തൃക്കരിപ്പൂർ:[www.malabarflash.com] ഒന്നാം തരത്തിൽ 181 പഠിതാക്കളുമായി തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി.സ്കൂൾ. ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടിയ കുരുന്നുകളുടെ എണ്ണത്തിൽ ചെറുവത്തൂർ ഉപജില്ലയിൽ തന്നെ ഏറ്റവും മുന്നിലായി ഈ വിദ്യാലയം. ആറാം പ്രവർത്തി ദിനം( 08-06-2016) പിന്നിട്ടപ്പോഴേക്കും ഇത്രയും നവാഗതർ സ്കൂളിൽ എത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പൊതുവിദ്യാലയങ്ങളെ നിലനിർത്താൻ കുട്ടികൾക്ക് വേണ്ടി അധ്യാപകരും മാനേജ്മെന്റും മാസങ്ങളായി വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി.സ്കൂളിൽ പഠിക്കാൻ ഇത്തവണ ഒന്നാം തരത്തിലെത്തിയത് 181 കുട്ടികൾ. 101 ആൺകുട്ടികളും 80 പെൺകുട്ടികളും. 75 വർഷം പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിൽ ഇത്രയും കുട്ടികൾ ഒന്നാംതരത്തിൽ പ്രവേശനം നേടിയത് ഇതാദ്യമാണ്.
സ്കൂൾ പ്രവേശന ദിവസം തന്നെ ക്ലാസ്സുകൾ നിറഞ്ഞിരുന്നു. ഒന്നാം തരത്തിൽ മൂന്നു ഡിവിഷൻ ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം നാലും ഇത്തവണ അഞ്ച് ഡിവിഷനുമായി മാറിയിട്ടുണ്ട്. സ്കൂളിൽ കഴിഞ്ഞ വർഷം ആകെ 908 കുട്ടികളാണുണ്ടായിരുന്നത്. ഇത്തവണ ഇത് 1067 ആയി ഉയർന്നു.
ഒന്നു മുതൽ 7വരെ ക്ലാസുകളിലേക്കായി 310 പേർ ഇത്തവണ സ്കൂളിലെത്തിയിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളിൽ പഠിച്ചു വന്നിരുന്ന കുട്ടികളും ഇവിടേക്ക് ടി.സി.യുമായി എത്തിയിട്ടിണ്ട്. കഴിഞ്ഞവർഷം ഒന്നാംതരത്തിൽ 145 കുട്ടികളാണ് എത്തിയിരുന്നത്. ഏഴാം തരം വരെയുള്ള സ്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികളും ഒന്നാം തരത്തിലാണ്. രണ്ടാം സ്ഥാനം ആറാം തരത്തിലാണ് 167 പേർ.
പാഠ്യേപാഠ്യേതര വിഷയത്തിലെ മികവാണ് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 4 വർഷം മുമ്പാണ് ഇവിടെ ആരംഭിച്ചത്. സ്കൂളിന് സ്വന്തമായി വാഹനസൗകര്യമില്ലാതെയാണ് ഇവിടെ ഇത്രയും കുട്ടികൾ എത്തിയതെന്നത് അറിയുമ്പോൾ അത്ഭുതപ്പെടേണ്ടതില്ല.
കുട്ടികൾ രക്ഷിതാക്കൾ ഏർപ്പെടുത്തുന്ന വാഹനങ്ങളിലും തൊട്ടടുത്തുള്ളവർ നടന്നുമാണ് സ്കൂളിൽ എത്തിച്ചേരുന്നത്. സ്കോളർഷിപ്പ് പരീക്ഷകളിലും കലോത്സവങ്ങളിലും കായിക മേളകളിലും മികച്ച നേട്ടം കൊയ്യുന്ന വിദ്യാലയം കൂടിയാണിത്.
ഒന്നാംതരത്തിലെത്തിയ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വെള്ളിയാഴ്ച തന്നെ മുഖ്യാധ്യാപിക സിസ്റ്റർ ഷെറിൻ മാത്യു വിളിച്ചു ചേർത്തിരുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം, വാഹനത്തിലുള്ള യാത്ര എന്നിവയായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. എറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം തേടുന്ന ചെറുവത്തൂർ ഉപജില്ലയിലെ തന്നെ പ്രധാന സ്കൂളായി മാറിയിട്ടുള്ള ഇവിടുത്തെ അധ്യാപക രക്ഷാകർതൃ സമിതിയുടെ ജാഗ്രതയും, സ്കൂൾ ലോക്കൽ മാനേജർ ഫാദർ ജോസഫ് തണ്ണിക്കോട്ടിന്റെ പിന്തുണയും പ്രധാന ഘടകമാണ്.
കണ്ണൂർ-കാസർഗോഡ് ജില്ലകളിലായി പ്രവർത്തിച്ചു വരുന്ന കണ്ണൂർ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയന വർഷം കുട്ടികളെ പ്രവേശനം നൽകുന്നതിൽ മികവ് കാട്ടിയതിനുള്ള പുരസ്കാരവും തൃക്കരിപ്പൂർ വിദ്യാലയത്തെ തേടിയെത്തിയിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment