Latest News

'പെരുന്നാളുമ്മ'

The power to Love is
God's greatest gift to man,
For it never will be taken from the
Blessed one who loves.

-Kahlil Gibran

പെരുന്നാളാഘോഷത്തിന് ഒരുങ്ങിയോ എന്ന് ഉമ്മ ചോദിച്ചു...
 ഉമ്മ കൂടെയില്ലാതെ പെരുന്നാൾ പെരുന്നാളാകില്ലല്ലോ ഉമ്മാ എന്ന് ഞാൻ. ​​

പെരുന്നാളെന്നാൽ എനിക്ക് ഉമ്മയാണ്.
​കടലിനിക്കരെ​ ഉമ്മയെ ഒാർക്കാത്ത പെരുനാളില്ലെന്ന് മാത്രമല്ല, ഉമ്മയെ എപ്പോഴും ഒാർക്കുമെന്നതിനാൽ ​​മനസിലെന്നും പെരുന്നാളാണ്. നമ്മുടെയെല്ലാം ശരിക്കുമുള്ള പെരുന്നാളുകൾ മധുരമുള്ള ബാല്യകാലവുമായി ബന്ധപ്പെട്ടുള്ളതാണല്ലോ. എൻെറ ബാല്യകാലത്തെ ഒരേയൊരു ആശ്രയം ഉമ്മയായിരുന്നു. എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ ഉപ്പയെ നഷ്ടമായി. പിന്നീടെല്ലാം ഉമ്മയായിരുന്നു. ഉമ്മയില്ലാത്ത പെരുന്നാളില്ല. ജീവിതം പോലുമില്ലായിരുന്നു.
​നോമ്പു കഴിഞ്ഞുള്ള പെരുന്നാളാണ് പെരുന്നാൾ. 

പേര് ചെറിയ പെരുന്നാളാണെങ്കിലും ഞങ്ങൾ, കുട്ടികളെ സംബന്ധിച്ചിടത്തോളം അതാണ് 'ബല്യ പെരുന്നാൾ'. (പിന്നീടാണ് മനസ്സിലായത്, ബലി പെരുനാൾ അങ്ങനെ അറിയപ്പെടുന്നതിനാൽ ആരോ
​അതിനെ 'ബല്യ പെരുന്നാളും' ​ഇൗദുൽ ഫിത്റിനെ ​'​ചെറിയ പെരുന്നാ​ളു'മാ​ക്കിയതാണെന്ന്).

 ​പടക്കം പൊട്ടിക്ക​ലാണ് ചെറിയ പെരുന്നാളിൻെറ ഏറ്റവും വലിയ ആകർഷണം. പത്ത് മുപ്പത് വർഷം മുമ്പ്. അന്ന് നൂറ്​ രൂപയ്ക്കൊക്കെ
​ കൈ​ നിറയെ പടക്കം കിട്ടുമായിരുന്നു.​ കാസർകോട് നഗരത്തിലെ​ എയർലൈൻസിനടുത്തെ കടയിൽ നിന്ന് മൂത്ത ജ്യേഷ്ഠനാണ് ​രാത്രിയോടെ ​പടക്കങ്ങൾ വാങ്ങി വ​രിക. പ്രധാന എെറ്റം റോക്കറ്റ്. പിന്നെ മാലപ്പടക്കം. ഒാലപ്പടക്കം. പൂത്തിരി, കമ്പിത്തിരി, ഗുണ്ട്.. അങ്ങനെ പോകും. സ്രാമ്പിപ്പള്ളിയിൽ നിന്ന് ഹസൻ മുക്രിച്ചയുടെ ചിലമ്പിച്ച സ്വരം തക്ബീറായി പുറത്തുവന്നാൽ പിന്നെ പെരുന്നാളായി. കിട്ടേട്ടൻെറ വീട്ടീന്ന് രവിയും രമേശനും,  ​കാർത്ത്യാണി അക്കേടെ മനു, രാഘു, ​കൃഷ്ണേട്ടൻെറ താജു, ആയർച്ചാൻെറെ ബഷീർ എന്നിവരൊക്കെ പടക്കം പൊട്ടിക്കൽ വിദഗ്ധരാണ്. അവരൊക്കെ ​ഞങ്ങളുടെ ​തറവാട്ടു വീട്ടിന് മുൻപിലുള്ള സിമൻറ് തിട്ടയിലും ​കാവിലിന്​ മുൻപിലെ അടച്ച കടയുടെ സീറ്റിലും അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരിക്കും. അയൽപക്കത്ത് നിന്ന് ബിബിഞ്ഞാൻെറ ഔക്കറും ഇലക്ട്രീഷ്യൻ സു​ലീ​മാനും അവരുടെ പടക്കം പൊട്ടിച്ചു തുടങ്ങാൻ കാത്തു നിൽക്കും.
പെരുന്നാളുറപ്പായാൽ പിന്നെ നാലു ഭാഗത്ത് നിന്ന് പഠ പഠാ പൊട്ടുകയായി. ​ മാലപ്പടക്കത്തിനാണ് ആദ്യം തീ കൊളുത്തുക. അതാണ് അതിൻെറ ഒരിത്. മാലപ്പടക്കം കത്തിത്തീരാനുള്ള സമയം എത്രയെടുക്കുന്നു എന്നതിനനുസരിച്ചാണ് ആരുടെ പടക്കമാണ് കേമം എന്ന് തീരുമാനിക്കുക. പലപ്പോഴും സുലൈമാനാണ് കേമത്വം. അവൻ ഒറ്റമകനാണ്. ഉപ്പയുടെയും ഉമ്മയുടെയും പിരിശക്കട്ട. അവന് ​അവന്‍റുപ്പ ഉമ്പുച്ച എത്ര പടക്കം
​ വേണേലും​ വാങ്ങിക്കൊടുക്കും.

കാവിലില്‍ ​പടക്കം പൊട്ടിക്കുന്നത് കാണാൻ അയൽപക്കത്തെ സ്ത്രീകളും കുട്ടികളും നിരനിരയായി നിൽക്കും.
​അടുക്കളയിലെ തിരക്കിനിടയിലും വന്ന്ഉമ്മയും അയൽപക്കത്തെ സ്ത്രീകളും ​മറ്റും ​​മുറ്റത്തേയ്ക്ക് കണ്ണുംനട്ടിരിക്കും. 
ശൂന്ന് കുത്തനെ പോകുന്ന റോക്കറ്റ് കാണാൻ നല്ല ചേലെങ്കിലും അപകട കാരികൂടിയാണ്.​ ​
​അയൽപക്കത്തെ വീടുകളിൽ പതിക്കാതെ നോക്കണേ എന്ന് ഉമ്മ ഇടയ്ക്കിടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. ​ആർക്കും പടക്കം പൊട്ടിക്കുന്നത് കാണാൻ പേടിയില്ല. ചിമ്മിണിക്കൂടിൽ നിന്ന് തിരികൊളുത്തി ​ ബോംബു പോലെ ഉരുണ്ട ഗുണ്ടും​ ഒാലപ്പടക്ക​വുമൊക്കെ​ വലിച്ചെറിയുന്ന രവിയും ബഷീറും താജുവുമൊക്കെ തന്നെ ഹീറോമാർ. ഞാനത് അത്ഭുതത്തോടെയും അസൂയയോടെയും നോക്കിനിൽക്കും.

പടക്കം പൊട്ടിക്കഴിഞ്ഞാൽ, ഉമ്മ ഇൗത്തപ്പ​ഴ​ അപ്പം, കടല ​പരിപ്പ് പൊരിച്ചത് പിന്നെ പഴം പൊരി എന്നിവ ചൂടോ​ടെ​ പ്ലേറ്റിൽ കൊണ്ടുവന്ന് വയ്ക്കും. നാല് ഭാഗത്ത് നിന്ന് കൈ വീഴുമ്പോൾ പ്ലേറ്റും ചായ ഗ്ലാസും കാലി. കുറച്ച് പടക്കം
​ആദ്യമേ മാറ്റിവയ്ക്കും.അത് ഉമ്മയുടെ കർശന നിര്‍ദേശമാണ്.. പിറ്റേന്ന് (പെരുനാള്‍ ദിവസം) വൈകിട്ട് പെങ്ങന്മാരും കുട്ടികളും വരുമ്പോൾ അവർക്ക് പൊട്ടിക്കാനുള്ളതാണ്.
അതു കൊതിച്ചിട്ട് ഫലമില്ലെന്നതിനാൽ, ​രാവിലെ എണീറ്റ് മുറ്റത്തേയ്ക്ക് ഒാടും. മുറ്റം അടിച്ചുവാരുന്നതിന് മുൻപ് കത്താതെ കിടക്കുന്ന മുളക്, ഒാലപ്പടക്കം സ്വന്തമാക്കുകയാണ് ലക്ഷ്യം. അത് സൂക്ഷിച്ച് വച്ച്
​ രാത്രി പൊട്ടിക്കും. 

