും ജൈവ വൈവിധ്യവുമാണ്‌ വിശാലമായ അരവത്ത്‌ വയലിനെ നിലനിര്‍ത്തുന്നത്‌. പുഴയിലെ ഒഴുക്ക്‌ കുറക്കുന്നതോടെ ബേക്കല്‍ അഴിമുഖത്ത്‌ മണല്‍ അടിഞ്ഞു കൂടി മണല്‍ മതില്‍ രൂപപ്പെടുന്ന പ്രതിഭാ സത്തിനെയാണ്‌ അഴികെട്ടല്‍ എന്നു പറയുന്നത്‌. 

ഓരോ വേനല്‍ക്കാലത്തും അഴികെട്ടുകയും മഴക്കാലത്ത്‌ ഒലിച്ചുപോവുകയുമാണ്‌ പതിവ്‌. എന്നാല്‍ ഇത്തവണ മഴയ്‌ക്കു ശക്തി കുറഞ്ഞതിനാല്‍ അഴിപൊട്ടുന്നതിനു പകരം അഴിമുഖത്തെ മണല്‍ കൂടുതല്‍ ഉയരത്തില്‍ അടിഞ്ഞു കൂടുകയായിരുന്നു. ഇതോടെ ബേക്കല്‍ പുഴയില്‍ നിന്നും വെള്ളം കയറി അരവത്ത്‌ തോടും വയലും വെള്ളത്തിനടിയിലായി. മൂന്നുവിള വയലില്‍ വിരിപ്പ്‌ കൃഷി ഇറക്കുന്നതിനായി തയ്യാറാക്കിയ ഞാറ്റടികള്‍ വെള്ളത്തിനു അടിയിലായി. 

ഞാറു നശിച്ചുപോകുമെന്നു കര്‍ഷകര്‍ കൃഷി വകുപ്പിനെയും ഉദുമ, പള്ളിക്കര പഞ്ചായത്തുകളെയും വാക്കാല്‍ അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാകാതെ വന്നപ്പോഴാണ്‌ അരവത്ത്‌ പുലരി സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലിലുള്ള കണ്ടംകാക്കല്‍പ്പട രംഗത്തിറങ്ങി അഴിമുഖം കൊത്തിമാറ്റിയത്‌. 

മുതിര്‍ന്ന കര്‍ഷകരായ ചന്തു, ബാലകൃഷ്‌ണന്‍, പുലരി പ്രവര്‍ത്തകരായ ഡോ.വി. ബാലകൃഷ്‌ണന്‍ എ.എസ്‌. ഐ. ബാലചന്ദ്രന്‍, കുമാരന്‍, ജയപ്രകാശ്‌, വേണുഗോപാലന്‍, രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാന രീതിയില്‍ ഏതാനും ദിവസം മുമ്പ്‌ ഷിറിയയിലും അഴികെട്ടല്‍ ഉണ്ടായിരുന്നു. വയലും റോഡും നിരവധി വീടുകളും വെള്ളത്തിനടിയിലായപ്പോള്‍ ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ജെ.സി.ബി. ഉപയോഗിച്ചാണ്‌ അഴിവെട്ടി മാറ്റിയത്‌.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.