Latest News

യുവതിയുടെ വീട്ടില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; നാല് പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ:[www.malabarflash.com] സദാചാര ഗുണ്ടായിസത്തില്‍ മങ്കട കൂട്ടില്‍ പള്ളിപ്പടിയിലെ കുന്നശ്ശേരി നസീര്‍ ഹുസൈന്‍ (41) കൊല്ലപ്പെട്ട കേസില്‍ നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

കൂട്ടില്‍ സ്വദേശികളായ പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേംകുന്നന്‍ ഷഫീഖ് (30), നായിക്കത്ത് ഷറഫുദ്ദീന്‍ (29), നായിക്കത്ത് അബ്ദുല്‍ നാസര്‍ (എന്‍.കെ. നാസര്‍–36) എന്നിവരാണ് അറസ്റ്റിലായത്. ഷറഫുദ്ദീന്റെ പേരില്‍ മങ്കട, കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനുകളില്‍ മറ്റു കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പിടികിട്ടാനുള്ള അഞ്ചു പ്രതികള്‍ രാജ്യം വിടാതിരിക്കുന്നതിന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. പത്തുദിവസത്തിനകം എല്ലാവരെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നസീര്‍ ഹുസൈന്‍ ക്രൂരമായ മര്‍ദനമേറ്റ് മരിച്ചത്. പ്രദേശത്ത് തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ എത്തിയ നസീറിനെ പ്രതികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു കൊന്നു എന്നാണ് കേസ്. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായവരെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന സിഐ എ.എം.സിദ്ദീഖ് പറഞ്ഞു. രണ്ടു പ്രധാന പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഒന്‍പതു പ്രതികളാണ് ഇപ്പോഴുള്ളതെങ്കിലും തെളിവു ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ ആളുകളെ പ്രതിചേര്‍ത്തേക്കും. പ്രദേശത്ത് രാഷ്ട്രീയത്തര്‍ക്കങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും കൊലപാതകത്തിന് അതുമായി ബന്ധമുള്ളതായി സൂചനയില്ല.

സമീപവാസികളായ പ്രതികള്‍ നസീറിനെ കണ്ട വീടിന്റെ വാതില്‍ പുറത്തുനിന്നു പൂട്ടി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. സംഘംചേര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറി നസീറിനെ തല്ലിച്ചതയ്ക്കുകയായിരുന്നെന്നും സിഐ പറഞ്ഞു. മര്‍ദനമേറ്റു വീണ നസീറിന് വെള്ളം നല്‍കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ നാട്ടുകാരെ പ്രതികള്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളില്‍ രണ്ടുപേര്‍ വയനാട് വഴി കര്‍ണാടകയിലേക്കു കടന്നതായി സൂചനയുണ്ട്. അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് ജില്ലയിലും പുറത്തും അന്വേഷണം നടത്തുന്നുണ്ട്. സ്ത്രീയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളടക്കം ഏറെപ്പേര്‍ നിരീക്ഷണത്തിലാണ്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.