രാവിലെ വേഗം കുളിച്ച് പുത്തൻ വസ്ത്രങ്ങളണിയും.
​പാൻറ്സും ഷേർട്ടും. പിന്നെ, പുതിയ തൂവാലയുമുണ്ടായിരിക്കും. ചിലപ്പോൾ ഷഡ്ഡിയും. തുറക്കുമ്പോള്‍ കരകര ഒച്ചയുണ്ടാക്കുന്ന തൻെറ മരക്കപ്പാട്ടിൽ സൂക്ഷിച്ചുവച്ച അത്തറ് ​ഉമ്മ ​പൂശിത്തരും.
ഉമ്മയ്ക്കത് നിർബന്ധം.​ ഹൗ,
​അതിന് ഉമ്മയുടെ സ്നേഹത്തിൻെറ മണം കൂടിയുണ്ട്!
പഴംപൊരിയും ഇൗത്തപ്പഴം പൊരിച്ചതുമൊക്കെ ഒരിക്കൽ കൂടി അകത്താക്കി നേരെ ഉമ്മയെ സമീപിക്കും. ഉമ്മയ്ക്ക് കാര്യം മനസിലാകും. പെരുന്നാൾ കൈനീട്ടം. അത് ഉമ്മയുടെ അടുത്തു നിന്ന് തന്നെ.
​അഞ്ചോ, ​പത്തോ രൂപയുടെ ​ബാങ്കുമണം മാറാത്ത കറൻസി ഉമ്മ എടുത്തുവച്ചിരിക്കും. അതും കീശയിലിട്ട്, ​ഇടയ്ക്കിടെ ഭദ്രമായുണ്ടെന്ന് ഉറപ്പുവരുത്തി ​നേരെ പള്ളിയിലേക്ക്......

സ്രാമ്പിപ്പള്ളിയിൽ അപ്പോഴേയ്ക്കും ആളുകളെത്തി തക്ബീർ ചൊല്ലിത്തുടങ്ങിയിരിക്കും. എല്ലാവരും പുത്തൻ വസ്ത്രമണിഞ്ഞവർ. ആരുടേതാണ് അടിപൊളി ഡ്രസ്സ് എന്ന് എല്ലാവരും വിലയിരുത്തും. പുത്തൻ വസ്ത്രമണിഞ്ഞ് ആദ്യം ആളുകളുടെ മുമ്പിൽ നിൽക്കാൻ എനിക്ക് എന്തോ നാണമായിരുന്നു.​
​ ​
ഹസൻ മുക്രിച്ചയും പുതിയ വസ്ത്രമണിഞ്ഞ് ഉഷാറായിരിക്കും. എങ്കിലും പെരുന്നാ പ്രാർഥനയ്ക്ക് ദൈർഘ്യമേറിയാൽ കുട്ടികൾക്കും ചിലപ്പോൾ അദ്ദേഹത്തിനും അരിശം വരും. അദ്ദേഹമത് മുഖമടച്ച് പ്രകടിപ്പിക്കുകയും ചെയ്യും. 

പ്രാർഥന കഴിഞ്ഞിറങ്ങുമ്പോൾ പുറത്ത് മുസല്ല വിരിച്ചിരിക്കും. അതിൽ വീഴുന്നതെല്ലാം മുക്രിച്ചയ്ക്കായിരിക്കും. വളരെ തുച്ഛമായ ശമ്പളത്തിന് സേവനമനുഷ്ഠിക്കുന്ന ആ പാവത്തിന് അന്ന് കിട്ടുന്നത് ശരിക്കും ബോണസാണ്. അന്ന് എല്ലാവരും മനസറിഞ്ഞ് എന്തെങ്കിലും നൽകും. ഞാൻ അഭിമാനം കാക്കാൻ വേണ്ടി, ഉമ്മ തന്ന പുത്തൻ നോട്ട് ഇത്തിരി വിഷമത്തോടെയാണെങ്കിലും അതിലിടും. അതുകണ്ട് മുസല്ലയ്ക്ക് കാവൽ നിൽക്കുന്നയാൾ സന്തോഷത്തോടെ നോക്കും. ​

