Latest News

ഇനി മുതൽ ഹെൽമെറ്റില്ലെങ്കിൽ പെട്രോളില്ല


തിരുവനന്തപുരം: [www.malabarflash.com] ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാർക്ക് ആഗസ്റ്റ് മുതൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് വിലക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരസഭാ പരിധികളിലെ പമ്പുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സംസ്ഥാനത്തെ പ്രമുഖ ഓയിൽ കമ്പനികളുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും നിർദേശം നടപ്പാക്കുന്ന കാര്യം എല്ലാ കമ്പനികളും ഉറപ്പുനൽകിയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹെൽമെറ്റ് ധരിക്കാത്തത് കാരണം അപകടങ്ങളിൽ മരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. അടുത്ത ഘട്ടത്തിൽ പദ്ധതി സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കും. കൂടുതൽ പരിശോധനകൾക്കായി പോലീസിന്റെ സഹായവും പ്രയോജനപ്പെടുത്തും. ഇക്കാര്യത്തിൽ ഡി.ജി.പിക്ക് കത്തെഴുതിയിട്ടുണ്ട്.
എല്ലാ പെട്രോൾ പമ്പുകളിലും പുതിയ നിയന്ത്രണം സംബന്ധിച്ച് ബോർഡ് പ്രദർശിപ്പിക്കും. ജൂലായ് ഒന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതെങ്കിലും ബോർഡ് സ്ഥാപിക്കലടക്കമുള്ള പ്രവർത്തികൾക്ക് പമ്പുടമകൾ സാവകാശം ആവശ്യപ്പെട്ടതിനാണ് ഇതിനായി ഒരു മാസം അനുവദിച്ചത്. മൂന്ന് നഗരസഭാ പരിധികളിലെ എല്ലാ പെട്രോൾ പമ്പുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ഇത് മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യും. പമ്പുകളിൽ ഹെൽമെറ്റില്ലാതെ എത്തി ഇന്ധനത്തിനായി പ്രശ്നമുണ്ടാക്കുന്നവരെ കയ്യോടെ പിടികൂടാനാണിത്. ഇതിന് പുറമേ പമ്പുകളിൽ നിന്ന് വിവരം ലഭിക്കുമ്പോൾ ഇടപെടുന്നതിന് എൻഫോഴ്സ്മെന്റ് വിഭാഗത്തെ ക്രമീകരിക്കും. ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് 100 രൂപ മുതല് 1000 രൂപ പിഴ ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഒന്നിൽ കൂടുതൽ പ്രാവശ്യം ലൈസൻസില്ലാതെ യാത്ര ചെയ്യുന്നവരുടെ ലൈസൻസ് റദ്ദാക്കാനും ആലോചിക്കുന്നുണ്ട്. കേന്ദ്രസർക്കാർ പുതുതായി വിഭാവനം ചെയ്യുന്ന റോഡ് സുരക്ഷാ ബില്ലിൽ ഹെൽമെറ്റ് രഹിത യാത്രക്കുള്ള പിഴ 2500 രൂപയാണ്.
സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരിൽ പകുതിയോളവും ബൈക്ക് യാത്രക്കാരാണെന്നാണ് കണക്ക്. 2015-ൽ സംസ്ഥാനത്ത് ആകെ 14482 ഇരുചക്രവാഹനാപകടങ്ങളിലായി മരിച്ചത് 1330 പേരാണ്. മരണം സംഭവിക്കുന്നതിൽ 80 ശതമാനവും തലച്ചോറിൽ എൽക്കുന്ന ക്ഷതം മൂലമാണ്. 2016 ൽ ഇതുവരെ 17000 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പതിനായിരത്തോളവും ഇരുചക്രവാനഹനങ്ങളുടേതാണ്.

Keywords: Helmet, Petrol, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.