Latest News

മൊബൈല്‍ സേവന തടസം: സര്‍വത്ര ദുരൂഹത; ട്രായിയെ മറികടക്കാനുള്ള കുറുക്കുവഴി പണിയായെന്നു സൂചന


കൊച്ചി: [www.malabarflash.com] ടെലികോം കമ്പനികള്‍ക്കു നിയന്ത്രണം കൊണ്ടുവരാന്‍ ടെലികോം റെഗുലേറ്ററി അേഥാറിറ്റി ഓഫ്‌ ഇന്ത്യ (ട്രായ്‌) സംവിധാനമൊരുക്കിയതിനു തൊട്ടുപിന്നാലെ മുന്‍നിര സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ പണിമുടക്കിയതിനു പിന്നില്‍ ദുരൂഹത. ആപ്ലിക്കേഷനെ മറികടക്കാന്‍ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുമ്പോഴാണ്‌ തടസങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നാണ്‌ ഈ രംഗത്തെ വിദഗ്‌ധര്‍ നല്‍കുന്ന വിവരം. പുതിയ സാങ്കേതികവിദ്യയിലേക്കു മാറുമ്പോള്‍ ഇത്തരം തടസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. സാധാരണയായി മൊബൈല്‍ സ്വിച്ചിങ്‌ സെന്ററുകളിലാണ്‌ പുതിയ സോഫ്‌റ്റ്‌വേര്‍ സ്‌ഥാപിക്കുന്നത്‌. ഹയര്‍ നെറ്റ്‌വര്‍ക്ക്‌ എലമെന്റ്‌ എന്നറിയപ്പെടുന്ന മൊബൈല്‍ സ്വിച്ചിങ്‌ സംവിധാനം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമാനമാണ്‌. പുതിയ സോഫ്‌റ്റ്‌വേര്‍ (പാച്ചിങ്‌) ചെയ്യുമ്പോള്‍ മാത്രമാണ്‌ ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങള്‍ നീണ്ടുനില്‍ക്കുന്നത്‌. ഫൈബര്‍ ഒപ്‌ടിക്കല്‍ കേബിളിലെ തകരാറാണെങ്കില്‍ വേഗത്തില്‍ ശരിയാകുമെന്നും ഈ രംഗത്തെ വിദഗ്‌ധന്‍ മംഗളത്തോടു പറഞ്ഞു. പല മുന്‍നിര മൊബൈല്‍ സേവനദാതാക്കളുടെയും സേവനം ഇന്നലെയും തടസപ്പെട്ടു. ഫോണുകളില്‍ ഇന്റര്‍നെറ്റ്‌ ഡേറ്റ സ്‌പീഡ്‌ നിരീക്ഷിക്കാനും അതിന്റെ അടിസ്‌ഥാനത്തില്‍ പരാതി നല്‍കാനും സഹായിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷനാണ്‌ ട്രായ്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്‌. മൈസ്‌പീഡ്‌ എന്നു പേരിട്ട ആപ്പ്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാമെന്നു പരസ്യപ്പെടുത്തിയതിനു പിന്നാലെയാണ്‌ ഐഡിയ, എയര്‍ടെല്‍, വോഡാഫോണ്‍ കണക്‌ഷനുകള്‍ക്ക്‌ തടസം നേരിട്ടത്‌. ഐഡിയ പൂര്‍ണമായും തടസപ്പെട്ടപ്പോള്‍ എയര്‍ടെല്‍, വോഡാഫോണ്‍ കണക്‌ഷനുകള്‍ ഭാഗികമായാണു പണിമുടക്കിയത്‌. കമ്പനികളുടെ അവകാശവാദവും യഥാര്‍ഥത്തില്‍ ഉപയോക്‌താവിന്‌ ലഭിക്കുന്ന ഡേറ്റാ സ്‌പീഡും തമ്മില്‍ വലിയ അന്തരമുണ്ടെന്ന പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ്‌ കമ്പനികളുടെ തട്ടിപ്പ്‌ പിടിക്കാനുള്ള സംവിധാനവുമായി ട്രായ്‌ രംഗത്തുവന്നത്‌. ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ ഈടാക്കുന്ന തുകയിലും വന്‍ അന്തരമുണ്ട്‌. സ്വകാര്യ കമ്പനികള്‍ ഒരു ജിബി 3ജി ഡേറ്റയ്‌ക്ക്‌ 249 രൂപയാണ്‌ ഈടാക്കുന്നത്‌. ഇതേ സേവനത്തിന്‌ ബി.എസ്‌.എന്‍.എല്‍. ഈടാക്കുന്നത്‌ 139 രൂപ. ഒരേ സേവനത്തിന്‌ വ്യത്യസ്‌ത നിരക്ക്‌ ഈടാക്കുന്നതിനെതിരേയും പരാതികള്‍ വ്യാപകമാണ്‌. സാങ്കേതികത്തകരാര്‍ മൂലം ഫോണ്‍വിളി മുറിഞ്ഞ്‌ സംസാരം തടസപ്പെടുന്നതു നിത്യസംഭവമാണ്‌. ഇത്‌ ഉപയോക്‌താക്കള്‍ക്കു വന്‍ നഷ്‌ടമാണ്‌ ഉണ്ടാക്കുന്നത്‌. തിരക്കുള്ള സമയങ്ങളില്‍ ഫോണ്‍ ബന്ധം മുറിയുന്നതു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കമ്പനികള്‍ക്കെതിരേ നടപടി എടുക്കാന്‍ ട്രായ്‌ തീരുമാനിച്ചിരുന്നു. ഉപയോക്‌താക്കളെ ചൂഷണം ചെയ്യാന്‍ കമ്പനികള്‍ കണ്ടെത്തിയ മാര്‍ഗമാണ്‌ കോള്‍ ഡ്രോപ്‌. ഫോണ്‍ വിളി മുറിഞ്ഞാല്‍ ഉപയോക്‌താക്കള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന നിര്‍ദേശത്തെ സ്വകാര്യ സേവനദാതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. ബി.എസ്‌.എന്‍.എല്ലും അവര്‍ക്കു കൂട്ടുനിന്നു. ഓരോ ടെലികോം കമ്പനിയും എത്ര ഉപയോക്‌താക്കളെ വഹിക്കാനുള്ള അടിസ്‌ഥാന ശേഷിയുണ്ടെന്ന്‌ പരസ്യപ്പെടുത്തണമെന്നു സര്‍ക്കാരും ട്രായിയും ചേര്‍ന്ന്‌ ടെലികോം കമ്പനികളോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്‌ പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഇന്ത്യയില്‍ നൂറു കോടി മൊബൈല്‍ കണക്‌ഷനുകളുണ്ടെന്നാണ്‌ ട്രായിയുടെ കണക്ക്‌. ഉപയോക്‌താക്കളുടെ എണ്ണം കൂടിയതോടെ കമ്പനികളുടെ അടിസ്‌ഥാനശേഷി കുറഞ്ഞു. കഴിഞ്ഞ ദിവസം ഐഡിയ പൂര്‍ണമായും തകരാറിലായത്‌ കേരളത്തിലെ പ്രധാന ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിഞ്ഞതിനാലാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

മിഥുന്‍ പുല്ലുവഴി

കടപ്പാട്: mangalam.com

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.