Latest News

മുക്കുപണ്ട പണയത്തട്ടിപ്പ് ഭരണസമിതികള്‍ക്കെതിരെയും നടപടി വേണം: എല്‍ഡിഎഫ്

കാസര്‍കോട്:[www.malabarflash.com] വ്യാജ സ്വര്‍ണം പണയംവച്ച് കോടികള്‍ തട്ടിപ്പ് നടത്തിയ സഹകരണ സംഘം ഭരണസമിതികള്‍ക്കെതിരെയും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിലുള്ള ഏതാനും സംഘങ്ങളിലുണ്ടായത്. കോടികളുടെ തട്ടിപ്പാണ് ഇവിടെ അരങ്ങേറിയത്. ഇത്രയും വ്യാപകമായ തട്ടിപ്പിന്റെ ഉത്തരവാദിത്തം ഏതാനും ഉദ്യോഗസ്ഥരുടെ തലയില്‍വച്ച് രക്ഷപ്പെടാനാണ് ഭരണസമിതിക്കാര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്തെ യുഡിഎഫ് ഭരണത്തിന്റെ തണലിലാണ് സഹകരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ജില്ലാ സഹകരണ ബാങ്ക്, കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെല്ലാം വ്യാജ സ്വര്‍ണം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം പുറത്തുവന്നതാണ്. എന്നാല്‍ യുഡിഎഫ് അനുകൂല സഹകരണ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അതൊക്കെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. 

ഭരണസമിതിയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പിലിക്കോടും മുട്ടത്തോടിയിലും തച്ചങ്ങാടുമെല്ലാം ഭരണസമിതിയുടെ അറിവോടെയാണ് വന്‍ തുക തട്ടിയെടുത്തത്. ഭരണസമിതി നേതാക്കള്‍ക്കും തട്ടിപ്പിന്റെ പങ്ക് നല്‍കിയിട്ടുണ്ടെന്ന് കേസിലെ പ്രതികള്‍തന്നെ പറയുന്ന സ്ഥിതിയുമുണ്ടായി. 

ഈ സാഹചര്യത്തില്‍ സഹകരണ സംഘങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ തട്ടിപ്പിന് കൂട്ടുനിന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ആവശ്യപ്പെട്ടു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.