പള്ളിയിൽ പോകുന്ന വഴിയും വരുന്ന വഴിയും രണ്ടായാൽ നല്ലതാണത്രെ. ​പോരുമ്പോൾ അടുപ്പമുള്ളവരുടെയെന്നല്ല, എല്ലാ വീടുകളും കയറിയിറങ്ങും. സർബത്തും ചായയും എണ്ണപ്പലഹാരങ്ങളും. മിക്കയിടത്തും പലഹാരങ്ങൾ ഒന്നു തന്നെ. അപൂർവം ചിലയിടത്ത് നിന്ന് കൈനീട്ടവും കിട്ടും. ഒടുവിൽ വീർത്ത വയറുമായി വീട്ടിൽ തിരിച്ചെത്തിയാൽ മരത്തിൽ ഡിസൈൻ ചെയ്തുണ്ടാക്കിയ ചാരുബെഞ്ചിൽ വിശാലമായി ഇരിക്കണം. ഇതൊക്കെ ദഹിപ്പിച്ചുവേണം ഉച്ചക്കത്തെ സ്പെഷ്യൽ ഉൗണിനിരിക്കാൻ. 

ഉച്ചയ്ക്ക് പന്ത്രണ്ടോടെ തന്നെ നെയ്ച്ചോറും കോഴിക്കറിയും കോഴി പൊരിച്ച
​തും പയറും ഒക്കെയുള്ള ഉച്ച ഭക്ഷണം തയ്യാർ. അതുകഴിക്കാതെ എവിടേയ്ക്കും പോകാൻ ഉമ്മ സമ്മതിക്കില്ല. ഉച്ചയൂണ് കഴിക്കാൻ പുറത്തുനിന്നുള്ളവരാരെങ്കിലും ഉണ്ടാകും. ​
​പുറപ്പെടാൻ നിൽക്കുമ്പോൾ ഉമ്മ വിളിക്കും. ഹസൻമുക്രിച്ചായ്ക്ക് പൈസ കൊടുത്തില്ലേ? ഉമ്മ ചോദിക്കും. കൊടുത്തു. അപ്പോൾ ഉമ്മ മടിയിൽ ചുരുട്ടി വച്ച നോട്ടെടുത്ത് തരും. ​

​നേരെ ബസ് കയറി പെങ്ങന്മാരുടെ വീട്ടിലേയ്ക്ക്. അവിടെ നിന്ന് പെട്ടെന്ന് ഇറങ്ങാൻ പറ്റിയാൽ മാറ്റിനി കാണാം. മിലനിലും ഗീതയിലും കൃഷ്ണയിലുമൊക്കെ പെരുന്നാൾ പ്രമാണിച്ച് അടിപൊളി പടം വന്നിട്ടുണ്ട്. ​ടിക്കറ്റ് കിട്ടുമോ എന്തോ! ബ്ലാക്കിലെങ്കിലും കിട്ടിയാൽ മതിയായിരുന്നു. 

പെരുന്നാൾ സ്വാതന്ത്ര്യ‌ദിനം കൂടിയാണ്. സിനിമ കാണാം. കൂട്ടുകാരോടൊത്ത് കറങ്ങാം, പുറത്ത് നിന്ന് ഇഷ്ടമുള്ളത് വാങ്ങി കഴിക്കാം.. പെങ്ങന്മാർ തരുന്ന കൈമടക്കും വാങ്ങി തിയറ്ററിലേയ്ക്ക് ഒാടുമ്പോൾ സമ്മേളനത്തിനുള്ള ആളുകൾ. നേരത്തെ ഏർപ്പാടാക്കിയ കൂട്ടുകാർ ആരെങ്കിലും ക്യൂവിൽ ഉണ്ടായിരിക്കും. ഒന്നും പറയേണ്ട. അന്നു കാണുന്ന സിനിമ ലോകത്തെ ഏത് മികച്ച സിനിമയേക്കാളും ഹരം പകരും.
​സിനിമ കണ്ട് വീട്ടിലേയ്ക്ക് തിരിച്ചുപോകുമ്പോൾ നേരം ഇരുട്ടിയിരിക്കും. 

കാനറയിൽ ചെന്ന് ഫ്രൂട് സലാഡും കഴിച്ച് ബസ് കയറി രാത്രി ഇത്തിരി വൈകി വീണ്ടും താവളത്തിലേയ്ക്ക്. അപ്പോഴേയ്ക്കും പെങ്ങന്മാർ തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരിക്കും. കാത്തുവച്ച പടക്കം പെട്ടെന്ന് പൊട്ടിക്കൂ... കുട്ടികളെല്ലാം അക്ഷമരാണ്. അവർക്കെല്ലാം ഉമ്മ കൈനീട്ടം കൊടുത്തിരിക്കും. പ്രായത്തിനനുസരിച്ച് അതിൻെറ മൂല്യം കൂടിയും കുറഞ്ഞുമിരിക്കും. 

രാത്രി ഭക്ഷണവും കഴിഞ്ഞ് അവർ പോയിക്കഴിഞ്ഞാൽ പിന്നെയുള്ള ശൂന്യതയാണ് അസഹനീയം. കളിയാട്ടം കഴിഞ്ഞ ഭഗവതീ ക്ഷേത്രമുറ്റം പോലെ ആകെ ഒരു മൂകത. എന്തെല്ലാമോ ഒാർത്ത് തറവാട്ട് പൂമുഖത്തെ ചുവന്ന സിമൻറ് തിട്ടയിൽ മലർന്നു കിടക്കും, ഞാൻ. അപ്പോൾ ഉമ്മ അടുത്തുവന്നിരുന്ന് നാട്ടുവിശേഷങ്ങൾ പറഞ്ഞുതുടങ്ങും. അതു കേട്ട് മൂളിക്കൊണ്ട് അങ്ങനെ കിടക്കുമ്പോൾ, ഒാർക്കുക ഉമ്മയെ കുറിച്ചായിരിക്കാം. പാവം ഉമ്മയ്ക്ക് ഇതൊക്കെയാണല്ലോ പെരുന്നാൾ! 

പടിഞ്ഞാറ് നിന്ന് വീശുന്ന തണുത്ത കാറ്റ് തെങ്ങോലകളെ തലോടി വന്ന് കുളിരുകോരും.​ അറിയാതെ കണ്ണുകളടച്ചുപോകും. പിന്നെ, ഏതോ മനോഹര സ്വപ്നങ്ങളോടൊപ്പം പറന്നുപോവുകയായി.
ജീവിത സാഹചര്യങ്ങളുടെ സമ്മർദം നാട്ടു ജീവിതത്തിൻെറ വേരറുത്തു, മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ടു. എന്തു പറഞ്ഞാലും ഇവിടുത്തെ ചൂടിന് നാട്ടിലേതിനേക്കാൾ പൊള്ളലേറെയാണ്. ഉമ്മയോടൊത്തുള്ള ആ പെരുന്നാളുകളാണ് യഥാർഥ പെരുന്നാളെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു. ​തറവാട് വീടു ഒാർമയായെങ്കിലും, ഇപ്രാവശ്യം ഉമ്മയോടൊപ്പം പെരുന്നാൾ കൂടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, സാധിക്കില്ല. 

കഴിഞ്ഞ ദിവസം ഫോൺ വിളിച്ചപ്പോ​ൾ​ ​എന്നാണ് വരുന്നതെന്ന് ​ഉമ്മ ​ചോദിച്ചു. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത നല്ല നാളുകളാണ് നഷ്ടമാകുന്നത്. അതിങ്ങനെ ഒാർമകളിലൂടെയെങ്കിലും വീണ്ടെടുക്കാനുള്ള എളിയ ശ്രമം.
എപ്പോഴും തലതാഴ്ത്തി മൗനവ്രതമനുഷ്ഠിക്കുന്ന പുതു തലമുറയ്ക്ക് ഒരു പക്ഷേ, ഇപ്പറഞ്ഞതൊക്കെ കേൾക്കാനും വായിക്കാനും താത്പര്യമില്ലായിരിക്കാം. നിഷ്കളങ്കരായ മനുഷ്യർ ജീവിച്ചിരുന്ന പോയ നല്ല കാലത്തിൻെറ സുഗന്ധം ആസ്വദിക്കാൻ ഭാഗ്യം കിട്ടാത്തവർ. അവരോട് സഹതാപം മാത്രമേയുള്ളൂ. ​ഇൗ 'പെരുന്നാളുമ്മ' അവർക്ക് സമർപ്പിക്കുന്നു......
​-സാദിഖ് കാവിൽ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.