Latest News

സര്‍വ്വീസ് സ്റ്റേഷനിലെ കൊല; പ്രതികളെ വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ വീഴ്ചയെന്ന് പരാമര്‍ശം

കാഞ്ഞങ്ങാട്:[www.malabarflash.com] സര്‍വ്വീസ് സ്റ്റേഷനില്‍ സഹ തൊഴിലാളിയെ മലദ്വാരത്തില്‍ കാറ്റ് കയറ്റി കൊന്ന കേസില്‍ അന്യ സംസ്ഥാന തൊഴിലാളികളായ പ്രതികളെ ജില്ലാ അഡി. സെഷന്‍സ് കോടതി (മൂന്ന്) വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിഞ്ഞാലിലുള്ള കെ.വി.അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെവി കാര്‍ വാഷിംഗ് ആന്റ് സര്‍വ്വീസ് സ്റ്റേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ കൊളവയല്‍ സ്വദേശി ഇബ്രാഹിമാണ് മലദ്വാരത്തില്‍ കാറ്റ് കയറി മരിച്ചത്. ഈ കേസില്‍ പ്രതികളായ ബിഹാര്‍ സ്വദേശികളായ രഞ്ജന്‍ കുമാര്‍, പങ്കജ്, സോനു എന്നിവരെയാണ് വിട്ടയച്ചത്.
പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ജഡ്ജി സാനു പണിക്കര്‍ വിധി ന്യായത്തില്‍ പരാമര്‍ശിച്ചത്.

സംഭവം നടക്കുന്നത് 2012 ഒക്‌ടോബര്‍ പത്തിന് ഉച്ചയോടെയാണ്. പിറ്റേന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവം നടന്ന് മൂന്നാമത്തെ ദിവസമാണ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് ഗുരുതരമായ വീഴ്ചയായി നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മലദ്വാരത്തില്‍ കാറ്റടിച്ചു കയറ്റാന്‍ ഉപയോഗിച്ച യന്ത്രം പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല. കെ വി ആര്‍ കാര്‍ വാഷിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇബ്രാഹിം എന്ന് തെളിയിക്കാന്‍ പോലീസിന് കഴിയാതെ പോവുകയും ചെയ്തു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലീസിന്റെ ഇത്തരം നീക്കങ്ങള്‍ സഹായകരമായി മാറുകയായിരുന്നു. സംഭവം നടന്ന് ഏഴാം നാളിലാണ് ഇബ്രാഹിം മരണപ്പെട്ടത്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.