കാസര്‍കോട് [www.malabarflash.com]: തളങ്കരയില്‍ അനധികൃത മണല്‍കടത്ത് പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ മണല്‍ കടത്ത് സംഘത്തിന്റെ അക്രമം. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ തളങ്കര പടിഞ്ഞാര്‍ പുഴയോരത്താണ് സംഭവം.
കാസര്‍കോട് തീരദേശ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ നീലേശ്വരം ചായ്യോത്തെ വി.കെ രഞ്ജിത്(34), കാഞ്ഞങ്ങാട് കിഴക്കുംകരയിലെ രതീഷ് ചന്ദ്രന്‍(37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളങ്കര പടിഞ്ഞാര്‍ പുഴയില്‍ വ്യാപകമായി മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധനക്കെത്തിയതായിരുന്നു പോലീസ് സംഘം. അഞ്ച് തോണികളിലായി മണല്‍ ശേഖരിക്കുകയായിരുന്ന 20 അംഗ സംഘമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. കടത്ത് തോണി പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘം പോലീസിനെ അക്രമിക്കുകയായിരുന്നു. പങ്കായം കൊണ്ട് അടിച്ച് തന്നെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.
രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രതീഷിന് മര്‍ദ്ദനമേറ്റത്. നീന്തി രക്ഷപ്പെട്ട ഇരുവരും തീരദേശ പോലീസ് സ്‌റ്റേഷനിലെത്തി മറ്റു പോലീസുകാരെ വിവരമറിയിക്കുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു. നരഹത്യാശ്രമം, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment