Latest News

ഖുര്‍ആനെ അപമാനിച്ചു; എഎപി എംഎല്‍എ നരേഷ് യാദവിനെതിരെ പോലീസ് കേസ്‌


ന്യൂഡൽഹി: [www.malabarflash.com] ഖുർആനെ അപമാനിച്ചെന്ന കേസിൽ ആംആദ്മി പാർട്ടി എംഎൽഎ നരേഷ് യാദവിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. വർഗീയ സംഘർഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം ഖുർആനെ അപമാനിച്ചുവെന്നാണ് നരേഷ് യാദവിനെതിരായ പരാതി. ശനിയാഴ്ചയാണ് കേസ് റജിസ്റ്റർ ചെയ്തത്.
പഞ്ചാബിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേർകോട്‌ലയിൽ കീറിയെറിഞ്ഞ ഖുർആൻ പേജുകൾ കണ്ടെത്തിയത് ചെറിയ തോതിലുള്ള വർഗീയ സംഘർഷത്തിന് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ വിജയ് കുമാറാണ്, സംഭവത്തിൽ ദക്ഷിണ ഡല്‍ഹിയിൽനിന്നുള്ള എഎപി എംഎൽഎ നരേഷ് യാദവിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിന് നരേഷ് യാദവ് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തെന്നും വിജയ് പറഞ്ഞിരുന്നു.
പഞ്ചാബിൽ വർഗീയ സംഘർഷമുണ്ടാക്കി, 2017 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയായിരുന്നു നരേഷ് യാദവിന്റെ ലക്ഷ്യമെന്നാണ് പൊലീസ് കേസ്. വർഗീയ ചിന്തയുണർത്തി ആളുകളെ എഎപിക്ക് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമത്രേ. ഇന്ത്യൻ പീനൽ കോ‍‍ഡ് 109, 153-എ എന്നീ വകുപ്പുകൾ പ്രകാരം മതത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നതാണ് ഇയാൾക്കെതിരായ കേസ്.
അതേസമയം, എംഎൽഎയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആംആദ്മി പാർട്ടി വക്താവ് സഞ്ജയ് സിങ് ആരോപിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിലെത്താനിരിക്കെയാണ് എംഎൽഎയ്ക്കെതിരെ കേസ്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.