Latest News

നെല്‍കൃഷിയെ സ്നേഹിക്കുന്ന വ്യാപാരി

കാഞ്ഞങ്ങാട്:[www.malabarflash.com] നഗരത്തിലെ വ്യാപാരിയാണെങ്കിലും കാഞ്ഞങ്ങാട് മേലാങ്കോട്ടെ ഗുരുദത്ത് പൈക്ക് സര്‍വ്വസ്വവും നെല്‍കൃഷിയാണ്. മൂന്ന് ഏക്കറോളം വരുന്ന പാടത്ത് നവര, ജീരകശാല, ഗന്ധകശാല, ഏഴോം രണ്ട്, നാടന്‍ ഇനമായ കയമ്മ എന്നിവയെല്ലാം കൃഷി ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം തരിശിട്ട ഭൂമിയില്‍ കൃഷിയിറക്കി റിക്കാര്‍ഡ് നെല്ല് വിളയിക്കാനും കഴിഞ്ഞു. ആധുനികരീതിയില്‍ തന്നെയാണ് കൃഷി ചെയ്യുന്നത്. കൃഷി ഉദ്യോഗസ്ഥന്‍മാരുടെ ഉപദേശക നിര്‍ദ്ദേശത്തോടൊപ്പം ഈ രംഗത്തെ തഴക്കമുള്ള പാരമ്പര്യ കര്‍ഷകരില്‍ നിന്നും കൃഷിയില്‍ അറിവ് നേടുന്നു.

ജൈവകൃഷിയാണ് ചെയ്യുന്നത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുഭാഷ് പലേക്കറിന്‍റെ പഠനക്ലാസ്സ് കേട്ടതോടെയാണ് ജൈവകൃഷിയിലും പ്രകൃത്യായുള്ള കൃഷി രീതിയിലും ആവേശം കൊണ്ടത്. അങ്ങനെ പന്ത്രണ്ട് കൊല്ലത്തോളം തരിശിട്ട പാടത്ത് നെല്‍കൃഷി കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങി.

കൂടുതല്‍ അറിവ് ലഭിക്കുന്നതിന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കൃഷി അസിസ്റ്റന്‍റ് കെ.സുരേഷിന്‍റെ സഹായവും തേടുന്നു. ഭാര്യ സാധനപൈയും എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നു.

നെല്ലിന് വിപണിയും കൃഷി വകുപ്പിന്‍റെ ഇക്കോ ഷോപ്പിലൂടെ കണ്ടെത്തി അരിയാക്കി നാടന്‍ കുത്തരി എന്ന ലേബലില്‍ വിപണിയിലിറക്കിയിട്ടുണ്ട്. കിലോയ്ക്ക് 60 രൂപയ്ക്കാണ് വിപണിയിലെത്തിക്കുന്നത്. ഏതാനും മാസം മുമ്പ് പയ്യന്നൂരില്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ജൈവ കൃഷിമേളയില്‍ വിവിധ ഇനം വിത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും ആ വശ്യക്കാര്‍ക്ക് നല്‍കുകയുണ്ടായി. പന്ത്രണ്ടോളം നാടന്‍ പശുക്കളെയും വളര്‍ത്തുന്നു.

പശുവളര്‍ത്തലും കൃഷിയും അന്യോന്യം ബന്ധപ്പെടുത്തിയാണ് തന്‍റെ കൃഷി രീതിയെന്ന് ഗുരുദത്ത് പറയുന്നു. കൃഷിക്കാരുടെ അനുഭവങ്ങള്‍ നേരിട്ടറിയാന്‍ ജില്ലക്കകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തും ഇദ്ദേഹം ഒഴിവ് കിട്ടുമ്പോള്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നു.

നാനാതുറകളിലുള്ള ജൈവ കര്‍ഷകവുമായി ബന്ധപ്പെട്ട് കൂട്ടായ്മ വളര്‍ത്തിയെടുക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.