Latest News

വിൻഡോസ് 10 നെ കോടതി കയറ്റിയ യുവതിക്ക് 6.7 ലക്ഷം രൂപ നഷ്ടപരിഹാരം


[www.malabarflash.com] ഉപഭോക്താക്കളെ വിന്‍ഡോസ് 10 അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് മൈക്രോസോഫ്റ്റ് ഏറെ പഴികേട്ടതാണ്. ഇപ്പോള്‍ മൈക്രോസോഫ്റ്റിന് പിഴയും ലഭിച്ചിരിക്കുന്നു. അനുമതിയില്ലാതെ വിന്‍ഡോസ് 10 അപ്ഡേറ്റ് ചെയ്തതിന് യുവതിയ്ക്ക് 10,000 ഡോളര്‍ (ഏകദേശം 6.7 ലക്ഷം) നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ടെറി ഗോള്‍ഡ്സ്റ്റീന്‍ എന്ന യുവതിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള തന്റെ കംപ്യൂട്ടര്‍ വിന്‍ഡോസ്‌ 10 ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നത് ടെറിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 10 പുറത്തിറക്കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. ഡൗണ്‍ലോഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്നും എന്നാല്‍ കംപ്യൂട്ടറില്‍ അത് തനിയെ ഡൗണ്‍ലോഡായെന്നും യുവതി പറയുന്നു. എന്നാല്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു.
താന്‍ വിന്‍ഡോസ് 10 നെക്കുറിച്ച് അന്നുവരെ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല എന്നാണ് യുവതി പറയുന്നത്. അപ്ഡേറ്റ് ചെയ്യാന്‍ ഒരിക്കലും അനുമതി ചോദിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഏതായാലും ഇന്‍സ്റ്റലേഷന്‍ പരാജയപ്പെട്ടതോടെ യുവതിയുടെ കംപ്യൂട്ടര്‍ തകരാരിലായി. ഇത് അവരുടെ ട്രാവല്‍ ഏജന്‍സി ബിസിനസിനേയും ബാധിച്ചു. തുടര്‍ന്നാണ് തനിക്കുണ്ടായ പണനഷ്ടത്തിനും പുതിയ കംപ്യൂട്ടര്‍ വാങ്ങുന്നത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടെറി മൈക്രോസോഫ്റ്റിനെ സമീപിച്ചത്. ഒടുവില്‍ കേസ് കോടതിയില്‍ എത്തി. കേസില്‍ യുവതി വിജയിക്കുകയും ചെയ്തു.
എന്നാല്‍ പണംനല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സോഫ്റ്റ്‌വെയര്‍ ഭീമന്‍ കീഴ്ക്കോടതി വിധിയ്ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ഒരുങ്ങിയെങ്കിലും പിന്നീട് തീരുമാനം മാറ്റി യുവതിയ്ക്ക് 10000 ഡോളര്‍ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, ഇനിയും ആളുകള്‍ സമാനമായ പരാതിയുമായി കോടതിയിലെത്തില്‍ മൈക്രോസോഫ്റ്റ് എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ്-10 പുറത്തിറക്കിയത്. നിലവില്‍ വിന്‍ഡോസ് 7/8/8.1 എന്നിവയുടെ അംഗീകൃത പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. ജൂലൈ 29 വരെയാണ് ഈ സൗജന്യ ആനുകൂല്യം ലഭിക്കുക.

Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.