Latest News

പാര്‍ട്ടി സംവിധാനം അടിമുടി മാറണമെന്ന് മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം


കോഴിക്കോട്: [www.malabarflash.com]ഭരണ വിരുദ്ധ വികാരത്തിന്റെ പേര് പറഞ്ഞ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വോട്ടുചോര്‍ച്ചയെ നിസാര വത്കരിക്കരിക്കരുതെന്ന് മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സംവിധാനം അടിമുടി മാറണമെന്ന് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ ആവശ്യമുയര്‍ന്നു. അതേ സമയം തിരുവമ്പാടി കൊടുവള്ളി മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയാണെന്ന് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫിലെ അനൈക്യവും സംഘടനപരമായ വീഴ്ചകളും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതായി അന്വേഷണ സമിതി റിപ്പോര്‍ട്ടുകള്‍ അടിവരയിട്ടു പറയുന്നു.
ലീഗ് പ്രവര്‍ത്തക സമിതിയില്‍ ആകെ നാലു റിപ്പോര്‍ട്ടുകളാണ് അവതരിപ്പിച്ചത്. പി കെ കെ ബാവ, കുട്ടി അഹമ്മദ് കുട്ടി, കെ എന്‍ എ ഖാദര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചപ്പോള്‍ ദേശീയ രാഷ്ട്രീയം സംബന്ധിച്ച റിപ്പോര്‍ട്ട് ഇ ടി മുഹമ്മദ് ബഷീറും അവതരിപ്പിച്ചു. യുഡിഎഫിലെ അനൈക്യം, സമുദായ സംഘടനകള്‍ ഇടത്തോട്ട് ചാഞ്ഞത്, ബിജെപി വിരുദ്ധമായ ന്യൂനപക്ഷ വോട്ടുകള്‍ സിപിഐഎമ്മിലേക്ക് ഒഴുകിയത് തടയാനാകെ പോയത് തുടങ്ങിയ കാര്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകളിലെ കണ്ടെത്തല്‍. തിരുവമ്പാടി കൊടുവള്ളി എന്നിവിടങ്ങളില്‍ തോല്‍വിയിലേക്ക് നയിച്ചതിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത കാരണമായി. സിറ്റിംഗ് എംഎല്‍എ മാരെ മാറ്റിയത് തെറ്റായ സന്ദേശം നല്‍കി. കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണമായും കിട്ടിയില്ല.
ലീഗ് കേന്ദ്രങ്ങളില്‍ വ്യാപകമായി വോട്ടു ചോര്‍ച്ചയുണ്ടായതായി വിലയിരുത്തിയ റിപ്പേര്‍ട്ടില്‍ പക്ഷേ ഏതെങ്കിലും നേതാവിന്റെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ല. മലപ്പുറം ജില്ലയില്‍ യുഡിഎഫിലെ അനൈക്യത്തിനൊപ്പം ലീഗിലെ പ്രാദേശിക വിഭാഗീയതയും തിരിച്ചടിക്ക് കാരണമായതായി റിപ്പോര്‍ട്ടുകളില്‍ വിലയിരുത്തുന്നു. അതേ സമയം പാര്‍ട്ടി സംവിധാനം അടിമുടി മാറണമെന്നായിരുന്നു ആദ്യദിനം ചര്‍ച്ചയില്‍ പങ്കെടുത്ത 22 പേരില്‍ ഭൂരിഭാഗത്തിന്റെയും നിര്‍ദേശം. 18 സീറ്റുകള്‍ സാങ്കേതികമായി കിട്ടിയെങ്കിലും വോട്ടു ചോര്‍ച്ചയെ ഗൗരവകരമായി കാണണം. ഭരണവിരുദ്ധ വികാരമുണ്ടായെന്ന് പറഞ്ഞ് നേതൃത്വം നിസാര വത്കരിക്കരുതെന്ന മുന്നറിയിപ്പും ചര്‍ച്ചയിലുണ്ടായി. തന്റെ ഭൂരിപക്ഷം കുറയാന്‍ നിലവിളക്ക് വിവാദം കാരണമായതായി പി കെ അബ്ദുറബ് ചര്‍ച്ചയില്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തിന്റെ അവസാന കാലത്ത് ഉണ്ടായ അഴിമതി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതായും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സിപിഐഎം പുലര്‍ത്തിയ രാഷ്ട്രീയ തന്ത്രങ്ങളെ മറികടക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ലീഗിനായില്ലെന്നും ചര്‍ച്ചയില്‍ വിലയിരുത്തലുണ്ടായി.

Keywords: Muslim League, Party, Meeting, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.