Latest News

കാര്‍ മറിഞ്ഞ്‌ വീടിന്റെ ഷീറ്റ്‌ തകര്‍ന്നു; പരിക്കേറ്റവര്‍ ആശുപത്രിയില്‍ നിന്ന്‌ രക്ഷപ്പെട്ടു


കുമ്പള: [www.malabarflash.com]കുപ്രസിദ്ധ കവര്‍ച്ചക്കാരനും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി വീടിന്‌ മുകളിലേക്ക്‌ മറിഞ്ഞു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ച സംഘത്തലവന്‍ അടക്കമുള്ള രണ്ട്‌ പേര്‍ പോലീസിന്‌ പിടികൊടുക്കാതെ ആശുപത്രിയില്‍ നിന്ന്‌ രക്ഷപ്പെട്ടു. മൂന്നുപേര്‍ അപകട സ്ഥലത്ത്‌ വെച്ചും രക്ഷപ്പെട്ടു. മറ്റൊരാള്‍ പരിക്കേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ കുമ്പള ബദിയഡുക്ക റോഡില്‍ ശാന്തിപ്പള്ള വളവില്‍ എക്‌സൈസ്‌ ഓഫീസിന്‌ സമീപത്താണ്‌ അപകടം. ഹാരിസ്‌ എന്നയാളുടെ വീടിന്‌ മുകളിലാണ്‌ കാഞ്ഞങ്ങാട്‌ ആര്‍ ടി ഒ ഓഫീസ്‌ രജിസ്‌ട്രേഷനിലുള്ള കാര്‍ വീണത്‌. കോണ്‍ക്രീറ്റ്‌ വീടിന്റെ മുന്‍വശത്തെ വരാന്ത ഷീറ്റ്‌ മേഞ്ഞതാണ്‌. ഇതിന്‌ മുകളിലേക്ക്‌ കാര്‍ വീഴുകയും ഷീറ്റ്‌ തകരുകയും ചെയ്‌തു. ശബ്‌ദം കേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്ന്‌ ലൈറ്റിട്ടപ്പോള്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന്‌ മൂന്നുപേര്‍ ഇറങ്ങിയോടി. പരിക്കേല്‍ക്കുകയും കാറിനകത്ത്‌ കുടുങ്ങുകയും ചെയ്‌ത മൂന്നുപേരെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ്‌ പുറത്തെടുത്തത്‌. മൂവരെയും കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരും ആശുപത്രിയില്‍ പേരു വിവരം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതോടെ സംശയം തോന്നി. വിവരമറിഞ്ഞ്‌ പോലീസ്‌ എത്താന്‍ സാധ്യതയുണ്ടെന്ന്‌ മനസ്സിലാക്കിയ രണ്ടുപേര്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു. അഡീഷണല്‍ എസ്‌ ഐ കൃഷ്‌ണന്റെ നേതൃത്വത്തില്‍ പോലീസ്‌ എത്തുമ്പോള്‍ ബിജു എന്നയാള്‍ മാത്രമാണ്‌ ആശുപത്രിയില്‍ ഉണ്ടായിരുന്നത്‌. ഇയാളില്‍ നിന്നാണ്‌ രക്ഷപ്പെട്ടവരുടെ വിവരം പോലീസിന്‌ ലഭിച്ചത്‌. പരിക്ക്‌ സാരമായതിനാല്‍ ഇയാളെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. കാറില്‍ നിന്ന്‌ ലഭിച്ച ആര്‍ സി ഉടമസ്ഥന്റെ ഫോണ്‍ നമ്പറില്‍ പോലീസ്‌ ബന്ധപ്പെട്ടു. കാഞ്ഞങ്ങാട്‌ സ്വദേശിയാണെന്നും കല്ല്യാണത്തിന്‌ പോകാനാണെന്നു പറഞ്ഞാണ്‌ താന്റെ കാര്‍ വാടകയ്‌ക്ക്‌ സംഘം കൊണ്ടുപോയതെന്നും ഇയാള്‍ പറഞ്ഞതായി പോലീസ്‌ പറഞ്ഞു. അതേസമയം കാറില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ നിരവധി കേസുകളില്‍ പ്രതിയായ ഒരാളാണെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ടെന്നു പോലീസ്‌ പറഞ്ഞു. അസമയത്ത്‌ കാറില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ആരാണെന്നും സംഘത്തിന്റെ ലക്ഷ്യം എന്താണെന്നു അന്വേഷിച്ചുവരികയാണെന്നും പൊലീസ്‌ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.