Latest News

മുറി തണുപ്പിക്കാം, പണച്ചിലവില്ലാതെ


[www.malabarflash.com] ചൂട് കൂടുന്നതിനൊപ്പം കുത്തനെ കൂടുന്ന മറ്റൊന്നാണ് വൈദ്യുതി ബില്‍. മുറി തണുപ്പിക്കുന്നതിനുള്ള എസികളും ഫാനുകളുമെല്ലാം ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പണച്ചിലവില്ലാതെ ചുറ്റുമുള്ള വസ്തുക്കള്‍ ഉപയോഗിച്ചു തന്നെ മുറി തണുപ്പിക്കാമെന്നാണ് ബംഗ്ലാദേശിലെ ഇക്കോ കൂളര്‍ എന്ന സംഘടന പറയുന്നത്. പാവങ്ങളുടെ എസി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉപകരണം ബംഗ്ലാദേശിലെ കാല്‍ ലക്ഷത്തിലേറെ വീടുകളില്‍ ഇവര്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ചു കഴിഞ്ഞു.

മുറികളില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കുറക്കാന്‍ സഹായിക്കുന്നതാണ് ഈ ലളിത ഉപകരണമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. വൈദ്യുതിയുമായി യാതൊരു ബന്ധവുമില്ലെന്നതാണ് ഉപകരണത്തിന്റെ പ്രധാന പ്രത്യേകത. ജനലിന്റെ വലിപ്പത്തിലുള്ള കാര്‍ബോര്‍ഡ് ചട്ടയും പ്ലാസ്റ്റിക് കുപ്പികളും മാത്രം ഉപയോഗിച്ചാണ് പാവങ്ങളുടെ എസി നിര്‍മ്മിക്കുന്നത്.
പിന്‍ഭാഗം മുറിച്ചെടുത്ത പ്ലാസ്റ്റിക് കുപ്പികള്‍ ഓരോന്നായി കാര്‍ബോര്‍ഡ് ചട്ടയില്‍ തലകുത്തനെ ഉറപ്പിക്കുക എന്ന വളരെ ലളിതമായ പണിയേ ഈ ഉപകരണം നിര്‍മ്മിക്കാന്‍ ആവശ്യമായുള്ളൂ. കാര്‍ഡ് ബോര്‍ഡില്‍ കുപ്പിയുടെ വായയുടെ വലിപ്പത്തിലുള്ള തുളയിട്ടശേഷമാണ് ഘടിപ്പിക്കുന്നത്. കുപ്പിക്ക് സ്ഥാനചലനം സംഭവിക്കാതിരിക്കാന്‍ ഈ തുളയുടെ വലിപ്പം കൂടാതെ സൂക്ഷിക്കണമെന്ന് മാത്രം. ഈ ബോര്‍ഡ് ജനലിനോട് ചേര്‍ത്ത് സ്ഥാപിക്കുക മാത്രമേ വേണ്ടൂ. മുറിക്കകത്ത് ചൂട് ഗണ്യമായി കുറയും. ഇക്കോ കൂളറിന്റെ ഉപകരണം എങ്ങനെ ചൂട് കുറക്കുന്നു എന്ന് ഇത് വായിച്ച പലര്‍ക്കും സംശയം തോന്നിക്കാണും. ഇവര്‍ക്കുള്ള വിശദീകരണവും ഇക്കോ കൂളര്‍ നല്‍കുന്നുണ്ട്. വലിപ്പം ഭാഗത്തു നിന്നും ചെറിയ ഭാഗത്തുകൂടെ വരുന്ന വായുവിന് സ്വാഭാവികമായി ചൂട് കുറയുമെന്ന തത്വമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് വായ മുഴുവനായി തുറന്നുവെച്ച് കയ്യിലേക്ക് ഊതിയാല്‍ ചൂട് വായുവായിരിക്കും വരിക. ചൂളം വിളിക്കുന്ന രൂപത്തില്‍ ചുണ്ട് വെച്ച് ഊതിയാല്‍ തണുത്ത വായു വരും. ഇതിന് പിന്നില്‍ മുകളില്‍ പറഞ്ഞ തത്വമാണെന്നാണ് ഇക്കോ കൂളര്‍ നല്‍കുന്ന വിശദീകരണം. പരസ്യ നിര്‍മ്മാണ സ്ഥാപനമായ ഗ്രേ ഗ്രൂപ്പും ഗ്രാമീണ്‍ ഇന്റല്‍ സോഷ്യല്‍ ബിസിനസ് വളണ്ടിയര്‍മാരും ചേര്‍ന്നാണ് ഇക്കോ കൂളര്‍ 25000ത്തിലേറെ വീടുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിക്കുള്ളിലാണ് ഇത്രയും വീടുകളില്‍ ഉപകരണം സ്ഥാപിച്ചത്. പ്രദേശത്തെ വായു സഞ്ചാരം അനുസരിച്ച് ഇക്കോ കൂളറിന്റെ പ്രവര്‍ത്തന ക്ഷമത വ്യത്യാസപ്പെടുന്നുവെന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും മുറിക്കകത്തെ ചൂട് അഞ്ച് ഡിഗ്രി വരെ കുറക്കാന്‍ കഴിയുന്ന പണച്ചിലവില്ലാത്ത ഉപകരണത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ബംഗ്ലാദേശുകാര്‍.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.