Latest News

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; മുഖ്യ ആസൂത്രകനായ അപ്രൈസര്‍ അറസ്റ്റില്‍

കാസര്‍കോട്:[www.malabarflash.com] മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് മുക്കുപണ്ടം പണയംവെച്ച് കോടികള്‍ തട്ടിയ സംഘത്തിലെ പ്രധാനിയായ ഒരാള്‍കൂടി അന്വേഷണസംഘത്തിന്റെ പിടിയിലായി. മൂന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായമ്മാര്‍മൂല ശാഖയിലെ അപ്രൈസറുമായ നീലേശ്വരം പള്ളിക്കര സ്വദേശി ടി.വി.സതീഷിനെ (40) ആണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.പ്രമോദനും സംഘവും അറസ്റ്റ് ചെയ്തത്.

ഇയാളെ ഞായറാഴ്ച കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സതീഷിന് മേല്‍ ചുമത്തിയിട്ടുള്ളത്. ഇതോടെ കേസില്‍ അഞ്ചുപേര്‍ പോലീസ് പിടിയിലായി.

തട്ടിപ്പ് സംഘത്തിലെ മറ്റൊരു പ്രധാനി കുണ്ടാര്‍ ഉളിയത്തടുക്കയിലെ യു.കെ.ഹാരിസിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കാസര്‍കോട് സബ്ജയിലില്‍ റിമാന്‍ഡിലാണ്. നേരത്തേ പിടിയിലായ ബാങ്കിന്റെ വിദ്യാനഗര്‍ സായാഹ്ന ശാഖയിലെ അപ്രൈസറും ടി.വി.സതീഷിന്റെ സഹോദരനുമായ ടി.വി.സത്യപാലന്‍, ചെങ്കള സിറ്റിസണ്‍ നഗറിലെ കെ.എ.അബ്ദുള്‍ മജീദ്, സ്വര്‍ണപ്പണിക്കാരനായ ഭീമനടിയിലെ ജയരാജന്‍ എന്നിവരും റിമാന്‍ഡിലാണ്.

ഹാരിസും അപ്രൈസര്‍ സതീഷും കേസില്‍ പിടിയിലാകാനുള്ള ബാങ്കിന്റെ വിദ്യാനാഗര്‍ സായാഹ്നശാഖാ മാനേജര്‍ സന്തോഷ്‌കുമാറും ചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണ് മുട്ടത്തൊടി ബാങ്കിന്റെ രണ്ട് ശാഖകളിലായി കഴിഞ്ഞ മുന്നുവര്‍ഷത്തോളമായി നടന്നിരുന്നതെന്ന് ഇതിനകം അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. 

സതീഷിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ പരിശോധന നടത്തിയ പോലീസ് സംഘത്തിന് പല പേരുകളില്‍ മുട്ടത്തൊടി ബാങ്കിന്റെ നായമ്മാര്‍മൂല ശാഖയില്‍ സ്വര്‍ണം പണയപ്പെടുത്തിയതിന്റെ 15 രസീതുകള്‍ ലഭിച്ചു. കൂടാതെ ഒരുലക്ഷം രൂപയും 200 ലോട്ടറി ടിക്കറ്റുകളും സതീഷിന്റെ കൈയില്‍നിന്ന് ലഭിച്ചു.

തട്ടിപ്പിലൂടെ കൈയില്‍ ലഭിച്ച പണം വ്യാപകമായി ചൂതാട്ടത്തിനുപയോഗിച്ചുവരുന്നയാളാണ് സതീഷെന്ന് പോലീസ് പറഞ്ഞു. ബാങ്കിലെ കമ്മീഷന്‍ വ്യവസ്ഥയിലുള്ള ജോലിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമെ ചൂതാട്ടത്തിന് പണം കണ്ടെത്തുകയെന്ന ലക്ഷ്യവും മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതിന് പിന്നിലുണ്ടോയെന്നും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്. ബാങ്കിന്റെ സായാഹ്നശാഖാ മാനേജര്‍ സന്തോഷ്‌കുമാര്‍ പോലീസിന്റെ വലയിലായതായാണ് സൂചന. 





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.