Latest News

2000 കോടിയുടെ ലഹരി കടത്ത്: നടി മമത കുൽക്കർണി മുഖ്യപ്രതി


മുംബൈ: [www.malabarflash.com]രണ്ടായിരം കോടി രൂപയുടെ ലഹരിമരുന്നു കേസിൽ മുൻ ബോളിവുഡ് നടി മമത കുൽക്കർണി(44)യെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചു.
<p>കെനിയയിലുള്ള നടിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിനോട് ആവശ്യപ്പെടുമെന്നു താനെ പൊലീസ് കമ്മിഷണർ പരംബീർ സിങ് പറഞ്ഞു. കേസിൽ ബോളിവുഡിലെ ചിലർക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. രണ്ടുമാസം മുൻപു പുറത്തുവന്ന കേസിൽ 17 പ്രതികളാണുള്ളത്. 10 പേർ അറസ്റ്റിലായി. ഏഴുപേർ ഒളിവിലാണ്.
കെനിയയിൽനിന്നു നടിയെയും ഭർത്താവ് വിക്കി ഗോസ്വാമിയെയും വിട്ടുകിട്ടാനുള്ള നടപടികളും അധികൃതർ ആരംഭിച്ചു. യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി നൽകിയ വിവരങ്ങളുടെയും അറസ്റ്റിലായവരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണു നടി മുഖ്യപ്രതിയാണെന്നു തെളിഞ്ഞത്. രാജ്യാന്തര ലഹരിമരുന്നു സംഘത്തിന്റെ ഭാഗമായ നടിയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും പരിശോധിച്ചുവരികയാണ്. രാജ്യാന്തര ലഹരിമരുന്നു സംഘത്തിലെ മുഖ്യകണ്ണി മമതയുടെ ഭർത്താവ് വിക്കിയാണെന്നും പൊലീസ് വെളിപ്പെടുത്തി.
ഏപ്രിൽ 18നു ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശിയെ താനെ പൊലീസ് പിടികൂടിയതോടെയാണു സംഭവം പുറത്തായത്. തുടർന്നു നടന്ന അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ സോലാപുരിൽനിന്നു രണ്ടായിരം കോടിയിലേറെ രൂപ വിലയുള്ള 18.5 ടൺ എഫെഡ്രൈനും രണ്ടു ടൺ അസെറ്റിക് അൻഹൈഡ്രൈഡും പിടിച്ചെടുത്തു. സോലാപുരിലെ എവൺ ലൈഫ് സയൻസസ് ലിമിറ്റഡ് കമ്പനിയിലാണ് ഉൽപാദനമെന്നും കണ്ടെത്തി.
കഴിഞ്ഞ ജനുവരി എട്ടിനു കെനിയയിലെ മൊംബാസയിൽ ലഹരിമരുന്നു മാഫിയയിലെ പ്രമുഖരും മമത കുൽക്കർണിയും പങ്കെടുത്ത യോഗത്തിൽ, എഫെഡ്രൈൻ ഇന്ത്യയിൽനിന്നു കടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നിരുന്നു.
ഏപ്രിൽ എട്ടിനു ദുബായിൽ നടന്ന ലഹരിമരുന്നു സംഘങ്ങളുടെ യോഗത്തിലും നടിയും ഭർത്താവും പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. നിയന്ത്രിതമരുന്നായ എഫെഡ്രൈൻ ഇന്ത്യയിൽനിന്നു മൊംബാസയിൽ എത്തിച്ചശേഷം ലഹരിമരുന്നായി സംസ്കരിച്ചു രാജ്യാന്തര വിപണിയിൽ വിൽക്കാനായിരുന്നു തീരുമാനം. ഇപ്രകാരമുള്ള ഒരു കിലോഗ്രാം പാർട്ടി ലഹരിമരുന്നിന് 50,000 ഡോളറാണ് (ഏകദേശം 33 ലക്ഷം രൂപ) വിലയെന്നും കമ്മിഷണർ പറഞ്ഞു.
ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾ: സാഗർ സുരേഷ് പൗലെ, മയൂർ സുരേഷ് സുഖ്ധാരെ, രാജേന്ദ്ര ഡിമ്രി, ധ്യാനേശ്വർ സ്വാമി, പുനീത് ശൃംഗി, മനോജ് ജയിൻ, ഹർദീപ് സിങ് ഗിൽ, നരേന്ദ്ര കാച്ചാ, ബാബാ സാഹേബ് ധോത്രേ, ജയ് മുൽഗി മുഖി.
പിടികിട്ടാനുളളവർ: നടി മമത കുൽക്കർണി, ഭർത്താവ് വിക്കി ഗോസ്വാമി, മുൻ രാഷ്ട്രീയ നേതാവിന്റെ മകനെന്നു പറയപ്പെടുന്ന കിഷോർ റാഠോഡ്, വിദേശത്തുള്ള ഡോ. അബ്ദുല്ല, ഇയാളുടെ കൂട്ടാളികൾ.

മമത തൊണ്ണൂറുകളിൽ മോഹനതാരം

തൊണ്ണൂറുകളിൽ ബോളിവുഡിൽ ഒട്ടേറെ ഹിറ്റ് സിനിമകളിൽ നായിക. 2002ൽ ആണ് അഭിനയം വിട്ടത്. ഷാറുഖ് ഖാൻ, സൽമാൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. പ്രധാന സിനിമകൾ: ആഷിക് ആവാര, ക്രാന്തിവീർ, കരൺ അർജുൻ, സബ്‌സേ ബഡാ കില്ലാഡി, ബാസി, ചൈന ഗേറ്റ്. ആഷിക് ആവാരയിലെ അഭിനയത്തിനു ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചു. സംവിധായകൻ രാജ്കുമാർ സന്തോഷിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന്റെ സിനിമയിൽനിന്നു മമതയെ ഒഴിവാക്കിയെന്നും പിന്നീട് അധോലോക കുറ്റവാളി ഛോട്ടാ രാജൻ ഇടപെട്ടു തിരിച്ചെടുപ്പിച്ചുവെന്നുമുള്ള വാർത്ത വിവാദമായിരുന്നു.

വിക്കി തുടക്കം വ്യാജമദ്യത്തിൽ
അഹമ്മദാബാദ് സ്വദേശിയായ വിക്കിയുടെ മുഴുവൻ പേര് വിജയ് വിക്കി ഗോസ്വാമി (52). മദ്യനിരോധനമുള്ള ഗുജറാത്തിൽ വ്യാജമദ്യം വിറ്റായിരുന്നു തുടക്കം. ലഹരിമരുന്നു കടത്തിന് 1997ൽ യുഎഇയിൽ 25 വർഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരിൽ 2012 നവംബറിൽ ജയിൽമോചിതനായി. 2013ൽ ആണു മമതയെ വിവാഹം ചെയ്തത്. തുടർന്ന് ഇരുവരും കെനിയയിലേക്കു താമസം മാറ്റി. ലഹരി കടത്തിനു വിക്കിയെ 2014ൽ കെനിയൻ അധികൃതർ പിടികൂടിയിരുന്നു. ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.